| Monday, 23rd June 2014, 9:08 pm

പോസ്‌കോ സമരം ഒമ്പതാം വര്‍ഷത്തിലേയ്ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ഭുവനേശ്വര്‍ : ഇന്ത്യകണ്ട ഏറ്റവും പ്രധാനപ്പെട്ട കുടിയിറക്ക് വിരുദ്ധ സമരമായ പോസ്‌കോ സമരം ഒമ്പതാം വര്‍ഷത്തിലേയ്ക്ക് കടക്കുന്നു.  ജൂണ്‍ 22 നായിരുന്നു പോസ്‌കോ സമരത്തിന്റെ ഒമ്പതാം വാര്‍ഷിക ദിനം. പോസ്‌കോ സമരാനുകൂലികള്‍ ഒമ്പതാം വാര്‍ഷികദിനമായ ജൂണ്‍ 22ന് രാജ്യവ്യാപകമായി കരിദിനം ആചരിച്ചു പ്രതിഷേധിച്ചു.

ആയിരക്കണക്കിന് കര്‍ഷക ജീവിതങ്ങളെ പെരുവഴിയിലാക്കുന്ന പദ്ധതിയാണ് ഒറീസയില്‍ സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ആശീര്‍വാദത്തോടെ വരുന്ന പോസ്‌കോ പദ്ധതി. ദക്ഷിണ കൊറിയന്‍ കമ്പനിയായ പോസ്‌കോ സ്റ്റീല്‍ കമ്പനിയും തുറമുഖവുമാണ് സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. ഏകദേശം 52000 കോടി രൂപ ചെലവുപ്രതീക്ഷിക്കുന്നുണ്ട് ഈ പദ്ധതിയില്‍.

ജൂണ്‍ 22-നാണ് സര്‍ക്കാരും കമ്പനിയും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചത്. പദ്ധതിക്കെതിരെ പോസ്‌കോ പ്രതിരോധ് സംഗ്രാം സമിതി (പി.പി.എസ്.എസ്)യുടെ നേതൃത്വത്തിലാണ് സമരം നടന്നുവരുന്നത്. ഈ പദ്ധതി പ്രകാരം മുപ്പതിനായിരത്തില്‍പ്പരം കര്‍ഷകരും ആദിവാസികളുമടങ്ങുന്ന ജനതയ്ക്കാണ് തങ്ങളുടെ കിടപ്പാടവും ജീവിതവും നഷ്ടമാകുന്നത്. ആദിവാസി ഭൂരിപക്ഷമുള്ള സ്ഥലമായതുകൊണ്ട് തന്നെ ഈ പദ്ധതി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ആദിവാസി ജീവിതങ്ങളെയാണ്. ഇതിനോടകം സര്‍ക്കാര്‍ 2700 ഏക്കര്‍ സ്ഥലം പിടിച്ചെടുത്തുകഴിഞ്ഞു.

“ഈ സമരത്തെ പരാജയപ്പെടുത്താന്‍ സര്‍ക്കാര്‍ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്ന് സി.പി.ഐ നേതാവും സമരസമിതി നേതാവുമായ അഭയ് സാഹു വ്യക്തമാക്കി.” “പോസ്‌കോ ഈ മണ്ണില്‍ നിന്നും പിന്‍മാറുംവരെ സമരം മുന്നോട്ട് പോകും” എന്ന് പി.പി.എസ്.എസ്‌ന്റെ മറ്റൊരു വക്താവായ പ്രശാന്ത് പൈകരിയും വ്യക്തമാക്കി.

നിരവധിയായ തന്ത്രങ്ങള്‍ സര്‍ക്കാരുകള്‍ ഈ സമരത്തിനെതിരായി പ്രയോഗിച്ചിരുന്നു. നിരവധി പാക്കേജുകള്‍ പ്രഖ്യാപിച്ചും സമാധാനപരമായ സമരത്തിനെതിരെ കിരാതമായ അടിച്ചമര്‍ത്തലുകള്‍ നടത്തിയും അഭയ് സാഹു ഉള്‍പ്പെടെയുള്ള സമരനേതാക്കള്‍ക്കെതിരെ കള്ളക്കേസുകളും നിയമവിരുദ്ധ അറസ്റ്റുകള്‍ നടത്തിയുമൊക്കെ സമരത്തെ പരാജയപ്പെടുത്താമെന്ന് സര്‍ക്കാരുകള്‍ കരുതിയെങ്കിലും ഇവയെയൊക്കെ സമരം അതിജീവിച്ചാണ് ഒമ്പതാം വര്‍ഷത്തില്‍ എത്തിയിരിക്കുന്നത്.

അവസാനമായി ഹന്‍സുവാ നദിയില്‍ നിന്നും ജലമെടുക്കാനുള്ള അനുമതിയും പോസ്‌കോയ്ക്ക് ലഭിച്ചിരിക്കുന്നു. ഇതിനെതിരെ ഹന്‍സുവാ ബച്ചാവോ സംഘര്‍ഷ് സമിതി ബഹുജന മാര്‍ച്ച് നടത്തിയിരുന്നു. നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും ഈ പദ്ധതി കാരണമാകുമെന്നും കണക്കുകൂട്ടുന്നു. ജൈവഭൂയിഷ്ടമായ ഖാന്ധദാര്‍ മേഖലയെ സംരക്ഷിക്കുക എന്നത് സമരത്തിന്റെ മറ്റൊരു മുദ്രാവാക്യമാണ്. ഇക്കഴിഞ്ഞ ലോക പരിസ്ഥിതി ദിനത്തിന് പൗദി ഭുയിയാന്‍ ആദിമ ജനജാതി നേതാവ് ബിലുവാ നായിക്കിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനത്തെ “ഖന്ധദാര്‍ സംരക്ഷണദിന”മായി ആചരിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more