“കുഞ്ഞുങ്ങളേ നിങ്ങള്‍ കലാപത്തെയും ബുള്ളറ്റുകളെയും-രാഷ്ട്രത്തിന്റെയും കോര്‍പറേറ്റ് ശക്തികളുടെയും നീതികേടിനെയും ഏറ്റുവാങ്ങാന്‍ തയ്യാറായിക്കോളൂ. നിങ്ങളുടെ ഭാവി കൊല ചെയ്യപ്പെടാന്‍ പോകുന്നു. നിങ്ങള്‍ സ്‌കൂള്‍ ഉപേക്ഷിച്ച് സമരത്തില്‍ ചേരുക. നിങ്ങളുടെ രക്ഷിതാക്കളോടൊപ്പം നിങ്ങളും മുന്‍നിരയിലുണ്ടാകണം. അതേ, നിങ്ങളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലാകാന്‍ പോകുന്നത്. ഇത് നിങ്ങളുടെ നിലനില്‍പ്പിന് വേണ്ടിയുള്ള സമരമാണ്. ആഗോളവല്‍ക്കരണത്തിനെതിരെയുള്ള പോരാട്ടമാണ്. നിങ്ങള്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കപ്പെടാന്‍ പോകുന്നു.”
ഫേസ് ടു ഫേസ്
അഭയ്‌സാഹു/സുബിന്‍ പി എസ്
വര്‍ത്തമാന ഇന്ത്യയിലെ ഐതിഹാസികസമരങ്ങളിലൊന്നായ ഒഡീഷ്യയിലെ പോസ്‌കോ വിരുദ്ധസമരം ഭരണകൂടത്തെ പിടിച്ചുകുലുക്കികൊണ്ട് മുന്നേറുകയാണ്. പോസ്‌കോ കമ്പനി വന്നാല്‍ കുടിയിറക്കിന് ഇരയാകേണ്ടിവരുന്ന ആയിരക്കണക്കിന് മനുഷ്യര്‍, സ്ത്രീകളും കുട്ടികളുമെന്ന വേര്‍തിരിവില്ലാതെ ഇവിടെ കഴിഞ്ഞ ഏഴ് വര്‍ഷമായി ഭരണകൂട അതിക്രമങ്ങളെ മറികടന്ന് സമരം നയിക്കുന്നു. അതിന് നേതൃത്വം കൊടുക്കുന്ന സി.പി.ഐ നേതാവ് അഭയ് സാഹു ഒന്നില്‍ കൂടുതല്‍ തവണ കള്ളക്കേസില്‍ കുടുങ്ങി ജയിലിലടക്കപ്പെട്ടിട്ടുണ്ട്. 51 കേസുകളില്‍ ചിലതില്‍ പ്രതിചേര്‍ത്ത് കഴിഞ്ഞ ഒന്നര വര്‍ഷമായി ജയിലില്‍ കഴിയുന്ന അഭയ് സാഹു ഇക്കഴിഞ്ഞ 2012 മാര്‍ച്ച് 14നാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ഇതിനു മുമ്പും മറ്റു ചില കേസുകളില്‍ ഉള്‍പ്പെടുത്തി അദ്ദേഹം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. നാലരവര്‍ഷം ഒളിവിലും കഴിഞ്ഞിട്ടുണ്ട്.
ദക്ഷിണകൊറിയന്‍ സ്റ്റീല്‍ കമ്പനിയായ പോസ്‌കോ 50,000 കോടി രൂപയുടെ പദ്ധതിക്കായി 2005 ലാണ് ഒഡീഷ്യന്‍ സര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. കേന്ദ്രസര്‍ക്കാര്‍ ഇതിനു പിന്നാലെ 2007ല്‍ പാരിസ്ഥിതിക അനുമിതി നല്‍കുകയും ചെയ്തു. ഇതിനെതിരെയാണ് പദ്ധതി പ്രദേശമായി തിരഞ്ഞെടുക്കപ്പെട്ട ജഗത് സിങ്പുര്‍ ജില്ലയിലെ ജനത പ്രക്ഷോഭരംഗത്തിറങ്ങിയത്. പതിനായിരക്കണക്കിന് ഏക്കര്‍ വനഭൂമി നഷ്ടമാക്കുന്നതും ആയിരക്കണിക്കിന് ആദിവാസികളും മറ്റ് പാവപ്പെട്ടവരുമായ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതും വില നിര്‍ണ്ണയിക്കാനാകാത്ത ജൈവവൈവിധ്യമേഖല നശിപ്പിക്കുന്നതുമാണ് പദ്ധതി ഉയര്‍ത്തുന്ന വെല്ലുവിളി.
