നീണ്ട 23 വര്‍ഷത്തെ ഫുട്‌ബോള്‍ യാത്ര അവസാനിപ്പിച്ചുകൊണ്ട് പോര്‍ച്ചുഗല്‍ പ്രതിരോധത്തിന്റെ കാവല്‍ഭടനായ പെപ്പെ കളമൊഴിഞ്ഞിരിക്കുകയാണ്. 2024 യൂറോ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ട് പറങ്കിപ്പട പുറത്തായതിന് പിന്നാലെ പെപ്പെ ഫുട്‌ബോളില്‍ നിന്നും വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ താരം വിരമിക്കുന്ന വിവരം ഔദ്യോഗികമായി ഇപ്പോഴാണ് പുറത്തുവിട്ടത്.
ക്ലബ്ബ് തലത്തിലും രാജ്യാന്തരതലത്തിലുമായി 878 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ അനുഭവ സമ്പത്തുള്ള താരമാണ് പെപ്പെ. തന്റെ ഫുട്‌ബോള്‍ കരിയറില്‍ 34 കിരീടങ്ങളാണ് പെപ്പെ നേടിയിട്ടുള്ളത്. ശരാശരി കണക്കുകള്‍ പ്രകാരം പെപ്പെ തന്റെ ഫുട്‌ബോള്‍ കരിയറില്‍ ഓരോ 26 മത്സരങ്ങള്‍ പിന്നിട്ടപ്പോഴും ഓരോ കിരീടങ്ങള്‍ നേടിയിട്ടുണ്ട് എന്നാണ്.
2001ല്‍ പോര്‍ച്ചുഗീസ് സെക്കന്‍ഡ് ഡിവിഷന്‍ ക്ലബ്ബായ മാരിറ്റിമോയുടെ ബി ടീമിന് വേണ്ടിയാണ് പെപ്പെ അരങ്ങേറ്റം കുറിച്ചത്. തന്റെ തകര്‍പ്പന്‍ പ്രകടങ്ങള്‍ക്ക് പിന്നാലെ അധികം വൈകാതെ തന്നെ ടീമിന്റെ സീനിയര്‍ ടീമിനായി ബൂട്ട് കെട്ടാനും പെപ്പെക്ക് സാധിച്ചു. ഒരു വര്‍ഷത്തിന് ശേഷമാണ് പെപ്പെ മാരിറ്റിമോയുടെ സീനിയര്‍ ടീമിനായി കളിച്ചത്.
പിന്നീട് 2004ല്‍ പോര്‍ച്ചുഗലിലെ പ്രധാന ടീമുകളിലൊന്നായ പോര്‍ട്ടോയിലേക്ക് പെപ്പെ ചേക്കേറുകയായിരുന്നു. പോര്‍ട്ടോക്കായി മൂന്ന് സീസണുകളില്‍ പെപ്പെ പന്തുതട്ടി . 2004ല്‍ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് പോര്‍ട്ടോ യൂറോപ്പിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ മാമാങ്കമായ യുവേഫ ചാമ്പ്യന്‍സ് ലീഗ് വിജയിക്കുന്നത്. ഹോസെ മൗറീഞ്ഞോയുടെ കീഴില്‍ ഫ്രഞ്ച് ടീം മൊണോക്കോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞായിരുന്നു പെപ്പെയും കൂട്ടരും യൂറോപ്പിലെ രാജാക്കന്മാരായത്.
പോര്‍ച്ചുഗീസ് ക്ലബ്ബിനൊപ്പമുള്ള തന്റെ മൂന്ന് വര്‍ഷത്തെ യാത്ര അവസാനിപ്പിച്ചുകൊണ്ട് പെപ്പെ 2007ല്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിന്റെ തട്ടകത്തിലെത്തുകയായിരുന്നു. ലോസ് ബ്ലാങ്കോസിനൊപ്പം 10 സീസണുകളിലാണ് പെപ്പെ പന്തുതട്ടിയത്. റയല്‍ മാഡ്രിഡിന്റെ പ്രതിരോധനിരയില്‍ 334 മത്സരങ്ങളിലാണ് പോര്‍ച്ചുഗീസ് താരം പാറ പോലെ ഉറച്ചുനിന്നത്.
പത്ത് വര്‍ഷത്തിനിടെ റയലിനായി ഒരുപിടി കിരീട നേട്ടങ്ങളില്‍ പങ്കാളിയാവാന്‍ പെപ്പെക്ക് സാധിച്ചിട്ടുണ്ട്. മൂന്ന് വീതം ലാ ലിഗ കിരീടം, യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം, രണ്ട് വീതം കോപ്പ ഡെല്‍റേ, സൂപ്പര്‍ കോപ്പ ഡി എസ്പാന, ഫിഫ ക്ലബ്ബ് ലോകകപ്പ്, യുവേഫ സൂപ്പര്‍ കപ്പ് എന്നീ കിരീടങ്ങളാണ് പെപ്പെ റയലിനൊപ്പം നേടിയത്.
