| Wednesday, 17th July 2013, 12:22 am

പോസ്‌ക്കോ കര്‍ണാടകയില്‍ നിന്നും പിന്‍മാറുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ബാംഗ്ലൂര്‍: ഒന്നാം നിര സ്റ്റീല്‍ കമ്പനിയായ പോസ്‌ക്കോ കര്‍ണാടകയില്‍ തുടങ്ങാനിരുന്ന പദ്ധതി ഉപേക്ഷിക്കുന്നു. വര്‍ഷത്തില്‍ 60 ലക്ഷം ടണ്‍ ഉരുക്ക് നിര്‍മാണം ലക്ഷ്യമിട്ടായിരുന്നു കര്‍ണാടകയില്‍ പ്ലാന്റ് തുറക്കാന്‍ പോസ്‌ക്കോ പദ്ധതിയിട്ടിരുന്നത്. []

എന്നാല്‍ വിപണിയിലെ മാന്ദ്യവും ഭൂമിയേറ്റെടുക്കലിലെ കാലതാമസവുമാണ് പദ്ധതി ഉപേക്ഷിക്കാന്‍ പോസ്‌ക്കോയെ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്.

കര്‍ണാടകയിലെ ഗഡഗില്‍ സ്ഥാപിക്കാനിരിക്കുന്ന പ്ലാന്റിനുള്ള ഭൂമി ഏറ്റെടുക്കല്‍ ഇതുവരെ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ലെന്നും നിലവിലെ വിപണി സാഹചര്യം പ്ലാന്റ് തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുകൂലമല്ലെന്നും കമ്പനി വൃത്തങ്ങള്‍ അറിയിക്കുന്നു.

അതേസമയം പ്ലാന്റ് തുടങ്ങുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു രീതിയിലുള്ള വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് പോസ്‌കോ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ യോങ് വോണ്‍ യൂന്‍ പറഞ്ഞു.

പോസ്‌ക്കോയുടെ കമ്പനി തുടങ്ങുന്നതിനായി വ്യവസായ വകുപ്പും കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് ബോര്‍ഡും എല്ലാ രീതിയിലുള്ള സഹായവും ചെയ്തിരുന്നെന്നും അതിന് അവരോടുള്ള നന്ദി അറിയിക്കുകയാണെന്നും യോങ് വൂണ്‍ അറിയിച്ചു.

2010 ജൂണിലാണ് ബാംഗ്ലൂരില്‍ നടന്ന ആഗോള നിക്ഷേപ സംഗമത്തിലാണ് കര്‍ണാടക സര്‍ക്കാരുമായി പോസ്‌കോ ധാരാണാ പത്രത്തില്‍ ഒപ്പുവെച്ചത്.

പോസ്‌ക്കോയുടെ പ്ലാന്റ് ഗഡഗില്‍ സ്ഥാപിക്കാനും 2011 ല്‍ തീരുമാനമായി. 2011 ജൂണില്‍ ഭൂമി ഏറ്റെടുക്കലിനായുള്ള ആലോചനകള്‍ തുടങ്ങിയെങ്കിലും പ്രദേശത്തെ ഗ്രാമവാസികളില്‍ നിന്നും കര്‍ഷകരില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നു.

ഇതേത്തുടര്‍ന്ന് 2011 ജൂണില്‍ തന്നെ ഭൂമിഏറ്റെടുക്കല്‍ പ്രക്രിയ പോസ്‌ക്കോക്ക് നിര്‍ത്തിവെക്കേണ്ടി വന്നു.

We use cookies to give you the best possible experience. Learn more