| Friday, 12th April 2024, 7:53 pm

ഇസ്രഈലിലേക്കും ഇറാനിലേക്കും യാത്രവിലക്ക് ഏർപ്പെടുത്തി കേന്ദ്രം; കഴിഞ്ഞ മാസങ്ങളിലായി ഇസ്രഈലിലേക്ക് കൊണ്ട് പോയത് 900 ഇന്ത്യൻ തൊഴിലാളികളെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇറാനിലേക്കും ഇസ്രഈലിലേക്കും യാത്ര വിലക്ക് ഏര്‍പ്പെടുത്തി ഇന്ത്യ. ഇറാനിലേക്കും ഇസ്രഈലിലേക്കും യാത്ര ചെയ്യരുതെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

ഇസ്രഈലിനെ ആക്രമിക്കാന്‍ ഇറാന്‍ തയ്യാറെടുക്കുന്നതിനെ തുടര്‍ന്നാണ് തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രണ്ട് രാജ്യങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിര്‍ദേശം. രണ്ട് രാജ്യങ്ങളിലും നിലവിലുള്ള ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് എംബസ്സിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതിനിടെ, കഴിഞ്ഞ മാസങ്ങളിലായി ഇന്ത്യയിൽ നിന്ന് ഏകദേശം 900 നിർമാണ തൊഴിലാളികൾ ഇസ്രഈലിലേക്ക് യാത്ര ചെയ്തെന്നാണ് രണ്ട് രാജ്യങ്ങളുടെയും മാനവ വിഭവശേഷി ഏജൻസികൾ നൽകുന്ന വിവരം.

ഇരു രാജ്യങ്ങളുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളികളെ ഇസ്രഈലിൽ എത്തിച്ചത്. എന്നാൽ നപടിക്കെതിരെ വിവിധ ട്രേഡ് യുണിയനുകൾ അന്ന് രം​ഗത്തെത്തിയിരുന്നു.

6,000 നിർമാണ തൊഴിലാളികൾ ഏപ്രിൽ, മെയ് മാസങ്ങളിൽ ഇസ്രഈലിൽ എത്തുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. പലസ്തീനിൽ നിന്നുള്ള തൊഴിലാളികൾക്ക് പകരം ഇന്ത്യയിൽ നിന്നുള്ള കെട്ടിട നിർമാണ തൊഴിലാളികളെ രാജ്യത്ത് എത്തിക്കുമെന്നാണ് ഇസ്രഈൽ അറിയിച്ചത്.

അടുത്തിടെ സിറിയൻ തലസ്ഥാന ദമസ്കസിൽ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രഈൽ നടത്തിയ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പല ഘട്ടങ്ങളിലായി ഇസ്രഈലിന് മുന്നറിയിപ്പ് നൽകി ഇറാൻ രം​ഗത്തെത്തിയിരുന്നു.

പാശ്ചാത്യ രാജ്യങ്ങളും യാത്രാ വിലക്കുമായി രം​ഗത്തെത്തി. ഇറാൻ, ലെബനൻ, ഇസ്രഈൽ, പലസ്തീൻ എന്നീ സ്ഥലങ്ങളിലേക്ക് പൗരൻമാർ ഒരറിയിപ്പുണ്ടാകുന്നത് വരെ പോകരുതെന്നാണ് ഫ്രാൻസ് അറിയിച്ചത്. ബ്രിട്ടനും സമാനമായ അറിയിപ്പുമായി രം​ഗത്തെത്തിയിരുന്നു.

ഇറാൻ ശക്തമായ തിരിച്ചടിക്ക് തയ്യാറെടുക്കുന്നതായി അമേരിക്കയും ഇസ്രഈലിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ ആക്രണം നേരിടാൻ പൂർണമായും തയ്യാറാണെന്ന് ഇസ്രഈലും അറിയിച്ചു. ഇറാന്റെ ഭാ​ഗത്ത് നിന്ന് ആക്രമണം ഉണ്ടായാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രഈൽ സൈനിക നേതൃത്വം അറിയിച്ചിട്ടുണ്ട്.

Content Highlight: possibility of Iran-Israel conflict; Ministry of External Affairs with travel ban

We use cookies to give you the best possible experience. Learn more