പറങ്കിപ്പടയുടെ വല്യേട്ടന്റെ പടിയിറക്കം; ഹൃദയം കീഴടക്കി റൊണാൾഡോയുടെ വൈകാരികമായ പോസ്റ്റ്
Football
പറങ്കിപ്പടയുടെ വല്യേട്ടന്റെ പടിയിറക്കം; ഹൃദയം കീഴടക്കി റൊണാൾഡോയുടെ വൈകാരികമായ പോസ്റ്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 9th August 2024, 8:32 am

പോര്‍ച്ചുഗലിന്റെ എക്കാലത്തെയും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളായ പെപ്പെ ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. നീണ്ട 23 വര്‍ഷത്തെ ഫുട്‌ബോള്‍ കരിയറിനാണ് പെപ്പെ തന്റെ 41ാം വയസില്‍ വിരാമം കുറിച്ചത്.

പെപ്പെയുടെ വിരമിക്കലിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വൈകാരികമായ കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. റൊണാള്‍ഡോയും പെപ്പയും കളിക്കളത്തില്‍ ഒരുമിച്ചുള്ള വ്യത്യസ്തമായ നിമിഷങ്ങളുടെ ഫോട്ടോയും റൊണാള്‍ഡോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

‘നിങ്ങൾ എനിക്ക് നൽകിയ മികച്ച മികച്ച നിമിഷങ്ങളെക്കുറിച്ച് പറയാൻ വാക്കുകളില്ല. കളിക്കളത്തില്‍ നമ്മള്‍ മത്സരങ്ങള്‍ വിജയിച്ചുകൊണ്ട് എല്ലാം നേടിയെടുത്തു. എന്നാല്‍ ഏറ്റവും വലിയ നേട്ടം എന്നത് നിങ്ങളോട് എനിക്കുള്ള സൗഹൃദവും ബഹുമാനവും ആണ്. എന്റെ സഹോദരാ, നിങ്ങള്‍ അതുല്യനാണ്, വളരെയധികം നന്ദി,’ റൊണാള്‍ഡോ തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

2001ല്‍ പോര്‍ച്ചുഗീസ് സെക്കന്‍ഡ് ഡിവിഷന്‍ ക്ലബ്ബായ മാരിറ്റിമോയുടെ ബി ടീമിനൊപ്പമാണ് പെപ്പെ അരങ്ങേറ്റം കുറിക്കുന്നത്. തൊട്ടടുത്ത വര്‍ഷം ടീമിന്റെ സീനിയര്‍ ടീമിലേക്ക് ഇടം നേടാനും പെപ്പെക്ക് സാധിച്ചു. ഒടുവില്‍ 2004ല്‍ താരം പോര്‍ച്ചുഗല്‍ ക്ലബ്ബ് പോര്‍ട്ടോയിലേക്ക് ചേക്കേറുകയായിരുന്നു.

മൂന്നുവര്‍ഷം പോര്‍ച്ചുഗീസ് ക്ലബ്ബിനൊപ്പം പന്തു തട്ടിയ പെപ്പെ പിന്നീട് 2007ല്‍ റയല്‍ മാഡ്രിഡില്‍ ചേരുകയായിരുന്നു. ലോസ്ബ്ലാങ്കോസിനൊപ്പം 10 സീസണുകളിലാണ് താരം പന്തുതട്ടിയത്. റയല്‍ മാഡ്രിഡിന്റെ വെള്ള കുപ്പായത്തില്‍ 334 മത്സരങ്ങളിലാണ് പോര്‍ച്ചുഗീസ് താരം ബൂട്ട് കെട്ടിയത്. റയലിനൊപ്പം പത്ത് വര്‍ഷത്തിനിടെ ഒരു പിടി കിരീട നേട്ടങ്ങളിലാണ് പെപ്പ പങ്കാളിയായത്.

മൂന്ന് വീതം ലാ ലിഗ കിരീടം, യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം, രണ്ട് വീതം രണ്ട് കോപ്പ ഡെല്‍റേ, സൂപ്പര്‍ കോപ്പ ഡി എസ്പാന, ഫിഫ ക്ലബ്ബ് ലോകകപ്പ്, യുവേഫ സൂപ്പര്‍ കപ്പ് എന്നീ കിരീടങ്ങളാണ് പെപ്പെ റയലിനൊപ്പം നേടിയത്.

പിന്നീട് 2017ല്‍ തുര്‍ക്കി ക്ലബ്ബ് ബെസ്റ്റികാസിനായും താരം കളിച്ചു. പിന്നീട് രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം തന്റെ പഴയ ടീമായ പോര്‍ട്ടോയിലേക്ക് പെപ്പെ തിരിച്ചുപോവുകയായിരുന്നു.

അന്താരാഷ്ട്രതലത്തില്‍ പോര്‍ച്ചുഗല്‍ ടീമിനായി 207ല്‍ അരങ്ങേറ്റം കുറിച്ച പെപ്പെ 141 മത്സരങ്ങളിലാണ് ബൂട്ട് കെട്ടിയത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും താരം പറങ്കിപ്പടയ്ക്കായി നേടി. സ്വന്തം രാജ്യത്തിനൊപ്പം 2016 യൂറോ കപ്പ്, 2018 യുവേഫ നേഷൻസ് ലീഗ് എന്നീ കിരീടനേട്ടങ്ങളിലും പെപ്പെ പങ്കാളിയായി.

അടുത്തിടെ അവസാനിച്ച യൂറോ കപ്പിലും പോര്‍ച്ചുഗലിനു വേണ്ടി പെപ്പെ കളത്തിലിറങ്ങിയിരുന്നു. എന്നാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ടാണ് പറങ്കിപ്പട യൂറോ കപ്പിലെ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്.

 

Content Highlight: Portugal Player Pepe Retired From Football