പോസ്‌കോ പ്രതിരോധ സംഗ്രാം സമിതി (PPSS) എന്ന ജനകീയ മുന്നണിയാണ് പദ്ധതിക്കെതിരെ സമരം നടത്തുന്നത്. ഇതിന്റെ നേതാവും സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗവുമാണ് അഭയ് സാഹു. പോസ്‌ക്കോയ്ക്കു പുറമെ സമാനമായ ഒട്ടനവധി സമരങ്ങളും ഇപ്പോള്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നടക്കുന്നുണ്ട്. ജയിലില്‍ നിന്ന് ഇറങ്ങിയ സാഹു അത്തരം സമരങ്ങളുമായി ഏകോപനമുണ്ടാക്കാനുള്ള യാത്രാമധ്യേ കേരളത്തിലെത്തിയപ്പോള്‍ ചന്ദ്രിക ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖം.
പോസ്‌കോ വിരുദ്ധ സമരത്തെ അതിന്റെ മുന്നണിപ്പോരാളി എന്ന നിലക്ക് എങ്ങനെ വിലയിരുത്തുന്നു?
2005 ജൂണ്‍ 22ന് ഒഡീഷ്യ ഗവണ്‍മെന്റും Posco (Pohang Iron And Steel Company)യും ഒപ്പുവെച്ച ധാരണാപത്രമാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിനെത്തുടര്‍ന്ന് ഞങ്ങള്‍ പോസ്‌കോ വിരുദ്ധ പോരാളികള്‍ പോസ്‌കോ പ്രതിരോധ സംഗ്രാം സമിതി രൂപവല്‍ക്കരിച്ചു. ഭൂമി ഏറ്റെടുക്കലിനും തിരിമറിക്കും എതിരായ സമരത്തെ കഴിഞ്ഞ ഏഴു വര്‍ഷമായി സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. ജനങ്ങളുടെ ഐക്യത്തെ തകര്‍ക്കാനും മുന്നേറ്റത്തെ തടയാനും പോസ്‌കോയും സര്‍ക്കാരും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നു. ജനങ്ങളെ പലതരത്തില്‍ ആക്രമിച്ചും ഗുണ്ടകളെ വിട്ടും ബോംബാക്രമണങ്ങള്‍ നടത്തിയും അത് തുടര്‍ന്നുവരുന്നു. പക്ഷേ അവര്‍ക്ക് അടിച്ചമര്‍ത്തല്‍ എളുപ്പമായിരുന്നില്ല. കള്ളക്കേസുകളില്‍ കുടുക്കി നേതൃത്വത്തെ പിന്തിരിപ്പിക്കാനും ശ്രമമുണ്ടായി.
സ്ത്രീകളും കുട്ടികളും അടക്കമുള്ള നാനൂറില്‍പ്പരം സമരക്കാര്‍ക്കെതിരെ ഇരുനൂറോളം കള്ളക്കേസുകള്‍ സൃഷ്ടിച്ചു. അങ്ങനെ നരകതുല്യമായ ജീവിതത്തിലേക്ക് ജനങ്ങളെ പറഞ്ഞുവിട്ടു. ഗ്രാമങ്ങള്‍ വിട്ട് പുറത്തുപോകാന്‍ പോലും അവര്‍ക്ക് സാധിക്കുന്നില്ല. 51 കേസുകളിലാണ് എന്നെ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തത്. മുന്നേറ്റത്തെ തകര്‍ക്കാനും അതിനുള്ളില്‍ വിഭാഗീയത ഉണ്ടാക്കാനുമുള്ള ശ്രമങ്ങള്‍ നടന്നു. ഇതിനിടയില്‍ ഭൂമി ഏറ്റെടുത്തതായുള്ള ഗവണ്‍മെന്റിന്റെ പ്രഖ്യാപനമുണ്ടായി. ഭൂമി ബലം പ്രയോഗിച്ച് പിടിച്ചെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് രാജ്യത്തെ ഭൂനിയമങ്ങള്‍ക്ക് വിരുദ്ധമാണ്. നിയമവിരുദ്ധ പ്രവൃത്തികളുടെ നീണ്ടനിര ഇവിടെ കാണാം.
