Kerala News
സുരേഷ് കുമാറിനെതിരായ പോസ്റ്റ്; ആന്റണി പെരുമ്പാവൂരിന് ഫിലിം ചേംബറിന്റെ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 24, 01:22 pm
Monday, 24th February 2025, 6:52 pm

കൊച്ചി: നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന് ഫിലിം ചേംബറിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. സുരേഷ് കുമാറിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കണമെന്നാണ് ചേംബറിന്റെ ആവശ്യം. ഏഴ് ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ്.

ആരെയും എന്തും പറയാമെന്ന വെല്ലുവിളി ശരിയല്ലെന്നും അതുകൊണ്ടാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതെന്നുമാണ് ഫിലിം ചേംബറിന്റെ വിശദീകരണം. സുരേഷ് കുമാര്‍ പറഞ്ഞത് യോഗത്തിന്റെ കൂട്ടായ തീരുമാനമാണെന്നും ചേംബര്‍ അറിയിച്ചു.

സിനിമാ വ്യവസായത്തിന് വേണ്ടിയാണ് സുരേഷ് കുമാര്‍ സംസാരിച്ചതെന്നും ചെറിയ സിനിമാ നിര്‍മാതാക്കള്‍ക്ക് നിലനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും ചേംബര്‍ പറഞ്ഞു. കൂടാതെ മറ്റ് സംഘടനകളുടെ പിന്തുണയില്ലെങ്കിലും സമരവുമായി മുന്നോട്ട് പോകുമെന്നും ഫിലിം ചേംബര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ താരസംഘടനയായ എ.എം.എം.എ നിര്‍മാതാക്കളുടെ സമരത്തെ തള്ളിയിരുന്നു. ഫിലിം ചേംബറുമായി മോഹന്‍ലാല്‍, സുരേഷ് ഗോപി, മഞ്ജു പിള്ള, ബേസില്‍ ജോസഫ്, അന്‍സിബ, ടൊവിനോ തോമസ്, സായ് കുമാര്‍, വിജയരാഘവന്‍ എന്നിവര്‍ നടത്തിയ യോഗത്തിലും എ.എം.എം.എ സമാനമായ നിലപാടാണ് സ്വീകരിച്ചത്.

നിര്‍മാതാക്കള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയതിനാല്‍ താരങ്ങള്‍ നിബന്ധമായും പ്രതിഫലം കുറയ്ക്കണമെന്നാണ് സുരേഷ് കുമാര്‍ അടുത്തിടെ ആവശ്യപ്പെട്ടത്. മലയാള സിനിമക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങള്‍ പ്രതിഫലമായി വാങ്ങുന്നതെന്നും ഒരു പ്രതിബദ്ധതയും ഈ മേഖലയോട് അവര്‍ക്കില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞിരുന്നു.

പിന്നീട് സുരേഷ് കുമാറിനെ പിന്തുണച്ച് ഫിലിം ചേംബറും പ്രതികരിക്കുകയായിരുന്നു. എന്നാല്‍ ആന്റണി പെരുമ്പാവൂര്‍ സുരേഷ് കുമാറിനെ വിമര്‍ശിച്ച് രംഗത്ത് വരികയാണ് ഉണ്ടായത്. തുടര്‍ന്ന് അദ്ദേഹത്തിന് പിന്തുണ അറിയിച്ച് ഏതാനും അഭിനേതാക്കള്‍ ഉള്‍പ്പെടെ പ്രതികരിക്കുകയും ചെയ്തിരുന്നു.

Content Highlight: Post against Suresh Kumar; Notice of Film Chamber to Anthony Perumbavoor