ന്യൂദല്‍ഹി: കഠ്വയില്‍ എട്ടു വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാജ വാര്‍ത്തയുമായി സംഘപരിവാര്‍ അനുകൂല ദിനപത്രം. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും ശരീരത്തില്‍ മുറിവുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നുമാണ് ഹിന്ദി ദിനപത്രമായ “ദൈനിക് ജാഗരണ്‍” ആദ്യ പേജില്‍ വാര്‍ത്ത നല്‍കിയത്.
കുട്ടി കൊല്ലപ്പെട്ടത് ക്രൂരപീഡനത്തിനിരയായതിനെത്തുടര്‍ന്നാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന അതേ സാഹചര്യത്തില്‍ തന്നെയാണ് വ്യാജവാര്‍ത്തയുമായി “ദൈനിക് ജാഗരണ്‍” പ്രത്യക്ഷപ്പെട്ടത്. നേരത്തെ ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിന്റെ മുമ്പ് നിയമ വിരുദ്ധമായി ബി.ജെ.പി അനകൂല എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവിട്ട പത്രമാണ് ദൈനിക് ജാഗരണ്‍.
ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടായിരുന്നു എക്‌സിറ്റ്‌പോള്‍ ഫലമായി ദൈനിക് ജാഗരണ്‍ അന്നു പുറത്തുവിട്ടത്. ഇതിനു പിന്നാലെയാണ് കഠ്വ സംഭവത്തില്‍ ബി.ജെ.പി പ്രതിസന്ധിയിലായിരിക്കുമ്പോള്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന വ്യാജവാര്‍ത്ത പത്രം ഒന്നാം പേജില്‍ നല്‍കിയിരിക്കുന്നത്. ഇന്നലെ പ്രസിദ്ധീകരിച്ച പത്രത്തിന്റെ ആദ്യ പേജിലായിരുന്നു പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ മാത്രമേയുള്ളുവെന്നും പീഡനം നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
തുടയെല്ലിനു കാണുന്ന മുറിവിന്റെ പാടുകല്‍ സൈക്കിളില്‍ നിന്നു വീണപ്പോഴോ നീന്തലിനിടയിലോ കുതിര സവാരിക്കിടയിലോ സംഭവിച്ചതാകാമെന്നാണ് ദൈനിക് ജാഗരണ്‍ പറയുന്നത്. ലൈംഗിക പീഡനം നടന്നെന്ന് പറയത്തക്ക വിധത്തിലുള്ള മുറിവുകളോ മറ്റുതെളിവുകളോ ഇല്ലെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ന്യൂദല്‍ഹി, ആഗ്ര, അലഹാബാദ്, അമൃത്സര്‍, അലിഗര്‍ഹ്, കഠ്വ, ജമ്മു തുടങ്ങിയ നഗരങ്ങളിലിറങ്ങിയ പത്രത്തിന്റെ ആദ്യപേജിലാണ് ഇത്തരത്തിലുള്ള വ്യാജ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദൈനിക് ജാഗരണിന്റെ ഭാഗമായ “നയി ദുനിയാ” പത്രത്തിന്റെ വിവിധ എഡിഷനുകളിലും ഇതേ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേസമയം പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.
ജമ്മു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഇന്ത്യാ ടുഡേയാണ് പുറത്തുവിട്ടത്. എട്ടുവയസുകാരിയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകളുടെ വിശദാംശങ്ങള്‍ നല്‍കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. യോനിയുടെ പുറംഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടെന്നടക്കുള്ള പീഡനത്തിന്റെ തെളിവുകള്‍ വ്യക്തമാക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടം.
റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍:
യോനിയുടെ പുറംഭാഗത്ത് ആഴത്തിലുള്ള മുറിവ്
കേടുസംഭവിച്ച കന്യാചര്‍മ്മം
യോനിയ്ക്കുള്ളില്‍ രക്തക്കറയുള്ള ശ്രവം
ഉദരഭാഗത്ത് നീലനിറം
തുടകളില്‍ മുറിവ്
കൈകളില്‍ മുറിവ്
വലതു ചെവിയ്ക്കു പിറകില്‍ ആഴത്തിലുള്ള ചിതറിയ മുറിവ്
നാവ് മുന്നോട്ടുതള്ളിയ നിലയില്‍.
ശരീരത്തിന്റെ കീഴ്ഭാഗത്തുണ്ടായ പരിക്കുകള്‍ ലൈംഗിക അതിക്രമം കാരണമുണ്ടായതാണെന്ന നിഗമനത്തില്‍ മെഡിക്കല്‍ ബോര്‍ഡ് എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. ഇതേ സാഹചര്യത്തില്‍ തന്നെയാണ് ദൈനിക് ജാഗരണ്‍ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അതേസമയം ദൈനിക് ജാഗരണിന്റെ വ്യാജ വാര്‍ത്ത ട്വീറ്റ് ചെയ്ത് സംഘപരിവാറുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരണവും ആരംഭിച്ചിട്ടുണ്ട്. നാഷണല്‍മീഡിയകള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് പറഞ്ഞാണ് സംഘപരിവാര്‍ പ്രചരണം.