| Saturday, 24th February 2024, 7:49 am

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിനെ വിമര്‍ശിച്ച് പോസ്റ്റ്; മുംബൈയില്‍ മലയാളി വിദ്യാര്‍ഥി അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ദിനത്തില്‍ കാമ്പസിൽ പരിപാടി സംഘടിപ്പിച്ചതിനെ എതിര്‍ത്ത് സമൂഹമാധ്യങ്ങളില്‍ പോസ്റ്റിട്ട മലയാളി വിദ്യാര്‍ഥി അറസ്റ്റില്‍. മുംബൈ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥി അനന്ത കൃഷ്ണന്‍ ആണ് അറസ്റ്റിലായത്.

പോസ്റ്റിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചെന്നാരോപിച്ച് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അനന്ത കൃഷ്ണനെതിരെ കേസെടുത്തത്. മഹാരാഷ്ട്ര സ്വദേശിയായ വിദ്യര്‍ഥിയെയും കേസില്‍ അറസ്റ്റ് ചെയ്തിരുന്നെങ്കിലും വിട്ടയക്കുകയായിരുന്നു. കാമ്പസില്‍ പ്രാണപ്രതിഷ്ഠയുടെ ആഘോഷ പരിപാടികള്‍ നടത്തിയതിനെതിരെ വിദ്യാര്‍ഥി നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ജനുവരി 22നാണ് അയോധ്യയില്‍ ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്ത് നിര്‍മിച്ച രാമക്ഷേത്രത്തിന്‍റെ പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉള്‍പ്പടെയുള്ളവരുടെ മേല്‍നോട്ടത്തിലാണ് ചടങ്ങുകള്‍ നടന്നത്.

പ്രാണപ്രതിഷ്ഠ ചടങ്ങുകള്‍ മോദി സര്‍ക്കാര്‍ ചേര്‍ന്ന് രാഷ്ട്രീയ വല്‍ക്കരിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് ഉള്‍പ്പടയെുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ക്ഷണം നിരസിച്ചിരുന്നു. ഒരു മതത്തിന്റെ ചടങ്ങിന് രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ നേതൃത്വം കൊടുത്തത്തത് മതേതര ഇന്ത്യയുടെ തകര്‍ച്ചയെ സൂചിപ്പിക്കുന്നു എന്ന ആക്ഷേപം രാജ്യവ്യാപകമായി പ്രചരിച്ചിരുന്നു.

ബി.ജെ.പി രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി ശ്രീരാമനെ ഉപയോഗിക്കുകയാണെന്ന വിമർശനം പ്രതിപക്ഷം ഏറെ കാലമായി ആരോപിക്കുന്നതാണ്. 1992 ഡിസംബര്‍ ആറിനാണ് സംഘപരിവാര്‍ സംഘടകളുടെ ആഹ്വാനത്തെ തുടര്‍ന്ന് 500 വര്‍ഷത്തോളം പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്.

Contant Highlight: Post criticizing the Ram Temple Pranapratishta ceremony; Malayali student arrested in Mumbai

We use cookies to give you the best possible experience. Learn more