ഇന്ത്യയിൽ മരിച്ച അവാമി ലീഗ് നേതാവിനെ ശ്വാസം മുട്ടിച്ച് കൊന്നതെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്
national news
ഇന്ത്യയിൽ മരിച്ച അവാമി ലീഗ് നേതാവിനെ ശ്വാസം മുട്ടിച്ച് കൊന്നതെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 31st August 2024, 8:53 am

ന്യൂദൽഹി: ഇന്ത്യയിൽ മരിച്ച നിലയിൽ കണ്ടെത്തിയ അവാമി ലീഗ് നേതാവ് ഇഷാഖ് അലി ഖാൻ പന്നയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടി നേതാവായ പന്നയെ ഓഗസ്റ്റ് 26 ന് വൈകുന്നേരം മേഘാലയയിലെ ഈസ്റ്റ് ജയിന്തിയ ഹിൽസ് ജില്ലയിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്കടുത്തുള്ള വെറ്റില തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അഴുകിയ നിലയിലുള്ള മൃതദേഹം തിരിച്ചറിഞ്ഞത് പാസ്പോർട്ട് വഴിയാണ്.

പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പന്നയുടെ കൺതടത്തിലും നെറ്റിയിലും മുറിവുകളുണ്ടായിരുന്നു. ഒപ്പം നെറ്റിയിൽ ചതവുകളുമുണ്ടായിരുന്നു ഇത് കൊലപാതക ശ്രമത്തിനിടെ ഇര രക്ഷപെടാൻ ശ്രമിച്ചതാകാമെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിൽ പന്നയുടെ മൃതദേഹം ഖിലിയത് സിവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഈസ്റ്റ് ജയന്തിയാ ഹിൽസ് പൊലീസ് മേധാവി ഗിരി പ്രസാദ് പറയുന്നതനുസരിച്ച്, ഡോണ ഭോയിൽ അതിർത്തിയിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ അകലെയാണ് പന്നയുടെ മൃതദേഹം കണ്ടെത്തിയത്. അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് പന്ന മരിച്ചതെന്ന് നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

പന്നയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കണമെന്ന് കുടുംബാംഗങ്ങൾ ഇന്ത്യൻ അധികൃതരോട് അഭ്യർത്ഥിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിനായി ഷിലോങ്ങിലെ ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷനിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാനുള്ള നടപടികൾ മേഘാലയ സർക്കാർ സ്വീകരിച്ചു വരികയാണെന്ന് പൊലീസ് സൂപ്രണ്ട് ഗിരി പ്രസാദ് പറഞ്ഞു.

ബംഗ്ലാദേശ് ഛത്ര ലീഗിൻ്റെ മുൻ ജനറൽ സെക്രട്ടറിയും അയൽ രാജ്യത്തെ പിരോജ്പൂർ ജില്ലയിൽ നിന്നുള്ള അവാമി ലീഗിൻ്റെ പ്രമുഖ അംഗവുമായ പന്ന ഓഗസ്റ്റ് അഞ്ചിന് ഷെയ്ഖ് ഹസീന സർക്കാരിൻ്റെ പതനത്തെ തുടർന്ന് ഒളിവിലായിരുന്നു.

 

Content Highlight: Post-mortem Report Indicates Awami League Leader Ali Khan Panna ‘Throttled to Death