സമരം ശക്തമായതോടെ പദ്ധതി സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിവിധ കമ്മിറ്റികള്‍ പഠനം നടത്തി. Saxena Committee Report, Meena Gupta Committee Report, NHIRC റിപ്പോര്‍ട്ട് എന്നിവയാണ് പുറത്തുവന്നിരിക്കുന്നത്. “നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ ” പ്രശ്‌നത്തില്‍ ഇടപെട്ടു. ഇതൊക്കെ കാണിക്കുന്നത് സംസ്ഥാന ഗവണ്‍മെന്റിന്റെയും കുത്തകകളുടെയും വൃത്തികെട്ട മുഖത്തെയാണ്. റിപ്പോര്‍ട്ടുകള്‍ പലതും പദ്ധതിക്കെതിരായതിനാല്‍ ഒഡീഷ്യ സര്‍ക്കാര്‍ ജനാഭിപ്രായത്തിന് വിലകല്‍പിക്കേണ്ടതുണ്ട്. കമ്പനിക്ക് വേണ്ടിയല്ല സര്‍ക്കാര്‍ നിലകൊള്ളുന്നതെങ്കില്‍ പദ്ധതി പിന്‍വലിക്കണം. ജനങ്ങള്‍ അഭിലഷിക്കുന്നെങ്കില്‍ അവര്‍ വന്നുകൊള്ളട്ടെ.
ഇന്ത്യയിലെങ്ങും വിവിധങ്ങളായ ജനകീയ സമരങ്ങള്‍ രൂപംകൊള്ളുന്നു. കൂടംകുളം സമരവേദി താങ്കള്‍ സന്ദര്‍ശിച്ചിട്ടുമുണ്ട്. ഇത്തരം സമരങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?
വ്യാവസായികവും അല്ലാത്തതുമായ ജനവിരുദ്ധ നയങ്ങള്‍ക്കും ജനങ്ങളെ അവരുടെ ഇടങ്ങളില്‍ നിന്ന് ആട്ടിപ്പായിക്കുന്നതിനും ഭൂമി കൊള്ളയും പ്രകൃതിവിഭവ ചൂഷണത്തിനും ധാതുസമ്പത്ത് കൊള്ളയടിക്കും എതിരെ ഒഡീഷ്യയില്‍ വിവിധ തരത്തിലുള്ള ജനകീയ മുന്നേറ്റങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. അതേപോലെയാണ് തമിഴ്‌നാട്ടിലെ കൂടംകുളം സമരത്തെയും കാണുന്നത്. കൂടംകുളം സമരത്തോട് ഞാന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. സമരനേതാവായ ഉദയകുമാറിനെ ഞാന്‍ നേരില്‍ കണ്ടിരുന്നു. ഇരുനൂറിലധികം കള്ളക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കയാണദ്ദേഹം. സെക്ഷന്‍ 37 പ്രകാരം ജനങ്ങളെ നിരവധി കേസില്‍പ്പെടുത്തിയിരിക്കുകയാണിവിടെ .
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിച്ചമര്‍ത്താനുള്ള ആയുധമായി ഇത്തരം കള്ളക്കേസുകള്‍ ഉപയോഗിക്കുന്നു. കള്ളക്കേസുകള്‍ തുറന്നു കാണിക്കുന്നതിനായി തിരുവനന്തപുരത്ത് “ഫാബ്രിക്കേറ്റഡ്‌ഡോട്ഇന്‍” (fabricated.in) എന്ന പേരില്‍ വെബ്‌സൈറ്റ് ഞങ്ങള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ഇത്തരം കള്ളക്കേസുകള്‍ ഗവണ്‍മെന്റ് എന്തിന്, എങ്ങനെ ഉപയോഗിക്കുന്നു എന്നതിന് ഉത്തരം നല്‍കാന്‍ ഇത് സഹായകമാണ്.
