| Tuesday, 7th February 2023, 8:21 am

പോയിന്റ് പട്ടികയില്‍ നിന്ന് ഇറക്കിവിടലോ? സമ്പൂര്‍ണ വിലക്കോ? യുവന്റസിന് കിട്ടിയ അതേ എട്ടിന്റെ പണി മാഞ്ചസ്റ്ററിനും കിട്ടിയേക്കും; റിപ്പോര്‍ട്ടുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണം. 2009 മുതല്‍ 2018 വരെയെുള്ള കാലഘട്ടത്തില്‍ നൂറിലധികം തവണ ലീഗിന്റെ ചട്ടങ്ങള്‍ ലംഘിച്ചുവെന്നാണ് സിറ്റിക്കെതിരെയുള്ള ആരോപണം. ഇത് ലീഗിലെ മറ്റ് ടീമുകളെ അപേക്ഷിച്ച് മാഞ്ചസ്റ്റര്‍ സിറ്റിക്ക് അണ്‍ഫെയര്‍ അഡ്വാന്റേജ് (Unfair Advantage) നല്‍കിയെന്നാണ് സൂചിപ്പിക്കുന്നത്.

2008ല്‍ അബുദാബി ഗ്രൂപ്പിലെ ഷെയ്ഖ് മന്‍സൂര്‍ ക്ലബ്ബ് ഏറ്റെടുത്തതിന് പിന്നാലെയാണ് ക്രമക്കേടുകള്‍ നടന്നതെന്നാണ് ആരോപണങ്ങള്‍ ഉയരുന്നത്.

പ്രീമിയര്‍ ലീഗിന് കൃത്യമായ സാമ്പത്തിക വിവരങ്ങള്‍ കൈമാറുന്നതില്‍ ക്ലബ്ബിന് വീഴ്ച പറ്റിയിട്ടുണ്ടെന്നും സ്‌പോണ്‍സര്‍ഷിപ്പിലും മറ്റ് വരുമാനങ്ങളിലും ടീം റെഗുലേറ്റര്‍മാരെ തെറ്റിദ്ധരിപ്പിച്ചുവെന്നുമാണ് പ്രധാന ആരോപണം. പ്രമുഖ ഫുട്‌ബോള്‍ മാധ്യമമായ ഗോള്‍ അടക്കം നിരവധി വൃത്തങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

2009-2019 കാലഘട്ടത്തില്‍ സിറ്റി മാനേജര്‍ റോബെര്‍ട്ടോ മാന്‍സീനിക്ക് നല്‍കിയ പ്രതിഫലത്തിലും 2010-2016 കാലഘട്ടത്തില്‍ വിവിധ താരങ്ങള്‍ക്ക് നല്‍കിയ ശമ്പളക്കണക്കിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്.

ആഭ്യന്തര തലത്തിലെ നടപടിക്ക് പുറമെയുള്ള അന്വേഷണത്തിനും സാധ്യതകളുണ്ട്. 2013-18 കാലഘട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി യുവേഫയുടെ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമം ലംഘിച്ചതായി പ്രീമിയര്‍ ലീഗ് കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും യൂറോപ്യന്‍ മത്സരങ്ങളില്‍ നിന്നുള്ള യുവേഫയുടെ വിലക്ക് സ്‌പോര്‍ട്‌സ് കോര്‍ട്ട് ഓഫ് ആര്‍ബിട്ടറേഷന്‍ നേരത്തെ റദ്ദാക്കിയിരുന്നു. പക്ഷേ, ടീമിന് പത്ത് മില്യണ്‍ യൂറോ പിഴയായി ഒടുക്കേണ്ടി വന്നിരുന്നു.

എന്നാല്‍, മാഞ്ചസ്റ്റര്‍ സിറ്റി തങ്ങള്‍ക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും നിഷേധിച്ചു.

‘പ്രീമിയര്‍ ലീഗ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് ഞങ്ങളെ തീര്‍ത്തും ആശ്ചര്യപ്പെടുത്തുകയാണ്. പ്രത്യേകിച്ചും എല്ലാ തരത്തിലുള്ള രേഖകളും മറ്റും പ്രീമിയര്‍ ലീഗിന് നല്‍കിയ ശേഷമാണ് ഇത്തരത്തിലുള്ള ആരോപണമെന്നതാണ് കൂടുതല്‍ ആശ്ചര്യപ്പെടുത്തുന്നത്,’ എന്നായിരുന്നു സിറ്റിയുടെ മറുപടി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെ തന്നെ പിടിച്ചു കുലുക്കാന്‍ പോന്ന ഈ വിഷയം ഇനിയും അവസാനിച്ചിട്ടില്ലെന്നും ചിലപ്പോള്‍ വര്‍ഷങ്ങളോളം നീണ്ടേക്കാം എന്നും റിപ്പോര്‍ട്ടുകളുണ്ട്.

