എനിക്കെതിരെയുള്ള കേസ് ജവാൻ സിനിമയോടുള്ള അമർഷം കാരണം; പുസ്തകത്തിലൂടെ മതസ്പർധ വളർത്തിയെന്ന കേസിൽ കഫീൽ ഖാൻ
national news
എനിക്കെതിരെയുള്ള കേസ് ജവാൻ സിനിമയോടുള്ള അമർഷം കാരണം; പുസ്തകത്തിലൂടെ മതസ്പർധ വളർത്തിയെന്ന കേസിൽ കഫീൽ ഖാൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th December 2023, 10:15 pm

ന്യൂദൽഹി: പുസ്തകത്തിലൂടെ സർക്കാരിനെതിരെ നീക്കം നടത്തിയെന്ന ആരോപണത്തിൽ തനിക്കെതിരെ കേസെടുത്തത് ജവാൻ സിനിമയിലെ ഗോരഖ്പൂർ ദുരന്തത്തിന്റെ പരാമർശത്തിന്റെ അമർഷം കാരണമാകാമെന്ന് ഡോ. കഫീൽ ഖാൻ.

ഗോരഖ്പൂർ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ നിരവധി കുട്ടികൾ മരിക്കാനിടയായ സംഭവത്തെ ആസ്പദമാക്കി എഴുതിയ പുസ്തകം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ആരോപിച്ചായിരുന്നു കഫീൽ ഖാനും പ്രസാധകർക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

2017ന് ശേഷം ആറാമത്തെ എഫ്.ഐ.ആറാണ് കഫീൽ ഖാനെതിരെ രജിസ്റ്റർ ചെയ്യുന്നത്.

പുസ്തകത്തിന്റെ വില്പനയിൽ നിന്ന് കിട്ടുന്ന പണം കഫീൽ ഖാൻ രഹസ്യ പദ്ധതിക്ക് ഉപയോഗിക്കുന്നുണ്ടെന്നും പുസ്തകം ജനങ്ങളെ സർക്കാരിനെതിരെ തിരിക്കുന്നുണ്ടെന്നും കഫീൽ ഖാനെതിരെ പരാതി നൽകിയ മനീഷ് ശുക്ല ആരോപിച്ചു.

അതേസമയം തനിക്കെതിരെയുള്ള നിയമനടപടി രാഷ്ട്രീയ പ്രേരീതമാണെന്ന് കഫീൽ ഖാൻ ക്വിന്റിനോട് പറഞ്ഞു.

‘നോക്കൂ, തെരഞ്ഞെടുപ്പുകൾ അടുക്കുകയാണ് അവർക്ക് ആരെയെങ്കിലും കരുവാക്കണം. അവർക്ക് ഒരിക്കലും സിനിമയുടെ പേരിൽ ഷാരൂഖ് ഖാനെ തൊടാൻ ആവില്ല. എന്നാൽ എനിക്കെതിരെ നടപടികളെടുക്കാൻ സാധിക്കും,’ കഫീൽ ഖാൻ പറഞ്ഞു.

ഷാരൂഖ് ഖാൻ അഭിനയിച്ച ജവാൻ എന്ന സിനിമയിലെ കഥാപാത്രത്തിന് കഫീൽ ഖാന്റെ ജീവിതവുമായി സാമ്യമുണ്ടായിരുന്നു.

ഉത്തർപ്രദേശിലെ ഗോരഖ്പുരിലെ സർക്കാർ ആശുപത്രിയിൽ എൻസിഫലൈറ്റിസ് ബാധിച്ച കുട്ടികൾ ഓക്സിജൻ ലഭിക്കാതെ കൂട്ടത്തോടെ മരണപ്പെട്ടിരുന്നു. ഓക്സിജൻ കമ്പനിക്ക് കുടിശിക നല്കാത്തതിനെ തുടർന്നായിരുന്നു ഓക്സിജൻ വിതരണം നിർത്തിവെച്ചത്. സംഭവത്തിൽ അനാസ്ഥ ചൂണ്ടിക്കാട്ടി കഫീൽ ഖാൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു.

സ്വന്തം പണം ചെലവഴിച്ച് ഓക്സിജൻ വാങ്ങി കുട്ടികളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച കഫീൽ ഖാനെ അറസ്റ്റ് ചെയ്ത പ്രതികാര നടപടി വ്യാപക പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. എട്ടുമാസത്തോളം ജയിലിൽ കിടന്ന ശേഷമാണ് അദ്ദേഹം മോചിതനായത്.

Content Highlight: ‘Possibly Because of Jawan Film’: Dr Kafeel Khan on New FIR Against His Book