രാഷ്ട്രത്തിന്റെ ഏത് ഭാഗത്ത് നടക്കുന്നതായാലും ജനാധിപത്യപരവും പുരോഗമനാത്മകവുമായ എല്ലാത്തരം ചെറുത്തുനില്‍പുകളോടും ഞാന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു, പിന്തുണക്കുന്നു.
ബലപ്രയോഗത്തിലൂടെ ജനകീയ ചെറുത്തുനില്‍പുകളെ അടിച്ചൊതുക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളെ എങ്ങനെ കാണുന്നു? പോസ്‌കോ സമരമുഖത്തും സമാനമായ സംഭവങ്ങള്‍ ഉണ്ടാകുന്നു.
ഇന്ത്യന്‍ ഭരണകൂടം അടുത്ത കാലങ്ങളില്‍ ഒരു പരീക്ഷണത്തിലാണ്. രാഷ്ട്രത്തിന്റെ പല ഭാഗങ്ങളില്‍ സര്‍ക്കാറുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരെ ജനാധിപത്യപരമായി സംഘടിക്കുന്നവരെയും അതില്‍ പങ്കെടുക്കുന്ന സമരനേതാക്കളെയും എങ്ങനെ കീഴ്‌പ്പെടുത്താം എന്ന പഠനത്തിലാണവര്‍. കരുണയില്ലാതെ അവയെ തകര്‍ക്കാനും ബലപ്രയോഗത്തിലൂടെ അതിനെ നേരിടാനും അത് സൈനികമോ അര്‍ധസൈനികമോ പൊലീസിനെയോ എ.ടി.എസിനെയോ ഉപയോഗിച്ചായാലും. ഇതിന്റെ പേരില്‍ ആളെ തട്ടിക്കൊണ്ടുപോകല്‍ പോലും നടക്കുന്നു. ജനാധിപത്യത്തിന്റെ വക്താക്കളെ ഇത്തരത്തില്‍ കൈകാര്യം ചെയ്യുമ്പോള്‍ ജനാധിപത്യ വിരുദ്ധ ശക്തികള്‍ ആണ് യഥാര്‍ത്ഥത്തില്‍ ലാഭമുണ്ടാക്കുന്നത്. ഒരു വശത്ത് ജനാധിപത്യരീതിയില്‍ സമരം ചെയ്യുന്ന എന്നെപ്പോലെയുള്ളവര്‍ അറസ്റ്റ് ചെയ്യപ്പെടുന്നു.
ഇത് ജനാധിപത്യ വിശ്വാസികളില്‍ അമ്പരപ്പുണ്ടാക്കുന്നു. മറുവശത്ത് മാവോയിസ്റ്റുകള്‍ വിദേശികളെ വരെ തട്ടിക്കൊണ്ടുപോവുകയും അവരുടെ ആളുകളെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യമാണ് ഒഡീഷ്യയില്‍ ഉള്ളത്. ഗവണ്‍മെന്റ് എന്നെ അറസ്റ്റ് ചെയ്തു. പക്ഷേ ഞാനൊരു ജനാധിപത്യവാദിയാണ്. സി.പി.ഐയുടെ ദേശീയ കൗണ്‍സിലംഗവുമാണ്. ഞാന്‍ ആരെയും തട്ടിക്കൊണ്ട് പോകാറില്ല. ജനാധിപത്യ മാര്‍ഗങ്ങളിലധിഷ്ഠിതമായ സമരങ്ങളെ അംഗീകരിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യ സമരങ്ങള്‍ക്കായാലും മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്കായാലും രാഷ്ട്രീയമായ പ്രതിവിധി കണ്ടെത്തേണ്ടിയിരിക്കുന്നു.
സായുധമായി പോസ്‌കോ വിരുദ്ധ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ എങ്ങനെ നേരിടും?
