ന്യൂദല്‍ഹി: ചികിത്സ ലഭിക്കാതെ വിനോദ സഞ്ചാരിയായ ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ട സംഭവത്തില്‍ രാജി പ്രഖ്യാപിച്ച് പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ട്ട ടെമിഡോ (Marta Temido). കിടക്കയില്ലാതിരുന്നതിനെ തുടര്‍ന്ന് ആശുപത്രി മാറ്റുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതായിരുന്നു മരണകാരണം. 34 വയസുള്ള സ്ത്രീയാണ് മരിച്ചത്.
മരണം സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു മാര്‍ട്ടയുടെ രാജി. പൂര്‍ണ ഗര്‍ഭിണിയായിരുന്നു മരണപ്പെട്ട യുവതി. രാജ്യത്ത് അടിയന്തിര ചികിത്സാ സംവിധാനങ്ങള്‍ നിര്‍ത്തലാക്കാനുള്ള ഉത്തരവിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെയായിരുന്നു മന്ത്രി രാജിവെക്കാന്‍ തീരുമാനിച്ചത്.
അടിയന്തര ചികിത്സ അവസാനിപ്പിച്ചതോടെ പ്രസവത്തിനെത്തുന്ന ഗര്‍ഭിണികളെ ദൂരെയുള്ള ആശുപത്രികളിലേക്ക് മാറ്റേണ്ടി വരിക പതിവാണ്. ഇതിനിടയിലായിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യന്‍ വംശജയായ യുവതി കൊല്ലപ്പെട്ടത്.
ഇനി ഓഫീസില്‍ തുടരാനുള്ള അധികാരമില്ലെന്ന തിരിച്ചറിവാണ് ടെമിഡോയെ സ്ഥാനമൊഴിയണമെന്നുള്ള തീരുമാനത്തിലേക്കെത്തിച്ചതെന്നാണ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
ലിസ്ബണിലെ പ്രധാന ആശുപത്രിയായ സാന്താ മരിയയില്‍ നിയോനാറ്റോളജി വിഭാഗത്തില്‍ ഒഴിവില്ലാത്തതിനെ തുടര്‍ന്ന് തലസ്ഥാനത്തെ മറ്റൊരു ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുന്നതിനിടെയായിരുന്നു ഇന്ത്യന്‍ വംശജയായ യുവതി മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.
വേനലവധിക്കാലത്തും വാരാന്ത്യങ്ങളിലും ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാലാണ് അടിയന്തര പ്രസവ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
ഗര്‍ഭിണികളെ ദൂരെയുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോകേണ്ടി വരുന്നത് പലപ്പോഴും അവരുടെയും കുഞ്ഞിന്റെയും ജീവന് വരെ ഭീഷണിയുയര്‍ത്തുന്നതാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളും മുനിസിപ്പാലിറ്റികളും ആരോപിച്ചു.
Content Highlight: Portugal health minister resigns from post after the death of Indian women in Portugal due to failure in providing better treatment