പിന്നീട് 2017ലാണ് റയലിനൊപ്പമുള്ള തന്റെ നീണ്ട യാത്ര അവസാനിപ്പിച്ചുകൊണ്ട് ടര്‍ക്കിഷ് ക്ലബ്ബ് ബെസ്റ്റികാസിനാസിലേക്ക് പെപ്പെ കൂടുമാറിയത്. പിന്നീട് രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം തന്റെ പഴയ തട്ടകമായ പോര്‍ട്ടോയിലേക്ക് തന്നെ പെപ്പെ തിരിച്ചുപോവുകയായിരുന്നു. പോര്‍ട്ടോക്കൊപ്പം 2019 മുതല്‍ 2024 വരെ പന്തുതട്ടികൊണ്ട് തന്റെ 41ാം വയസിലാണ് പെപ്പെ ഫുട്‌ബോളില്‍ നിന്നും മടങ്ങുന്നത്.
രാജ്യാന്തരതലത്തിലും ഐതിഹാസികമായ കരിയറാണ് പെപ്പെ കെട്ടിപ്പടുത്തുയര്‍ത്തിയത്. 2007ലാണ് പെപ്പെ പറങ്കിപ്പടക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്നത്. 141 മത്സരങ്ങളിലാണ് പെപ്പെ പോര്‍ച്ചുഗലിനായി ബൂട്ട് കെട്ടിയത്.
ഡിഫന്‍ഡര്‍ എന്ന നിലയില്‍ കളിച്ചിട്ടും പോര്‍ച്ചുഗീസിന്റെ മുന്നേറ്റ നിരയില്‍ തന്റേതായ സംഭാവനകള്‍ നല്‍കാന്‍ പെപ്പെക്ക് സാധിച്ചിട്ടുണ്ട്. എട്ട് തവണയാണ് സ്വന്തം രാജ്യത്തിനുവേണ്ടി 41കാരന്‍ ലക്ഷ്യം കണ്ടത്. നാല് തവണ സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിക്കാനും പെപ്പെക്ക് കഴിഞ്ഞു.
പോര്‍ച്ചുഗലിനൊപ്പം രണ്ട് കിരീടങ്ങളാണ് പെപ്പെ നേടിയിട്ടുള്ളത്. 2016 യൂറോ കപ്പ്, 2018 യുവേഫ നേഷന്‍സ് ലീഗ് എന്നീ കിരീടങ്ങളാണ് പെപ്പെ പറങ്കിപ്പടയ്‌ക്കൊപ്പം കളിച്ചു നേടിയത്. 2016 യൂറോകപ്പില്‍ ഫ്രഞ്ച് പടയെ എതിരിലില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയായിരുന്നു പോര്‍ച്ചുഗല്‍ യൂറോപ്പിന്റെ നെറുകയില്‍ എത്തിയത്.
ഈ കലാശ പോരാട്ടത്തില്‍ പോര്‍ച്ചുഗലിന്റെ പ്രതിരോധനിരയില്‍ എതിര്‍ ടീമിന്റെ അക്രമണങ്ങളെ തടഞ്ഞുനിര്‍ത്തിക്കൊണ്ട് മിന്നും പ്രകടനം നടത്താന്‍ പെപ്പെക്ക് സാധിച്ചു. ഇതിന് പിന്നാലെ ഫൈനലിലെ പ്ലയെര്‍ ഓഫ് ദി മാച്ച് ആയും പെപ്പെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതുകൂടാതെ 2008, 2012, 2016 എന്നീ വര്‍ഷങ്ങളില്‍ നടന്ന യൂറോ കപ്പിലെ ഓള്‍ ടൈം ഇലവനില്‍ ഇടം നേടാനും പെപ്പെക്ക് സാധിച്ചു.
പോര്‍ച്ചുഗല്‍ ടീമില്‍ ഇനിയും ഒരുപാട് പ്രതിരോധ താരങ്ങള്‍ വളര്‍ന്നുവരും, എന്നാല്‍ പറങ്കിപ്പടയുടെ വന്‍മതിലായി അവസാന ശ്വാസം വരെ എതിര്‍ടീമിന്റെ മൂര്‍ച്ചയുള്ള ആക്രമണങ്ങളെ തടഞ്ഞുനിര്‍ത്തുന്ന പെപ്പെയെ പോലുള്ള പോരാളികള്‍ ഇനി പിറക്കുമോ എന്നത് സംശയമാണ്. പ്രതിരോധനിരയില്‍ ഭയാനകമായ ടാക്കിളുകള്‍ കൊണ്ട് എതിര്‍ ടീമിനെ വിറപ്പിച്ച ഒരു പ്രതിഭയുടെ അസ്തമയത്തിന് കൂടിയാണ് ഫുട്‌ബോള്‍ ലോകം സാക്ഷിയായിരിക്കുന്നത്.
Content Highlight: Portugal Player Pepe Retired From Football