| Sunday, 22nd September 2024, 7:40 pm

റൊണാൾഡോയുടെ പോർച്ചുഗലിന് മുന്നിൽ വീണ് ബ്രസീൽ; വമ്പൻ നേട്ടത്തിൽ പറങ്കിപ്പട തലപ്പത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോളിന് പുറമെ സോഷ്യല്‍ മീഡിയയിലും തരംഗം സൃഷ്ടിച്ചിരിക്കുകയാണ് പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ടീം. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള ദേശീയ ഫുട്‌ബോള്‍ ടീമായി മാറാനാണ് പോര്‍ച്ചുഗലില്‍ സാധിച്ചത്. സാംബ ഡിജിറ്റലിന്റെ കണക്കുകള്‍ പ്രകാരം ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ടീമായി പോര്‍ച്ചുഗല്‍ മാറിയിരിക്കുകയാണ്.

ഇന്‍സ്റ്റഗ്രാമില്‍ 18.43 ദശലക്ഷം ഫോളോവേഴ്‌സാണ് പോര്‍ച്ചുഗല്‍ ടീമിനുള്ളത്. 17.8 ദശലക്ഷം ഫോളോവേഴ്‌സ് ഉള്ള ബ്രസീലിനെ മറികടന്നു കൊണ്ടാണ് പോര്‍ച്ചുഗല്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. 2021 മുതലുള്ള കണക്കുകള്‍ പ്രകാരം ഇത് ആദ്യമായാണ് ബ്രസീല്‍ ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത്.

2024ല്‍ പോര്‍ച്ചുഗലിന് 1.9 ദശലക്ഷം ഫോളോവേഴ്‌സ് വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മറുഭാഗത്ത് ബ്രസീലിന് 557.000 ഫോളോവേഴ്‌സിന് മാത്രമേ നേടാന്‍ കഴിഞ്ഞിട്ടുള്ളൂവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഈ വര്‍ഷത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഇട്രാക്ഷന്‍സ് രേഖപ്പെടുത്തിയ 10 പോസ്റ്റുകളില്‍ പകുതിയും പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റേതാണ് എന്നുള്ളതും ഏറെ ശ്രദ്ധേയമാണ്. പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സ്വാധീനം തന്നെയാണ് പോര്‍ച്ചുഗലിന്റെ ഈ കുതിപ്പിന് പിന്നില്‍ എന്നുള്ളത് എടുത്തു പറയേണ്ടതാണ്.

അതേസമയം അടുത്തിടെ അവസാനിച്ച യൂറോ കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ വരെ മുന്നേറാനെ പോര്‍ച്ചുഗലിന് സാധിച്ചുള്ളൂ. ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് പെനാല്‍ട്ടിയില്‍ പരാജയപ്പെട്ട് റൊണാള്‍ഡോയും സംഘവും തങ്ങളുടെ യൂറോ കപ്പിലെ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.

ഈ വര്‍ഷത്തെ യുവേഫ നേഷന്‍സ് ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിലും പോര്‍ച്ചുഗല്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു നടത്തിയിരുന്നത്. ക്രോയേഷ്യയെയും സ്‌കോട്‌ലാന്‍ഡിനെയും വീഴ്ത്തിയാണ് പോര്‍ച്ചുഗല്‍ കരുത്തുകാട്ടിയത്.

ഈ രണ്ടു മത്സരങ്ങളിലും പോര്‍ച്ചുഗലിനു വേണ്ടി ഗോള്‍ നേടാന്‍ റൊണാള്‍ഡോക്ക് സാധിച്ചിരുന്നു. ക്രൊയേഷിയ്‌ക്കെതിരെ ഗോള്‍ നേടിയതിന് പിന്നാലെ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ 900 ഒഫീഷ്യല്‍ ഗോളുകള്‍ എന്ന ചരിത്ര നേട്ടത്തിലേക്ക് റൊണാള്‍ഡോ നടന്നു കയറിയിരുന്നു.

മറുഭാഗത്ത് ബ്രസീല്‍ ടീമിനും കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടര്‍ വരെ എത്താനെ സാധിച്ചുള്ളൂ. ക്വാര്‍ട്ടറില്‍ ഉറുഗ്വായോട് പെനാല്‍ട്ടിയില്‍ പരാജയപ്പെട്ടാണ് ബ്രസീല്‍ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്.

അടുത്തിടെ അവസാനിച്ച 2026 ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബ്രസീല്‍ ഓരോ വീതം ജയവും തോല്‍വിയുമാണ് സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ പാരാഗ്വയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയ ബ്രസീല്‍ പിന്നീട് ഇക്വഡോറിനെതിരെയുള്ള മത്സരത്തില്‍ പരാജയപ്പെടുകയായിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്രസീല്‍ പരാജയപ്പെട്ടത്.

Content Highlight: Portugal Football Team Great Impact in Social Media

We use cookies to give you the best possible experience. Learn more