| Wednesday, 20th July 2022, 8:22 am

ഇന്‍ഡിഗോയുടെ വാഹനങ്ങള്‍ക്കെതിരെ കൂടുതല്‍ നടപടിക്ക് സാധ്യത; മറ്റ് എയര്‍ലൈന്‍സുകളുടെ വാഹനങ്ങളും ആര്‍.ടി.ഒ പരിശോധിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ചട്ട ലംഘനം നടത്തി നിരത്തിലിറക്കുന്ന ഇന്‍ഡിഗോ വാഹനങ്ങളെ കണ്ടെത്താനുള്ള പരിശോധന മോട്ടോര്‍ വാഹന വകുപ്പ് വ്യാപകമാക്കും. കരിപ്പൂര്‍ വിമാനത്താവളത്തിനുള്ളില്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഭൂരിഭാഗവും നികുതിയടക്കാത്തതാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് കരുതുന്നത്.

മലപ്പുറം കൊണ്ടോട്ടി ജോ. ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നികുതിയടിക്കാത്ത എത്ര വാഹനങ്ങളുണ്ടെന്നുള്ള കണക്കാണ് ആര്‍.ടി.ഒ എടുക്കാന്‍ ഉദ്ദേശിക്കുന്നത്. സാധാരണ വിമാനത്താവളത്തില്‍ വാഹനം ഓടിക്കാന്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ലെങ്കിലും റോഡിലേക്കിറങ്ങുന്നത് നിയമലംഘനമാണെന്നാണ് ഉപ്പോഴത്തെ പരാതി. മറ്റ് എയര്‍ലൈന്‍സുകളുടെ വാഹനങ്ങളും ആര്‍.ടി.ഒ പരിശോധിക്കും.

വിമാനത്താവളത്തിനകത്ത് പരിശോധന നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന് കഴിയാത്ത സാഹചര്യം മുതലെടുത്താണ് നിയമ ലംഘനം തുടരുന്നത്. രജിസ്‌ട്രേഷനില്ലാത്ത ബസുവരെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വിമാനത്താവളത്തിന് പുറത്തേക്ക് ബസുകള്‍ വരുന്നമുറക്ക് കൂടുതല്‍ പരിശോധനയുണ്ടാകും.

അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന ബസാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഫറോക്ക് ചുങ്കത്തെ വര്‍ക് ഷോപ്പില്‍ നിന്ന് എം.വി.ഡി പിടിച്ചെടുത്തത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വീസ് നടത്തുന്ന ബസാണ് ആറ് മാസത്തെ കുടിശ്ശിക അടക്കാത്തിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്.

നികുതിയും പിഴയും ഉള്‍പ്പടെ നാല്‍പ്പതിനായിരത്തോളം രൂപ അടച്ചാല്‍ മാത്രമേ വാഹനം വിട്ടുകൊടുക്കൂ എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.ആര്‍.ടി.ഒയുടെ നിര്‍ദേശപ്രകാരം ജോയിന്റ് ആര്‍.ടി.ഒ ഉള്‍പ്പെട്ട സംഘമാണ് ബസ് പിടിച്ചെടുത്തത്. പിഴയും നികുതിയും അടച്ചാല്‍ മാത്രമേ വാഹനം വിട്ടുകൊടുക്കൂ എന്ന് എയര്‍ലൈന്‍സ് അധികൃതരെ അറിയിച്ചതായി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു.

അതേസമയം, എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരായ യാത്രാവിലക്കുമായി ഇപ്പോഴത്തെ നടപടിക്ക് ബന്ധമില്ലെന്ന് പറയുമ്പോഴും ഇന്‍ഡിഗോയുടെ ബസുകള്‍ക്കെതിരെ കൂടുതല്‍ പരിശോധന നടക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ മാസം മുഖ്യമന്ത്രിക്കെതിരായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് അവരെ തള്ളിയിട്ട സംഭവത്തില്‍ കഴിഞ്ഞ ദിവസം ഇന്‍ഡിഗോ കമ്പനി ഇ.പി. ജയരാജന് മൂന്ന് ആഴ്ചയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചയും യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

CONTENT HIGHLIGHTS: Possible further action against IndiGo’s vehicles RTO will also inspect vehicles of other airlines

We use cookies to give you the best possible experience. Learn more