| Wednesday, 30th November 2022, 9:24 am

ഫ്രാൻസ് സെമിയിൽ കടക്കില്ല? വേൾഡ്കപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് ലൂയീസ് ഫിഗോ

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസും കൂടുതൽ തവണ ലോകകപ്പ് ജേതാക്കളായ ബ്രസീലും കരുത്തരായ പോർച്ചു​ഗലും അവസാന ​ഗ്രൂപ്പ് മത്സരത്തിന് മുമ്പ് തന്നെ പ്രീക്വാർട്ടർ ബെർത്ത് ഉറപ്പിച്ചുകഴിഞ്ഞു.

തകർപ്പൻ ജയവുമായി തുടങ്ങിയ സ്പെയിനും ഇംഗ്ലണ്ടും ഗ്രൂപ്പിൽ മുന്നിൽ തന്നെയുണ്ട്. ആദ്യമത്സരത്തിൽ സമനില നേടിയ ക്രൊയേഷ്യ രണ്ടാം മത്സരത്തിൽ ഗംഭീര വിജയവുമായി കാനഡക്കെതിരെ തിരിച്ചുവരവ് നടത്തുകയും ചെയ്തു.

എന്നാൽ അർജൻറീനയും ജർമനിയും അവസാന മത്സരം തോറ്റാൽ പ്രീക്വാർട്ടർ കാണാതെ പുറത്താവുമെന്ന അവസ്ഥയിലാണ്. ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള ബെൽജിയം മൊറോക്കോയോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് പരാജയപ്പെട്ടത്.

പ്രവചനങ്ങളെയും കണക്കുകൂട്ടലുകളെയും തെറ്റിച്ച് അട്ടിമറി ജയങ്ങളാണ് ഖത്തർ ലോകകപ്പിൽ അരങ്ങേറുന്നത്. ഫിഫ ലോകറാങ്കിങ്ങിൽ 51ാം സ്ഥാനത്തുള്ള സൗദി അറേബ്യ വമ്പന്മാരായ അർജന്റീനയെ കീഴ്പ്പെടുത്തിയതിന് പിന്നാലെ ഞെട്ടിക്കുന്ന മത്സരഫലങ്ങൾക്കാണ് ഖത്തർ ലോകകപ്പ് വേദിയാകുന്നത്.

ഗ്രൂപ്പ്ഘട്ട മത്സരങ്ങൾ പുരോഗമിക്കവേ ലോകകപ്പ് സെമിഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചിരിക്കുകയാണ് പോർച്ചുഗലിൻെറ ഇതിഹാസതാരം ലൂയീസ് ഫിഗോ. അർജന്റീനയും ബ്രസീലും സെമി ഫൈനൽ കടക്കുമെന്നാണ് ഫി​ഗോ പറയുന്നത്.

തുടർച്ചയായ രണ്ട് മത്സരങ്ങളിൽ തകർപ്പൻ ജയവുമായ പ്രീക്വാർട്ടർ ബെർത്ത് ഉറപ്പിച്ച ഫ്രാൻസിനെ ഫി​ഗോ തന്റെ പട്ടികയിൽ ഉൾപ്പെടുത്തിയില്ല. സ്വന്തം ടീമായ പോർച്ചു​ഗലിനെ പരി​ഗണിക്കാതിരുന്നതും ശ്രദ്ധയമായി.

ബ്രസീൽ, സ്പെയിൻ, അർജൻറീന, നെതർലാൻഡ്സ് എന്നീ നാല് ടീമുകൽ സെമിയിലെത്തുമെന്നാണ് ഫി​ഗോയുടെ പ്രവചനം. ഇത്തവണ ലാറ്റിനമേരിക്കൻ – യൂറോപ്യൻ സെമിയായിരിക്കും നടക്കുകയെന്നും ഫിഗോ പ്രവചിച്ചു.

അതേസമയം എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായ നെതർലാൻഡ്സ് പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. സ്പെയിൻ വമ്പൻ വിജയങ്ങളുമായാണ് ഗ്രൂപ്പ് മത്സരങ്ങൾ തുടങ്ങിയത്. രണ്ടാം മത്സരത്തിൽ സ്പെയിൻ ജർമനിയോട് സമനില വഴങ്ങിയെങ്കിലും മികച്ച ആക്രമണ ഫുട്ബോളാണ് ടീം പുറത്തെടുത്തിട്ടുള്ളത്.

Content Highlights: Portugal legend Louis Figo predicts World Cup Semi Finalists

We use cookies to give you the best possible experience. Learn more