തങ്ങളുടെ കണ്ടെത്തെലുകള്‍ പ്രസിദ്ധീകരിച്ച ശേഷം പ്രീമിയര്‍ ലീഗ് മാഞ്ചസ്റ്റര്‍ സിറ്റിയെ ഒരു സ്വതന്ത്ര കമ്മീഷനിലേക്ക് ശിക്ഷാ നടപടികള്‍ക്കായി റഫര്‍ ചെയ്തു. ആ കമ്മീഷന്റെ തീരുമാനത്തിനെതിരെ ആര്‍ബിട്ടറേഷന്‍ കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സിറ്റിക്ക് സാധിക്കില്ല.

എന്നാല്‍ കമ്മീഷന്റെ തീരുമാനങ്ങള്‍ എന്ത്, എപ്പോള്‍ നടക്കും എന്നതിന് സംബന്ധിച്ച് കൃത്യമായ ടൈംടേബിളുകള്‍ ഇല്ല.

വിഷയത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ ടീമിന് ലഭിച്ചേക്കാവുന്ന പരമാവധി ശിക്ഷകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. ഭീമമായ തുക പിഴയായി ഒടുക്കേണ്ടി വരികയോ നേരത്തെ യുവന്റസിന് ലഭിച്ച പോലെ പോയിന്റ് ഡിഡക്ഷനോ മാന്‍ സിറ്റിക്കും ലഭിച്ചേക്കാം.

പ്രീമിയര്‍ ലീഗിന്റെ ഒഫീഷ്യല്‍ റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍ സെക്ഷന്‍ ഡബ്ല്യൂ.51.4 പ്രകാരം ലഭിക്കാന്‍ സാധ്യതയുള്ള ശിക്ഷകള്‍ ഇതൊക്കെയാണ്,

ഭീമമായ തുക പിഴ

അനിശ്ചിത കാലത്തേക്ക് ലീഗില്‍ കളിക്കുന്നതില്‍ നിന്നുമുള്ള വിലക്ക്

പോയിന്റ് ഡിഡക്ഷന്‍

നേരത്തെ കളിച്ച കളികള്‍ വീണ്ടും കളിക്കേണ്ടി വരിക

സ്ഥിരമായ പുറത്താക്കല്‍

കമ്മീഷന് ഉചിതമെന്ന് തോന്നുന്ന മറ്റേതെങ്കിലും ശിക്ഷ.

അതേസമയം, മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗ്വാര്‍ഡിയോള സിറ്റി വിട്ടേക്കാം എന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.

‘എനിക്കെന്തെങ്കിലും കുഴപ്പുമണ്ടെന്ന് തോന്നിയാല്‍ ആ നിമിഷം ഞാന്‍ രാജി വെക്കുകയോ കരാര്‍ പുതുക്കാതിരിക്കുകയോ ചെയ്യും. ഫെര്‍ഗൂസനോ വെങ്ങറോ തുടര്‍ന്നതുപോലെ ഞാന്‍ ഒരിക്കലും ടീമില്‍ തുടരില്ല. കരാര്‍ എന്നത് വെറും കടലാസ് കഷ്ണം മാത്രമാണ്.

എന്റെ കീഴില്‍ ടീമിന് ഇനിയും പലതും ചെയ്യാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നതിനാല്‍ മാത്രം ഞാന്‍ കരാര്‍ നീട്ടി. അവസാനം എല്ലാം റിസള്‍ട്ടുകളെ മാത്രം ആശ്രയിച്ചാണ്. പരസ്പരം മടുത്തു എന്ന് തോന്നുകയാണെങ്കില്‍ കോണ്‍ട്രാക്ട് ഉണ്ടെന്നുള്ളതിനാല്‍ മാത്രം ഞാന്‍ ഇവിടെ തുടരില്ല,’ എന്നായിരുന്നു ഗ്വാര്‍ഡിയോള കഴിഞ്ഞ മാസം പറഞ്ഞിരുന്നത്.

ഈ സീസണിലെ കിരീടത്തിനായി മുന്നിലോടുന്ന ടീമുകളില്‍ പ്രധാനികളാണ് മാന്‍ സിറ്റി. നിലവിലെ പോയിന്റ് പട്ടികയില്‍ ആഴ്‌സണിലിന് പുറകില്‍ അഞ്ച് പോയിന്റ് വ്യത്യാസത്തില്‍ രണ്ടാം സ്ഥാനക്കാരാണ് സിറ്റി.

Content Highlight: Possible punishments for Manchester City following financial irregularities scandal; Report

We use cookies to give you the best possible experience. Learn more