ഒഡീഷ്യയിലെ ജനങ്ങള്‍ ഉണര്‍ന്നു കഴിഞ്ഞു. പോസ്‌കോ വിരുദ്ധ സമരം ജനതയുടെ ഇടയില്‍ ഒരു സെന്‍സിറ്റീവ് ഇഷ്യൂ ആയി മാറിക്കഴിഞ്ഞു. സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള നിരന്തരമായ എതിര്‍പ്പുകളും സായുധമായുള്ള അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. ഇനിയും ജനാധിപത്യപരമായ ഈ സമരത്തെ തികച്ചും അനുകരണീയമല്ലാത്ത രീതിയില്‍ ഭരണകൂടം അടിച്ചമര്‍ത്താനുള്ള ശ്രമമാണ് കാണിക്കുന്നതെങ്കില്‍ അത് രാഷ്ട്രത്തിനെതിരെ തിരിയുന്ന”ബൂമറാംഗു”കളുമാകും എന്നു മാത്രമല്ല ആത്മഹത്യാപരവുമാകും. അത്തരം നീക്കങ്ങള്‍ സമരത്തിന് ചൂടു കൂട്ടാന്‍ കാരണമാകുകയേ ഉള്ളൂ. മാത്രവുമല്ല രാഷ്ട്രത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനങ്ങള്‍ ഇതിനതിരെ പ്രതികരിക്കാനും അവസരമൊരുക്കുകയേയുള്ളൂ. ചുരുക്കത്തില്‍ ജനാധിപത്യപരമായ ഇത്തരം സമരങ്ങള്‍ ജനവിരുദ്ധ ഭരണകൂടങ്ങളെ ചോദ്യം ചെയ്യാന്‍ പര്യാപ്തമാണ്. ഗാന്ധിയന്‍ സമരമാര്‍ഗ്ഗം തന്നെയാണിത്. നൂറോളം വരുന്ന വിദ്യാര്‍ത്ഥികള്‍ 40 ഡിഗ്രി ചൂടിലും നിലത്ത് കിടന്ന് സായുധരായ പൊലീസുകാര്‍ക്ക് മുന്‍പില്‍ പ്രതിഷേധിച്ച് സമരമുഖത്തെ സജീവമാക്കിയെങ്കില്‍ അത് ഗാന്ധിസത്തിന്റെ ഏറ്റവും ഉയര്‍ന്ന തലം തന്നെയാണ്.
കുട്ടികളെ സമരത്തിനുപയോഗിച്ചത് വിവാദമായല്ലോ?
ചൈല്‍ഡ് റൈറ്റ്‌സ് കമ്മീഷന് പരാതി ലഭിച്ച പ്രകാരം കമ്മീഷന്‍ അവിടെ സന്ദര്‍ശിക്കുകയും അവര്‍ സര്‍ക്കാറിനെതിരായി ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമാണ് ചെയ്തത്. കുട്ടികളില്‍ സ്‌കൂളില്‍ പോകേണ്ട സാഹചര്യമുണ്ടാക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. രക്ഷിതാക്കള്‍ക്ക് നേരെ ഗവണ്‍മെന്റിന്റെ നടപടികള്‍ അവസാനിപ്പിച്ചേ മതിയാകൂ.
പോസ്‌കോ കമ്പനിയുടെ വരവിനെ ഒരു വിഭാഗം വികസനത്തിന്റെ സൂചനയായാണല്ലോ കാണുന്നത്?
വികസനം ജനങ്ങളുടെ സമ്മതത്തോടെയാണ് വേണ്ടത്. അല്ലാത്തത് വികസനമല്ല. അല്ലാത്തതിനോട് യോജിപ്പുമില്ല.
ഒഡീഷ്യയുടെ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ സമരം ജനാധിപത്യ രീതി കൈവെടിയാനുള്ള സാധ്യതയുണ്ടോ? പൊലീസുകാരെ നിങ്ങള്‍ ബന്ദികളാക്കിയെന്ന വാര്‍ത്ത അതിന്റെ സൂചകമാണോ?
സിങ്കൂരിലും നന്ദിഗ്രാമിലും ഇടതുപക്ഷത്തിന് തെറ്റുപറ്റി. മമതാ ബാനര്‍ജിയും നക്‌സല്‍ ഗ്രൂപ്പുകളും അത് മുതലെടുക്കുകയും ചെയ്തു.
