പി.എസ്.ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറാണ് ലോകത്തിലെ ഏറ്റവും മികച്ച വിങ്ങറെന്ന് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ താരം ജാവോ ഫെലിക്‌സ്. കണ്ടന്റ് ക്രിയേറ്റര്‍ ആഡ്രി കോണ്‍ട്രേറസിന്റെ ഒരു പരിപാടിക്കിടെയാണ് താരത്തിനോട് മികച്ച വിങ്ങറാരാണെന്ന് ചോദിച്ചത്.
രണ്ടാമതൊന്നാലോചിക്കാതെ ‘നെയ്മര്‍’ എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.
നെയ്മറും ഫെലിക്‌സും ഒരിക്കല്‍ പോലും ഒരുമിച്ച് കളിച്ചിട്ടില്ല. ഒരുമിച്ച് കളിച്ചിട്ടില്ല എന്നുമാത്രമല്ല എതിരാളികളായി പോലും സീനിയര്‍ ലെവലില്‍ പരസ്പരം ഏറ്റുമുട്ടിയിട്ടില്ല.
എന്നാല്‍ നെയ്മറിനൊപ്പം ഒരേ ടീമില്‍ കളിക്കണമെന്ന് ഫെലിക്‌സ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ടി.എന്‍.ടി സ്‌പോര്‍ട്‌സിനോടായിരുന്നു ഫെലിക്‌സ് ഇക്കാര്യം പറഞ്ഞത്.
‘യെസ്, അതില്‍ ഒരു സംശയവും വേണ്ട. എനിക്ക് തോന്നുന്നത് ഞങ്ങള്‍ രണ്ട് പേരും ചേര്‍ന്നാല്‍ മികച്ച ഒരു ഡുവോ തന്നെ ഉണ്ടാവുംഎന്നാണ്. എന്നാല്‍ പിന്നീട് മൈതാനത്ത് കാര്യങ്ങള്‍ ശരിയാവണമെന്നില്ല.
നിങ്ങള്‍ക്കറിയാന്‍ സാധിക്കില്ല, പക്ഷേ എനിക്ക് തോന്നുന്നത് ഞങ്ങള്‍ക്ക് മികച്ച ഒരു ടീം തന്നെ പടുത്തുയര്‍ത്താന്‍ സാധിക്കുമെന്നാണ്,’ ഫെലിക്‌സ് പറയുന്നു.
നെയ്മറിനൊപ്പം ഒരിക്കല്‍ പോലും മൈതാനം പങ്കിടാന്‍ താരത്തിനായിട്ടില്ല. നെയ്മര്‍ ലാ ലീഗയില്‍ ബാഴ്‌സലോണക്ക് വേണ്ടി കളിക്കുന്ന സമയം ഫെലിക്‌സ് പോര്‍ച്ചുഗീസ് ലീഗായ പ്രീമിയെറ ലീഗയില്‍ ബെന്‍ഫിക്കക്ക് വേണ്ടി കളിക്കുകയായിരുന്നു.
താരം ബെന്‍ഫിക്ക വിട്ട് ലാ ലീഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനൊപ്പം ചേരുന്നതിന് മുമ്പ് തന്നെ നെയ്മര്‍ ലീഗ് വണ്ണില്‍ പാരീസ് സെന്റ് ഷെര്‍മാങ്ങിനൊപ്പം ചേര്‍ന്നിരുന്നു.
വരാനിരിക്കുന്ന ഖത്തര്‍ ലോകകപ്പിനുള്ള പോര്‍ച്ചുഗല്‍ ടീമില്‍ ഫെലിക്‌സ് ഇടം നേടിയിട്ടുണ്ട്. ഒരുപക്ഷേ ഇരു താരങ്ങളും ഖത്തറില്‍ വെച്ച് ആദ്യമായി കൊമ്പുകോര്‍ത്തേക്കും.
യുവേഫ ചാമ്പ്യന്‍സ് ലീഗിലും ഇവര്‍ പരസ്പരം ഏറ്റുമുട്ടിയേക്കാം. ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് ബിയിലാണ് അത്‌ലറ്റിക്കോ. കളിച്ച രണ്ട് മത്സരത്തില്‍ നിന്നും ഒരു ജയവും തോല്‍വിയുമായി പോയിന്റ് പട്ടികയില്‍ മൂന്നാമതാണ് അത്‌ലറ്റിക്കോ.
ക്ലബ്ബ് ബ്രൂഗ്ഗി, ബയേണ്‍ ലെവര്‍കൂസന്‍, പോര്‍ട്ടോ എഫ്.സി എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകള്‍.
അതേസമയം, ഫെലിക്‌സിന്റെ പഴയ ടീമായ ബെന്‍ഫിക്കക്കൊപ്പം ഗ്രൂപ്പ് എച്ചിലാണ് നെയ്മറും പി.എസ്.ജിയും. നിലവില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാം സ്ഥാനത്താണ് ബെന്‍ഫിക്ക.
Content Highlight: Portugal star Joao Felix says Neymar is the best winger in the world