| Thursday, 9th November 2023, 10:37 am

ലോകകപ്പിന് ശേഷം റൊണാള്‍ഡോ എന്നോട് മിണ്ടിയിട്ടില്ല; വെളിപ്പെടുത്തലുമായി പോര്‍ച്ചുഗീസ് മുന്‍ കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

2022 ഖത്തര്‍ ലോകകപ്പിന് ശേഷം പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായുള ബന്ധത്തെകുറിച്ച് പറഞ്ഞിരിക്കുകയാണ് മുന്‍ പോര്‍ച്ചുഗല്‍ പരിശീലകനായ ഫെര്‍ണാണ്ടോ സാന്റോസ്.

ലോകകപ്പിന് ശേഷം റൊണാള്‍ഡോ പിന്നീട് താനുമായി സംസാരിച്ചിട്ടില്ലെന്നാണ് സാന്റോസ് വെളിപ്പെടുത്തിയത്.

‘ഞാന്‍ ഖത്തറില്‍ നിന്നും വന്നശേഷം റൊണാള്‍ഡോ പിന്നെ എന്നോട് സംസാരിച്ചിട്ടില്ല. മത്സരമുള്ള ദിവസം രാവിലെ അവന്‍ പോകാതെ നിന്നപ്പോള്‍ എന്തുകൊണ്ടാണ് പോവാത്തത് എന്നുള്ള കാരണം വിശദീകരിക്കാന്‍ ചെന്നപ്പോള്‍ അവന്‍ എന്നെ തെറ്റിദ്ധരിക്കുകയായിരുന്നു. എന്നാല്‍ എനിക്ക് അവനുമായുള്ള ബന്ധം ഒരു മകനെ പോലെയാണ്. ഓരോ തവണ ഫോണ്‍ റിങ്ങ് ചെയ്യുമ്പോളും അവനാണെന്ന് ഞാന്‍ കരുതും,’ സാന്റോസ് എ ബോലയോട് പറഞ്ഞു.

കഴിഞ്ഞ ഖത്തര്‍ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടറില്‍ സ്വിസര്‍ലാന്‍ഡിനെതിരെയുള്ള മത്സരത്തിലായിരുന്നു സംഭവം. മത്സരത്തില്‍ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഇറക്കാതെ ബെഞ്ചില്‍ ഇരുത്തുകയായിരുന്നു പോര്‍ച്ചുഗീസ് പരിശീലകന്‍ സാന്റോസ്. പരിശീലകന്റെ ഈ അപ്രതീക്ഷിതമായ തീരുമാനം ഫുട്‌ബോള്‍ ലോകത്തെ മുഴുവന്‍ ഞെട്ടിച്ചതായിരുന്നു.

എന്നാല്‍ ആ മത്സരത്തില്‍ 6-1ന്റെ തകര്‍പ്പന്‍ വിജയവുമായി പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍ എത്തിയ പോര്‍ച്ചുഗല്‍ മൊറോക്കോയോട് പരാജയപ്പെടുകയായിരുന്നു. ഈ മത്സരത്തിലും ആദ്യ ഇലവനില്‍ റൊണാള്‍ഡോക്ക് സ്ഥാനം ഉണ്ടായിരുന്നില്ല. രണ്ടാം പകുതിയില്‍ സൂപ്പര്‍താരത്തെ കോച്ച് കളത്തില്‍ ഇറക്കിയെങ്കിലും കാര്യമായ ഫലം ഉണ്ടാക്കാന്‍ റൊണാള്‍ഡോക്ക് കഴിഞ്ഞില്ല. ഒടുവില്‍ മൊറോക്കോയോട് 1-0ത്തിന് തോറ്റ് പോര്‍ച്ചുഗല്‍ ലോകകപ്പില്‍ നിന്നും പുറത്താവുകയായിരുന്നു.

നിലവില്‍ റൊണാള്‍ഡോ പുതിയ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ കീഴില്‍ മിന്നും ഫോമിലാണ് കളിക്കുന്നത്.

2024ല്‍ ജര്‍മ്മനിയില്‍ വച്ച് നടക്കുന്ന യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യത മത്സരങ്ങളില്‍ ഏഴ് മത്സരങ്ങളില്‍ നിന്നും ഒന്‍പത് ഗോളുകള്‍ നേടിക്കൊണ്ട് മികച്ച പ്രകടനമാണ് റോണോ കാഴ്ചവെക്കുന്നത്. 2024 യൂറോകപ്പിന് റോണോയുടെ മികവില്‍ യോഗ്യത നേടാനും പോര്‍ച്ചുഗലിന് സാധിച്ചിരുന്നു.

Content Highlight: Portugal Former coach Fernando Santos talks about Cristiano Ronaldo.

We use cookies to give you the best possible experience. Learn more