Football
റൊണാൾഡോ ഇനിമുതൽ ഫുട്ബോൾ താരം മാത്രമല്ല; ഇതിഹാസത്തിന് ജന്മനാടിന്റെ ആദരം
സ്പോര്‍ട്സ് ഡെസ്‌ക്
2024 Sep 15, 07:11 am
Sunday, 15th September 2024, 12:41 pm

രണ്ട് പതിറ്റാണ്ടുകളായി ഫുട്‌ബോള്‍ ലോകത്തെ വിസ്മയിപ്പിക്കുന്ന ഇതിഹാസതാരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തന്റെ 39ാം വയസിലും പ്രായത്തെ പോലും കാഴ്ചക്കാരനാക്കികൊണ്ട് മിന്നും പ്രകടനങ്ങളാണ് റൊണാള്‍ഡോ നടത്തിക്കൊണ്ടിരിക്കുന്നത്.

ഇപ്പോള്‍ ഫുട്‌ബോളില്‍ ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കിയ റൊണാള്‍ഡോയെ ആദരിക്കാന്‍ ഒരുങ്ങുകയാണ് തന്റെ ജന്മനാടായ പോര്‍ച്ചുഗല്‍. റൊണാള്‍ഡോയുടെ ബ്രാന്‍ഡ് നമ്പറായ 7 എന്ന നമ്പറില്‍ നാണയം പുറത്തിറക്കിയിരിക്കുകയാണ് പോര്‍ച്ചുഗല്‍. റൊണാള്‍ഡോയുടെ ചിത്രം ഉപയോഗിച്ചാണ് നാണയം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നാണയത്തില്‍ റൊണാള്‍ഡോയുടെ പോപ്പുലറായ ‘CR 7’ എന്നും എഴുതിയിട്ടുണ്ട്.

ദേശീയ ടീമിനൊപ്പം ഐതിഹാസികമായ ഒരു ഫുട്‌ബോള്‍ കരിയറാണ് റൊണാള്‍ഡോ പടുത്തുയയര്‍ത്തിയത്. 131 തവണയാണ് റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ജേഴ്‌സിയില്‍ ഗോള്‍ നേടിയിട്ടുള്ളത്.

2016 യൂറോ കപ്പില്‍ പോര്‍ച്ചുഗലിന്റെ ചാമ്പ്യന്മാരാക്കുന്നതില്‍ റൊണാള്‍ഡോ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. 2018-19 യുവേഫ നേഷന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയതും പോര്‍ച്ചുഗലായിരുന്നു. അന്ന് പോര്‍ച്ചുഗലിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ റൊണാള്‍ഡോക്ക് സാധിച്ചിരുന്നു. 11 മത്സരങ്ങളില്‍ നിന്നും ഏഴു ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് റൊണാള്‍ഡോ നേടിയിരുന്നത്.

അതേസമയം യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനായി മിന്നും ഫോമിലാണ് റൊണാള്‍ഡോ കളിക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ചു കൊണ്ട് തകര്‍പ്പന്‍ ഫോമിലാണ് പോര്‍ച്ചുഗല്‍. ഈ രണ്ടു മത്സരങ്ങളിലും റൊണാള്‍ഡോ പോര്‍ച്ചുഗലിനായി ഗോള്‍ നേടിയിരുന്നു. ക്രൊയേഷ്യക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ ഗോള്‍ നേടിയതിന് പിന്നാലെ തന്റെ ഫുട്ബോള്‍ കരിയറില്‍ 900 ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് റൊണാള്‍ഡോ നടന്നു കയറിയിരുന്നു.

ഇനി റൊണാള്‍ഡോയുടെ മുന്നിലുള്ളത് സൗദി വമ്പന്മാരായ അല്‍ നസറിനൊപ്പമുള്ള മത്സരങ്ങളാണ്. നിലവില്‍ സൗദി പ്രോ ലീഗില്‍ മൂന്ന് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു ജയവും രണ്ട് സമനിലയുമായി അഞ്ചു പോയിന്റോടെ ആറാം സ്ഥാനത്താണ് അല്‍ നസര്‍.

കിങ് കപ്പ് ഓഫ് ചാമ്പ്യന്‍ഷിപ്പില്‍ സെപ്റ്റംബര്‍ 23ന് അല്‍ ഹസാമിനെതിരെയാണ് റൊണാള്‍ഡോയുടെയും സംഘത്തിന്റെയും അടുത്ത മത്സരം. കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയമാണ് വേദി.

 

Content Highlight: Portugal Make a New Coin For Cristaino Ronaldo Number