പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ആന്തരീകാവയവങ്ങളുടെ രാസ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മരണകാരണം കൃത്യമായി മനസിലാക്കുന്നതിന് വേണ്ടിയാണ് രാസ പരിശോധന.
വടശേരിക്കര സ്വദേശിനി ആതിരയാണ് മന്ത്രവാദത്തിനിടെ മരണപ്പെട്ടിരുന്നത്. ബാധ ഒഴിപ്പിക്കാനെന്ന പേരിലാണ് മന്ത്രവാദം നടത്തിയിരുന്നത്. യുവതിയുടെ വീട്ടില്‍വച്ചാണ് മന്ത്രവാദം നടന്നതെന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളും കൈകളില്‍ കര്‍പ്പൂരം കൊണ്ട് പൊള്ളിച്ച പാടുകളും ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞിരുന്നു.
മന്ത്രവാദത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും യുവതി മരിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്. ബന്ധുക്കള്‍ ആശുപത്രിയില്‍ നിന്ന് മൃതദേഹം കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നെങ്കിലും അധികൃതര്‍ ഇടപെട്ട് തടയുകയായിരുന്നു. ഇതേത്തുടര്‍ന്ന് മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ച് ബന്ധുക്കള്‍ പോവുകയും ചെയ്തിരുന്നു.
സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയുടെ ശരീരത്തില്‍ കര്‍പ്പൂരം വെച്ച് പൊള്ളിച്ചെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചിരുന്നു.