വാരണാസി: ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ എം.എസ്. ഗോള്‍വാള്‍ക്കറുടെ പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചതിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിനെതിരെ വീണ്ടും പരാതി. ബി.ജെ.പിയുടെ കാശി മേഖല ലീഗല്‍ സെല്ലിന്റെ കണ്‍വീനറും അഭിഭാഷകനുമായ ശശാങ്ക് ശേഖര്‍ ത്രിപാഠിയാണ് സിങ്ങിനെതിരെ ഇത്തവണ എം.പി-എം.എല്‍.എ കോടതിയില്‍ പരാതി നല്‍കിയത്.
സംഭവത്തില്‍ ശനിയാഴ്ചയാണ് സിവില്‍ ജഡ്ജ് ജൂനിയര്‍ ഡിവിഷണില്‍ ത്രിപാഠി പരാതി നല്‍കിയത്. കേസില്‍ ജൂലൈ 18ന് മൊഴി രേഖപ്പെടുത്തുകയും തെളിവുകള്‍ ഹാജരാക്കുകയും വേണമെന്ന് കോടതി ആവശ്യപ്പെട്ടതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ സിങ് ഗോള്‍വാള്‍ക്കറെ കുറിച്ചുള്ള വസ്തുതാരഹിതവും കെട്ടിച്ചമച്ചതുമായ ഫോട്ടോകളും വിവരങ്ങളും പ്രസിദ്ധീകരിക്കുകയാണെന്നാണ് ത്രിപാഠിയുടെ ആരോപണം. ഇത് സാമൂഹിക വിദ്വേഷത്തിന് കാരണമാകുകയും ആര്‍.എസ്.എസിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഗോള്‍വാള്‍ക്കറെ കുറിച്ചുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് ദിഗ് വിജയ് സിങ്ങിനെതിരെ ഇന്‍ഡോര്‍ പൊലീസ് കേസെടുത്തിരുന്നു.
അഭിഭാഷകനും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ രാജേഷ് ജോഷിയാണ് സിങ്ങിനെതിരെ അന്ന് പരാതി നല്‍കിയിരിക്കുന്നത്. ഐ.പി.സി സെക്ഷന്‍ 153-എ , 469, 500, 505 എന്നിവ പ്രകാരമാണ് ദിഗ് വിജയ് സിങ്ങിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഗോള്‍വാള്‍ക്കറെ ഉദ്ധരിച്ച് നിരവധി പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പേജിന്റെ ചിത്രം സിങ് കഴിഞ്ഞ ആഴ്ച ട്വീറ്റ് ചെയ്തിരുന്നു. ദളിതര്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും മുസ്‌ലിങ്ങള്‍ക്കും തുല്യാവകാശം നല്‍കുന്നതിനേക്കാള്‍ ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഗോള്‍വാള്‍ക്കര്‍ പറയുന്നതും മറ്റ് വിവാദ പരാമര്‍ശങ്ങളും ഉള്‍ക്കൊള്ളുന്ന പേജിന്റെ ചിത്രമാണ് സിങ് പങ്കുവെച്ചിരുന്നത്.
content highlights: Post against Golwalkar; BJP lawyer again filed a complaint against Digvijay Singh