പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്; ആടാട്ടത്തില്‍ ജയം തുടര്‍ന്ന് പോര്‍ച്ചുഗല്‍
Sports News
പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്; ആടാട്ടത്തില്‍ ജയം തുടര്‍ന്ന് പോര്‍ച്ചുഗല്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 13th October 2024, 10:06 am

യുവേഫ നേഷന്‍സ് ലീഗില്‍ പോളണ്ടിനെതിരെ തകര്‍പ്പന്‍ വിജയവുമായി പോര്‍ച്ചുഗല്‍. പോളണ്ടിന്റെ തട്ടകമായ നാഷണല്‍ സ്‌റ്റേഡിയം വര്‍സോയിലെത്തിയാണ് പറങ്കിപ്പട ഹോം ടീമിനെ തകര്‍ത്തുവിട്ടത്. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു പോര്‍ച്ചുഗലിന്റെ വിജയം.

3-5-2 എന്ന ഫോര്‍മേഷനിലാണ് പോളണ്ട് കളത്തിലിറങ്ങിയത്. അതേസമയം, ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ കുന്തമുനയാക്കി 4-2-3-1 എന്ന ഫോര്‍മേഷനിലാണ് പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടീനസ് തന്റെ കുട്ടികളെ കളത്തിലിറക്കി വിട്ടത്.

മത്സരത്തിന്റെ 26ാം മിനിട്ടില്‍ ബെര്‍ണാര്‍ഡോ സില്‍വയിലൂടെ പോര്‍ച്ചുഗല്‍ ലീഡ് നേടി. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റിലാണ് സില്‍വ എതിരാളികളുടെ വലകുലുക്കിയത്.

ആദ്യ ഗോള്‍ പിറന്ന് കൃത്യം 11ാം മിനിട്ടില്‍ പോര്‍ച്ചുഗല്‍ ലീഡ് ഇരട്ടിയാക്കി. ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഗോള്‍ കണ്ടെത്തിയത്. താരത്തിന്റെ പ്രൊഫഷണല്‍ കരിയറിലെ 906ാം ഗോള്‍ ആണിത്.

നേഷന്‍സ് ലീഗില്‍ ഇതുവരെ കളിച്ച മൂന്ന് മത്സരത്തിലും സ്‌കോര്‍ ചെയ്യാനും റൊണാള്‍ഡോക്ക് സാധിച്ചു.

രണ്ട് ഗോളിന്റെ ലീഡുമായി രണ്ടാം പകുതി ആരംഭിച്ച പോര്‍ച്ചുഗല്‍ വീണ്ടും എതിരാളികളുടെ ഗോള്‍ മുഖം ആക്രമിച്ചു. മറുവശത്ത് നിന്ന് പോര്‍ച്ചുഗല്‍ പ്രതിരോധമൊരുക്കുകയും ശേഷം തിരിച്ച് ആക്രമിക്കുകയും ചെയ്തു. ഇരു ടീമിന്റെയും ഗോള്‍മുഖം ആക്രമണഭീഷണി നേരിട്ടെങ്കിലും ഒന്നുപോലും ഗോളായി മാറിയില്ല.

എന്നാല്‍ 78ാം മിനിട്ടില്‍ പയോട്ടര്‍ സെലന്‍സ്‌കി ഗോള്‍കീപ്പര്‍ ഡിയാഗോ കോസ്റ്റയെ മറികടന്നു. സ്‌കോര്‍ 2-1. സമനില ഗോളിനായി പോളണ്ട് പൊരുതിക്കളിച്ചെങ്കിലും മറ്റൊരു ഗോള്‍ കണ്ടെത്താന്‍ ടീമിന് സാധിച്ചില്ല. 88ാം മിനിട്ടില്‍ പോളണ്ടിന്റെ സെല്‍ഫ് ഗോളില്‍ പോര്‍ച്ചുഗല്‍ വീണ്ടും രണ്ട് ഗോളിന്റെ ലീഡ് സ്വന്തമാക്കി.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് റോണോയും സംഘവും വിജയിച്ചുകയറി.

കളിച്ച മൂന്ന് മത്സരത്തിലും വിജയിച്ച് ഗ്രൂപ്പ് വണ്‍ സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാം സ്ഥാനത്താണ് പോര്‍ച്ചുഗല്‍. മൂന്ന് കളിയില്‍ ഒന്നില്‍ മാത്രം ജയിച്ച പോളണ്ട് മൂന്നാമതാണ്.

ഒക്ടോബര്‍ 16നാണ് പോര്‍ച്ചുഗലിന്റെ അടുത്ത മത്സരം. ഹാംഡെന്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡാണ് എതിരാളികള്‍.

 

Content Highlight: Portugal defeats Poland