ഞങ്ങളെ സൈനികമായി അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. ഇത് യുദ്ധസമാനമായ ഒരന്തരീക്ഷത്തിലേക്കാണ് കാര്യങ്ങളെത്തിച്ചത്. സായുധ പൊലീസ് സേനയെ അവിടെ വിന്യസിച്ചു. 2011 ജൂണ്‍ മാസത്തില്‍ മുഴുവന്‍ സ്ഥലത്തും അവര്‍ നിലയുറപ്പിച്ചു. ആ സമയത്താണ് എന്നെ അറസ്റ്റു ചെയ്യാന്‍ അവര്‍ തീരുമാനിച്ചത്. എന്നോടൊപ്പം ആയിരത്തോളം വരുന്ന സമരാനുകൂലികള്‍ ഉണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ സ്‌കൂളില്‍ പോകുന്ന കുട്ടികളോട് വിളിച്ചു പറഞ്ഞു: “കുഞ്ഞുങ്ങളേ നിങ്ങള്‍ കലാപത്തെയും ബുള്ളറ്റുകളെയും-രാഷ്ട്രത്തിന്റെയും കോര്‍പറേറ്റ് ശക്തികളുടെയും നീതികേടിനെയും ഏറ്റുവാങ്ങാന്‍ തയ്യാറായിക്കോളൂ. നിങ്ങളുടെ ഭാവി കൊല ചെയ്യപ്പെടാന്‍ പോകുന്നു. നിങ്ങള്‍ സ്‌കൂള്‍ ഉപേക്ഷിച്ച് സമരത്തില്‍ ചേരുക. നിങ്ങളുടെ രക്ഷിതാക്കളോടൊപ്പം നിങ്ങളും മുന്‍നിരയിലുണ്ടാകണം. അതേ, നിങ്ങളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലാകാന്‍ പോകുന്നത്. ഇത് നിങ്ങളുടെ നിലനില്‍പ്പിന് വേണ്ടിയുള്ള സമരമാണ്. ആഗോളവല്‍ക്കരണത്തിനെതിരെയുള്ള പോരാട്ടമാണ്. നിങ്ങള്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കപ്പെടാന്‍ പോകുന്നു.”
നൂറോളം വരുന്ന വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ പങ്കുചേര്‍ന്നു. അറസ്റ്റ് ചെയ്യാനെത്തിയ കലക്ടറും കമ്മീഷണറും അടക്കമുള്ള സംഘത്തിന് ഒരാളെപ്പോലും തൊടാനാകാതെ തിരിച്ചുപോകേണ്ടി വന്നു. അതിക്രമിച്ചു കടന്ന പൊലീസുകാരെ ജനങ്ങള്‍ ഘരാവോ ചെയ്തിരുന്നു. പ്രവേശിക്കുമ്പോള്‍ആര് തന്നെയായാലും അനുമതി വാങ്ങേണ്ടിയിരിക്കുന്നു. കാരണം ഇവിടെ പോരാട്ടം ഗവണ്‍മെന്റും ജനങ്ങളും തമ്മിലാണ്.
താങ്കള്‍ അടക്കമുള്ള ഇടതുപക്ഷം പോസ്‌കോ സമരത്തിലും സിങ്കൂര്‍-നന്ദിഗ്രാം സമരങ്ങളിലും സ്വീകരിച്ച നിലപാടുകളില്‍ വൈരുദ്ധ്യമുണ്ടല്ലോ?
സിങ്കൂരിലും നന്ദിഗ്രാമിലും ഇടതുപക്ഷത്തിന് തെറ്റുപറ്റി. മമതാ ബാനര്‍ജിയും നക്‌സല്‍ ഗ്രൂപ്പുകളും അത് മുതലെടുക്കുകയും ചെയ്തു. സി.പി.ഐക്ക് വ്യത്യസ്തമായ ഒരു നിലപാടായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ സാഹചര്യത്തെ സ്വാധീനിക്കാന്‍ കഴിയാത്തൊരവസ്ഥയിലായിരുന്നു അന്ന് സി.പി.ഐ. സി.പി.എം ആയിരുന്നു വലിയ പാര്‍ട്ടി. അവരായിരുന്നു സമരം കൈകാര്യം ചെയ്തത്.
കേരളത്തില്‍ ബി.ഒ.ടി സമരത്തിലും മറ്റും ചെറുസംഘടനകളാണല്ലോ സമരമുന്നണിയില്‍. സി.പി.ഐ പോലുള്ള പാര്‍ട്ടികള്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ലല്ലോ?
