| Tuesday, 30th July 2024, 10:26 am

മെസി വീണ്ടും ബാഴ്സയുടെ തട്ടകത്തിലേക്ക് പന്തുതട്ടാനെത്തുന്നു; കോരിത്തരിച്ച് ഫുട്‍ബോൾ ലോകം

സ്പോര്‍ട്സ് ഡെസ്‌ക്

ബാഴ്‌സലോണയുടെ തട്ടകമായ ക്യാമ്പ്‌നൗവ് ഇപ്പോള്‍ നവീകരണ ഘട്ടത്തിലാണ്. ഈ വര്‍ഷം നവംബറോടുകൂടി ഫുട്ബോൾ കളിക്കുന്നതിനു വേണ്ടി സ്റ്റേഡിയം തുറക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സ്റ്റേഡിയം വീണ്ടും തുറക്കുന്നതിന്റെ ഭാഗമായി ക്ലബ്ബിന്റെ വാര്‍ഷികം ആഘോഷിക്കാനുള്ള സാധ്യതകളും നിലനില്‍ക്കുന്നുണ്ട്.

ഈ ദിവസം മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബായ ഇന്റര്‍ മയാമിയും ബാഴ്‌സലോണയും തമ്മില്‍ ഒരു സൗഹൃദ മത്സരം നടക്കാനുള്ള സാധ്യതകളാണ് ഇപ്പോള്‍ തെളിഞ്ഞു വരുന്നത്.

ഇന്റര്‍ മയാമിയുടെ ഓപ്പറേഷന്‍ പ്രസിഡന്റ് സേവ്യര്‍ അസെന്‍സിയാണ് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. മുണ്ടെ ഡിപ്പോര്‍ട്ടീവോയുമായുള്ള അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇത് സമയത്തിന്റെ കാര്യമാണ്. 2020ല്‍ ഞങ്ങള്‍ ഇത്തരത്തില്‍ സൗഹൃദമത്സരങ്ങള്‍ കളിച്ചിരുന്നു. ആ സമയങ്ങളില്‍ ഞങ്ങള്‍ക്ക് ഇത് തയ്യാറാക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ ലീഗ് കപ്പില്‍ കളിക്കുന്നതിനാല്‍ ഇപ്പോള്‍ സൗഹൃദ മത്സരങ്ങളില്‍ സാധ്യതയില്ല. ജനുവരിയിലോ ഡിസംബറിലോ ടീമിന്റെ മത്സരങ്ങളുടെ കലണ്ടറുമായി ഇത് യോജിക്കുമോ എന്ന് നോക്കണം. ബാഴ്‌സയുമായി കളിക്കുക എന്നുള്ളത് എപ്പോഴാണ് ഈ മത്സരം നടക്കുക എന്നതിനെ ആശ്രയിച്ചിരിക്കും. നമുക്ക് അതിനെക്കുറിച്ച് സംസാരിക്കാം,’ സേവ്യര്‍ അസെന്‍സി പറഞ്ഞു.

ബാഴ്‌സലോണക്കായി നീണ്ട 17 വര്‍ഷക്കാലത്തെ അവിസ്മരണീയമായ ഒരു ഫുട്‌ബോള്‍ കരിയര്‍ ആണ് മെസി കെട്ടിപ്പടുത്തുയര്‍ത്തിയത്. സ്പാനിഷ് വമ്പന്മാര്‍ക്കൊപ്പം 778 മത്സരങ്ങളില്‍ ബൂട്ട്‌കെട്ടിയ മെസി 672 ഗോളുകളാണ് അടിച്ചുകൂട്ടിയത്.

കറ്റാലന്‍മാര്‍ക്കൊപ്പം നീണ്ട വര്‍ഷത്തെ ഫുട്‌ബോള്‍ ഒരു പിടി കിരീടനേട്ടങ്ങളിലും പങ്കാളിയാവാന്‍ മെസിക്ക് സാധിച്ചിട്ടുണ്ട്. 10 ലാ ലിഗ, നാല് ചാമ്പ്യന്‍സ് ലീഗ് തുടങ്ങി മറ്റനവധി ട്രോഫികള്‍ മെസി ബാഴ്‌സയില്‍ പന്തുതട്ടി നേടിയിട്ടുണ്ട്.

2021ലാണ് മെസി ബാഴ്‌സയില്‍ നിന്നും ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനിലേക്ക് ചേക്കേറുന്നത്. അവിടെ നിന്നും 2023ല്‍ താരം എം.എല്‍.എസിലേക്ക് കൂടു മാറുകയും ചെയ്തു. മെസിയുടെ വരവോടുകൂടി മികച്ച വിജയ കുതിപ്പായിരുന്നു മയാമി നടത്തിയത്. ക്ലബ്ബിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാതിരുന്ന ലീഗ്സ് കപ്പ് കിരീടവും മയാമി നേടിയെടുത്തിരുന്നു.

നിലവില്‍ എം.എല്‍.എസില്‍ 25 മത്സരങ്ങളില്‍ നിന്നും 16 വിജയവും അഞ്ച് സമനിലയില്‍ നാല് തോല്‍വിയുമടക്കം 53 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് മയാമി.

Content Highlight: Possibilities of Inter Miami and Barcelona Friendly Match

We use cookies to give you the best possible experience. Learn more