യുവേഫ യൂറോ യോഗ്യതാ മത്സരത്തില്‍ ലക്‌സംബര്‍ഗിനെ തകര്‍ത്തെറിഞ്ഞ് പോര്‍ച്ചുഗല്‍. എതിരില്ലാത്ത ഒമ്പത് ഗോളിനാണ് പോര്‍ച്ചുഗല്‍ ലക്‌സംബര്‍ഗിനെ തോല്‍പിച്ചത്.
എസ്റ്റാഡിയോ അല്‍ഗരാവയില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ് പോര്‍ച്ചുഗല്‍ ഇറങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ചതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോ ഇറങ്ങാതിരുന്നത്.
4-2-3-1 എന്ന ഫോര്‍മേഷനില്‍ പോര്‍ച്ചുഗല്‍ കോച്ച് റോബര്‍ട്ടോ മാര്‍ട്ടീനസ് തന്റെ കുട്ടികളെ വിന്യസിച്ചപ്പോള്‍ പ്രതിരോധത്തിലൂന്നിയ 5-4-1 എന്ന ഫോര്‍മേഷനിലാണ് ലൂക് ഹോള്‍ട്‌സ് ലക്‌സംബര്‍ഗിനെ അണിനിരത്തിയത്.
ആദ്യ വിസില്‍ മുഴങ്ങി 12ാം മിനിട്ടില്‍ ഗോണ്‍സെലോ ഇനാസിയോ ഗോള്‍ നേടിയിരുന്നു. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ നിന്നുമാണ് ഇനാസിയോ ഗോളടി തുടങ്ങിവെച്ചത്.
കോര്‍ണറില്‍ നിന്നുമാണ് ആ ഗോളിന് വഴിയൊരുങ്ങിയത്. കിക്കിന് പിന്നാലെയുള്ള കുറച്ച് ടച്ചിന് ശേഷം ഫെര്‍ണാണ്ടസിന്റെ ക്രോസില്‍ ഇനാസിയോ കൃത്യമായി തല വെക്കുകയും ഗോള്‍ വല ചലിപ്പിക്കുകയുമായിരുന്നു.
ആദ്യ ഗോള്‍ പിറന്ന കൃത്യം അഞ്ചാം മിനിട്ടില്‍ പോര്‍ച്ചുഗല്‍ വീണ്ടും എതിരാളികളെ ഞെട്ടിച്ചു. ഇത്തവണ ഗോണ്‍സെലോ റാമോസായിരുന്നു ഗോള്‍ നേടിയത്. ലക്‌സംബര്‍ഗിന്റെ പ്രതിരോധത്തിലെ പിഴവായിരുന്നു പോര്‍ച്ചുഗലിന്റെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്.
33ാം മിനിട്ടില്‍ റാമോസും 45+4 മിനിട്ടില്‍ ഇനാസിയോയും വീണ്ടും ഗോള്‍ നേടിയതോടെ ആദ്യ പകുതിയില്‍ നാല് ഗോളിന്റെ ലീഡ് പോര്‍ച്ചുഗല്‍ നേടി.
രണ്ടാം പകുതി ആരംഭിച്ച് പത്താം മിനിട്ടില്‍ പോര്‍ച്ചുഗല്‍ വീണ്ടും ലക്‌സംബര്‍ഗിനെതിരെ സ്‌കോര്‍ ചെയ്തു. ഡിയാഗോ ജോട്ടയാണ് രണ്ടാം പകുതിയില്‍ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. ബ്രൂണോ ഫെര്‍ണാണ്ടസാണ് ഗോളിന് വഴിയൊരുക്കിയത്.
67ാം മിനിട്ടില്‍ പകരക്കാരനായി എത്തിയ റിക്കാര്‍ഡോ ഹോര്‍ട്ടയിലൂടെ പോര്‍ച്ചുഗല്‍ വീണ്ടും ലീഡ് വര്‍ധിപ്പിച്ചു. 77ാം മിനിട്ടില്‍ ഡിയാഗോ ജോട്ട തന്റെ രണ്ടാം ഗോളും നേടി.
ഹാട്രിക് അസിസ്റ്റുകള്‍ക്ക് ശേഷം 83ാം മിനിട്ടില്‍ ക്യാപ്റ്റന്റെ റോളിലെത്തിയ ബ്രൂണോ ഫെര്‍ണാണ്ടസ് പോര്‍ച്ചുഗലിന്റെ എട്ടാം ഗോളും 88ാം മിനിട്ടില്‍ ജാവോ ഫെലിക്‌സ് ഒമ്പതാം ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കി. ഒരു ഒഫീഷ്യല്‍ മത്സരത്തില്‍ പോര്‍ച്ചുഗലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്.
ഇതോടെ ഗ്രൂപ്പ് ജെ-യില്‍ ഒന്നാം സ്ഥാനത്ത് തുടരാനും പോര്‍ച്ചുഗലിനായി. കളിച്ച ആറ് മത്സരത്തില്‍ ആറും ജയിച്ചാണ് പോര്‍ച്ചുഗല്‍ ഒന്നാമത് തുടരുന്നത്. ഇതുവരെ 24 തവണ എതിരാളികളുടെ പോസ്റ്റിലേക്ക് നിറയൊഴിച്ച യൂറോപ്യന്‍ വമ്പന്‍മാര്‍ ഒറ്റ ഗോള്‍ പോലും കണ്‍സീഡ് ചെയ്തിട്ടില്ല.
ഒക്ടോബര്‍ 14നാണ് പോര്‍ച്ചുഗലിന്റെ അടുത്ത മത്സരം. സ്ലോവാക്യയാണ് എതിരാളികള്‍.
Content highlight: Portugal defeated Luxemburg