2024 യൂറോ യോഗ്യത മത്സരത്തില്‍ പോര്‍ച്ചുഗല്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഐസ്‌ലാന്‍ഡിനെ തോല്‍പ്പിച്ചു.
ഈ വിജയത്തോടെ പോര്‍ച്ചുഗല്‍ ചരിത്രപരമായ നേട്ടത്തിലേക്കാണ് മുന്നേറിയത്. യോഗ്യത മത്സരങ്ങളില്‍ ഒരു കളിപോലും തോല്‍ക്കാതെ പത്ത് വിജയങ്ങളാണ് പോര്‍ച്ചുഗല്‍ സ്വന്തമാക്കിയത്.
പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു റെക്കോഡ് ജയം സ്വന്തമാക്കുന്നത്. നേരത്തേ പോര്‍ച്ചുഗല്‍ അടുത്ത വര്‍ഷം നടക്കുന്ന യൂറോ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയിരുന്നു. ബാക്കി ഉണ്ടായിരുന്ന രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് സമ്പൂര്‍ണ ആധിപത്യവുമായാണ് പോര്‍ച്ചുഗല്‍ യൂറോപ്പിലേക്ക് വരവറിയച്ചത്.
ഹോം ഗ്രൗണ്ടായ ജോസ് അല്‍വാല്‍ഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-1-4-1 എന്ന ഫോര്‍മേഷനിലാണ് പോര്‍ച്ചുഗല്‍ കളത്തിലിറങ്ങിയത്. അതേസമയം 4-3-3 എന്ന ശൈലിയായിരുന്നു ഐസ്‌ലാന്‍ഡ് പിന്തുടര്‍ന്നത്.
മത്സരത്തിന്റെ 37ാം മിനിട്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസ് ആണ് ആതിഥേയര്‍ക്ക് ആദ്യ ലീഡ് നേടി കൊടുത്തത്. ഇതോടെ യൂറോ യോഗ്യത മത്സരങ്ങളില്‍
ആറ് ഗോളുകളും ഏഴ് അസിസ്റ്റുകളും ആയി മികച്ച പ്രകടനമാണ് ബ്രൂണോ കാഴ്ചവെച്ചത്.
ഒടുവില്‍ ആദ്യ പകുതി പിന്നിട്ടപ്പോള്‍ പോര്‍ച്ചുഗല്‍ ഒരു ഗോളിന് മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ 62ാം മിനിട്ടില്‍ ഹോര്‍ട്ടയുടെ വകയായിരുന്നു പോര്‍ച്ചുഗലിന്റെ രണ്ടാം ഗോള്‍.
മറുപടി ഗോളിനായി സന്ദര്‍ശകര്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും പോര്‍ച്ചുഗല്‍ പ്രതിരോധം മറികടക്കാന്‍ ഐസ്‌ലാന്‍ഡിന് സാധിക്കാതെ പോയത് വലിയ തിരിച്ചടിയായി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ പോര്‍ച്ചുഗല്‍ 2-0ത്തിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു.
മത്സരത്തിന്റെ സര്‍വ്വാധിപത്യവും പോര്‍ച്ചുഗലിനായിരുന്നു. മത്സരത്തില്‍ 74 ശതമാനം ബോള്‍ പോസഷന്‍ കൈവശം വെച്ച റോബര്‍ട്ടോ മാര്‍ട്ടിനസും ടീമും 23 ഷോട്ടുകളാണ് ഐസ്‌ലാന്‍ഡിന്റെ പോസ്റ്റിലേക്ക് അടിച്ചുകയറ്റിയത്.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറങ്ങിയിട്ടും താരത്തിന് ഗോളുകള്‍ നേടാന്‍ സാധിച്ചില്ലെങ്കിലും ടീമിന്റെ റെക്കോഡ് വിജയത്തില്‍ പങ്കാളിയാവാന്‍ അദ്ദേഹത്തിന് സാധിച്ചു.
2024ല്‍ ജര്‍മനിയില്‍ വെച്ച് നടക്കുന്ന യൂറോ കപ്പില്‍ പോര്‍ച്ചുഗല്‍ ടീമില്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്കുള്ളത്.
Content Highlight: Portugal create a record won consecutive ten matches in euro qualifier matches.