തിരുവനന്തപുരത്ത് ബി.ഒ.ടി വിരുദ്ധ സമരക്കാരുടെ റാലിയെ ഞാന്‍ അഭിസംബോധന ചെയ്തിരുന്നു. സി.പി.ഐയും അവിടെ ഉണ്ട്. കേരളത്തിന്റെ സാഹചര്യത്തില്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊണ്ടാകാം സി.പി.ഐക്ക് കാര്യമായി ഇടപെടാന്‍ കഴിയാത്തത്. വിദ്യാര്‍ത്ഥി യുവജന സംഘടനകളെയും ഞാനിവിടെ കണ്ടിരുന്നു.
ആഗോളവല്‍ക്കരണവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ഉടലെടുത്തിട്ടുള്ള ഇത്തരം പ്രശ്‌നങ്ങളെ ഇടതുപക്ഷം അതിന്റെ സ്വന്തം അസ്തിത്വത്തില്‍ നിന്നുകൊണ്ട് അഭിമുഖീകരിക്കുന്നതില്‍ പരാജയപ്പെടുന്നില്ലേ ?
താങ്കള്‍ ഉന്നയിച്ച ചോദ്യത്തോട് യോജിക്കുന്നു. ഞാന്‍ ആഗോളവല്‍ക്കരണത്തിന് എതിരാണ്. ഇന്ത്യന്‍ ജനതയുടെ എല്ലാത്തരം പ്രശ്‌നങ്ങളെയും അഭിമുഖീകരിക്കാനോ അതില്‍ ഇടപെടാനോ ഇടതുപക്ഷത്തിന് സാധിച്ചിട്ടില്ല. യഥാര്‍ത്ഥത്തില്‍ ഇവ രാഷ്ട്രീയ സംഘടനകളെയും അവയുടെ സ്വാധീനത്തെയും ആശ്രയിച്ചാണിരിക്കുന്നത്. ഇടതുപക്ഷം ഇരട്ടത്താപ്പ് കാണിച്ചിടത്തെല്ലാം തിരിച്ചടി നേരിട്ടിട്ടുമുണ്ട്. ബംഗാളിലെ വിധി അതിനുള്ള ഉത്തരമാണ്. ഞാന്‍ ഇവയെല്ലാം തുറന്നു പറയാന്‍ ആഗ്രഹിക്കുന്നു.
സി.പി.എമ്മുമായി താരതമ്യപ്പെടുത്തുമ്പോള്‍ സി.പി.ഐ വ്യത്യസ്തമായി ചിലത് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ബംഗാളില്‍ ശക്തമായിരുന്നിട്ട് കൂടി അവര്‍ പരാജയപ്പെട്ടു. അതിനാല്‍ അനുഭവങ്ങളില്‍ നിന്നു നാം പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. ആഗോള വല്‍ക്കരണത്തിനെതിരായുള്ള സമരങ്ങള്‍ പുനരുജ്ജീവിപ്പിക്കേണ്ടിയിരിക്കുന്നു. പോസ്‌കോ സമരം, കൂടംകുളം സമരം ഒക്കെ ആഗോളവല്‍ക്കരണത്തിനെതിരെയുള്ള സമരങ്ങളാണ്. അത് സൈനികവല്‍ക്കരണത്തിനും ആണവവ്യാപനത്തിനും എതിരെയുമാണ്. പോസ്‌കോയില്‍ നിന്ന് കൂടംകുളത്തേക്ക് ഒരു മാര്‍ച്ച് നടത്താനും ഉദ്ദേശിക്കുന്നുണ്ട്. ഇന്ത്യയിലെ വിവിധങ്ങളായ സമരങ്ങളുടെ ഏകോപനവും ലക്ഷ്യം വെക്കുന്നു.
“എം.എല്‍.എം” എന്ന “ഊഹമൂലധന” സാമ്പത്തിക ഇടപാടുകള്‍ക്ക് ആദ്യമായി സംഘടന ഉണ്ടാക്കിയത് എ.ഐ.ടി.യു.സി ആണല്ലോ? ആഗോളവല്‍ക്കരണത്തിനെതിരാണെന്ന് പറയുന്ന സി.പി.ഐ എന്തിനാണ് അപകടകരമായ ഇത്തരം ഇടപാടുകളെ സംരക്ഷിക്കുന്നത്?
മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിനെ ഞങ്ങളുടെ ട്രേഡ് യൂണിയന്‍ അനുകൂലിക്കുന്നു എന്നതിനെക്കുറിച്ച് എനിക്ക് വ്യക്തതയില്ല. പക്ഷേ ഞങ്ങള്‍ ആഗോളവല്‍ക്കരണത്തോട് ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാന്‍ പോകുന്നില്ല. വിദേശ മൂലധന ശക്തികള്‍ സാധാരണക്കാരനെ പ്രലോഭനങ്ങളിലൂടെ ചൂഷണം ചെയ്യുന്നു. കേരളത്തിലെ സംഘടന മറിച്ചൊരു തീരുമാനമെടുക്കുമെന്ന് ഞാന്‍ കരുതുന്നില്ല.
ഏഴു വര്‍ഷമായി പോസ്‌കോ പ്രതിരോധ സംഗ്രാം സമിതി സജീവമാണ്. നിങ്ങളുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് സംശയങ്ങളും ഉയരുന്നുണ്ട്?
സാമ്പത്തിക ആരോപണങ്ങള്‍ വന്നിരുന്നു. ടാറ്റാ കമ്പനിയാണ് എന്നെ സഹായിക്കുന്നത് എന്നതാണ് ഒരു ആരോപണം. ഒഡീഷ്യ സര്‍ക്കാറിനോട് ആരോപണം ശരിയാണെങ്കില്‍ തെളിയിക്കാനും ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്‌കോ കമ്പനിയും സര്‍ക്കാറും ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. സി.പി.ഐക്ക് ടാറ്റയ്‌ക്കെതിരെ പോരാടിയ ചരിത്രമാണുള്ളത്. ഞങ്ങള്‍ കാര്‍ഷിക സമ്പദ്ഘടനക്ക് വേണ്ടി നിലകൊള്ളുന്നവരാണ്. പുതിയ തരം വ്യവസായവല്‍ക്കരണം കാര്‍ഷിക വ്യവസ്ഥയെ തകര്‍ക്കുന്നു. ഞങ്ങള്‍ ഭൂമി ടാറ്റക്കോ പോസ്‌കോ കമ്പനിക്കോ കൊടുക്കില്ല. കൃഷിഭൂമി എന്തു വിലകൊടുത്തും സംരക്ഷിക്കും. ഞങ്ങള്‍ ജനതാല്‍പര്യമാണ് പറയുന്നത്. ജനപങ്കാളിത്തമാണ് ഞങ്ങളുടെ മൂലധനം. അതാണ് ഏഴു വര്‍ഷമായി ഞങ്ങള്‍ പിടിച്ചുനില്‍ക്കുന്നതിന്റെ കാരണവും.
ഈയിടെ ജാതി അടിസ്ഥാനത്തില്‍ ജനങ്ങളെ സംഘടിപ്പിക്കും എന്ന് എ.ബി ബര്‍ദന്‍ സൂചിപ്പിച്ചുകണ്ടു. സി.പി.ഐ സ്വത്വ രാഷ്ട്രീയത്തെ അംഗീകരിക്കുകയാണോ?
ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്. അനേകം ജാതികളും മതങ്ങളും ഇന്ത്യയില്‍ ഉണ്ട്. സി.പി.ഐ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുന്നു. എല്ലാത്തരത്തിലുമുള്ള ജനങ്ങളെയും ചലിപ്പിക്കേണ്ടതുണ്ട്. എല്ലാ ജാതി- മതങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരുപോലെയാണ്. മായാവതിയും ബി.എസ്.പിയും എസ്.പിയും അല്ലെങ്കില്‍ ലാലുപ്രസാദ് യാദവും ചെയ്യുന്നത് പോലെയല്ല. അവരുടേത് ജാതി അധിഷ്ഠിത രാഷ്ട്രീയമാണ്. ജാതിക്ക് ഇന്ത്യയില്‍ ഒരു ചരിത്ര പാരമ്പര്യം അവകാശപ്പെടാനുണ്ട്. അത് വികസനത്തിനും പുരോഗതിക്കും തടസ്സമാണ്. എന്നിരിക്കിലും അതിനെ കക്ഷിരാഷ്ട്രീയക്കാര്‍ ഉപയോഗിക്കുന്നുമുണ്ട്.
കടപ്പാട് : ചന്ദ്രിക ആഴ്ച്ചപ്പതിപ്പ്