റൊണാൾഡോയും മെസിയും വീണ്ടും നേർക്കുനേർ; പോർച്ചുഗൽ-അർജന്റീന പോരാട്ടത്തിന് കളമൊരുങ്ങാൻ സാധ്യത?
Football
റൊണാൾഡോയും മെസിയും വീണ്ടും നേർക്കുനേർ; പോർച്ചുഗൽ-അർജന്റീന പോരാട്ടത്തിന് കളമൊരുങ്ങാൻ സാധ്യത?
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 28th June 2024, 2:05 pm

യൂറോകപ്പിന്റെയും കോപ്പ അമേരിക്കയുടെയും ആവേശത്തിലാണ് ലോകത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍. ഈ സാഹചര്യത്തില്‍ ഇതിഹാസതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും തങ്ങളുടെ ഫുട്‌ബോള്‍ കരിയറിന്റെ തങ്ങളുടെ അവസാന സമയങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

അവസാനമായി രണ്ട് ഇതിഹാസതാരങ്ങളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനുള്ള സാധ്യതയാണ് ഫുട്‌ബോള്‍ ലോകത്ത് ഏറെ ശ്രദ്ധേയമാകുന്നത്. കോപ്പ അമേരിക്ക ചാമ്പ്യന്മാരും യൂറോ ചാമ്പ്യന്മാരും തമ്മില്‍ അടുത്തവര്‍ഷം ഫൈനല്‍ സീമയില്‍ ഏറ്റുമുട്ടും. അതുകൊണ്ട് തന്നെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ചാമ്പ്യന്മാര്‍ ആവുകയും യൂറോ കപ്പില്‍ പോര്‍ച്ചുഗല്‍ കിരീടം ഉയര്‍ത്തുകയും ചെയ്താല്‍ വീണ്ടും ഫുട്‌ബോള്‍ ലോകത്തിന് മുന്നില്‍ മെസി-റൊണാള്‍ഡോ മത്സരം അരങ്ങേറും.

അവസാനമായി രാജ്യാന്തരതലത്തില്‍ താരങ്ങളും പരസ്പരം ഏറ്റുമുട്ടിയത് 2014ലെ സൗഹൃദ മത്സരത്തില്‍ ആയിയിരുന്നു. അന്ന് ഏകപക്ഷീയമായ ഒരു ഗോളിന് റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനായിരുന്നു വിജയം. മെസിയും റോണോയും ക്ലബ്ബിലും അന്താരാഷ്ട്ര തലത്തിലും 37 തവണയാണ് മുഖാമുഖം വന്നിട്ടുള്ളത്.

ഇതില്‍ റൊണാള്‍ഡോ 12 തവണ വിജയിച്ചപ്പോള്‍ മെസി 16 വിജയങ്ങള്‍ സ്വന്തമാക്കി. ലാ ലിഗയില്‍ റയല്‍ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള എല്‍ ക്ലാസിക്കോ മത്സരങ്ങളില്‍ 30 തവണയാണ് രണ്ട് ഇതിഹാസതാരങ്ങളും ഏറ്റുമുട്ടിയത്. ഇതില്‍ 14 തവണ റൊണാള്‍ഡോ വിജയിച്ചപ്പോള്‍ എട്ട് തവണ വിജയം മെസിക്കൊപ്പമായിരുന്നു. എട്ട് തവണ സമനിലയില്‍ പിരിയുകയും ചെയ്തു.

അതേസമയം നിലവില്‍ കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് എയില്‍ നടന്ന രണ്ടു മത്സരങ്ങളും വിജയിച്ചു കൊണ്ട് അര്‍ജന്റീന പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയിരുന്നു. ആദ്യമത്സരത്തില്‍ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കും രണ്ടാം മത്സരത്തില്‍ രണ്ട് തവണ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലിയെ ഒരു ഗോളിനും പരാജയപ്പെടുത്തി കൊണ്ടാണ് മെസിയും സംഘവും അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. ജൂണ്‍ 30ന് പെറുവിനെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.

മറുഭാഗത്ത് പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും ഒരു തോല്‍വിയും അടക്കം ആറ് പോയിന്റുമായാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. ആദ്യ മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കും രണ്ടാം മത്സരത്തില്‍ തുര്‍ക്കിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കും ആണ് റൊണാള്‍ഡോയും സംഘവും പരാജയപ്പെടുത്തിയത്.

എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ജോര്‍ജിയെക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പറങ്കിപ്പട പരാജയപ്പെടുകയും ചെയ്തു. ജൂലൈ രണ്ടിന് പ്രീക്വാര്‍ട്ടറില്‍ സ്ലൊവേനിയക്കെതിരെയാണ് റോബര്‍ട്ടോ മാര്‍ട്ടിനസിന്റെയും സംഘത്തിന്റെയും അടുത്ത മത്സരം.

 

Content Highlight: Portugal vs Argentina Match Possibilities