2024 ജൂണ്‍ 14 മുതല്‍ ജൂലൈ 14വരെ ജര്‍മനിയില്‍ വെച്ച് നടക്കുന്ന യൂറോകപ്പിനു മുന്നോടിയായുള്ള സൗഹൃദമത്സരങ്ങള്‍ക്കുള്ള പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. സ്വീഡനെതിരെയും സ്ലൊവാനിയക്കെതിരെയുമാണ് പോര്‍ച്ചുഗല്‍ സൗഹൃദ മത്സരങ്ങള്‍ കളിക്കുക. ഈ മത്സരങ്ങള്‍ക്കുള്ള 32 അംഗങ്ങള്‍ ഉള്ള സ്‌ക്വാഡിനെയാണ് പോര്‍ച്ചുഗീസ് കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ് തെരഞ്ഞെടുത്തത്.
പോര്‍ച്ചുഗല്‍ ടീമില്‍ 39 കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും 41 കാരനായ പോര്‍ട്ടോ ഡിഫന്‍ഡര്‍ പെപ്പെയും ഇടം നേടിയത് ഏറെ ശ്രദ്ധേയമായി.
അല്‍ നസര്‍ നായകന്‍ റൊണാള്‍ഡോ നിലവില്‍ മിന്നും ഫോമിലാണ് കളിക്കുന്നത്. ഇതിനോടകം തന്നെ ഈ സീസണില്‍ 29 ഗോളുകളും 11 അസിസ്റ്റുകളും ആണ് റൊണാള്‍ഡോ നേടിയിട്ടുള്ളത്.
സൗദി ലീഗില്‍ അല്‍ അഹ്ലിക്കെതിരെ നേടിയ ഗോളിന് പിന്നാലെ സൗദി വമ്പന്മാര്‍ക്കൊപ്പം 50 ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്കും റൊണാള്‍ഡോ നടന്നു കയറിയിരുന്നു. താരത്തിന്റെ ഈ മിന്നും ഫോം വരാനിരിക്കുന്ന യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലും പോര്‍ച്ചുഗീസ് ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
മറുഭാഗത്ത് 41ാം വയസ്സിലും പെപ്പെ എഫ്.സി പോര്‍ട്ടോക്ക് വേണ്ടി പ്രതിരോധനിലയില്‍ മിന്നും പ്രകടനമാണ് നടത്തുന്നത്.
ഇവര്‍ക്ക് പുറമെ യൂറോപ്പില്‍ വ്യത്യസ്ത ക്ലബ്ബുകള്‍ക്കായി മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജാവോ കാന്‍സലോ, ബര്‍ണാഡോ സില്‍വ, ബ്രൂണോ ഫര്‍ണാണ്ടസ്, ജാവോ ഫെലിക്‌സ് എന്നീ താരങ്ങളും പോര്‍ച്ചുഗീസ് ടീമില്‍ ഇടം നേടി.