കഴിഞ്ഞ സീസണിലായിരുന്നു പോര്‍ച്ചുഗിസ് ഇതിഹാസം ക്രിസ്റ്റിയാനൊ റൊണാള്‍ഡൊ തന്റെ പഴയ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചത്തിയത്. മികച്ച പ്രകടനം ടീമിനായി കാഴ്ചവെച്ചെങ്കിലും ഒരു ട്രോഫി പോലും നേടാന്‍ യുണൈഡിനായില്ലായിരുന്നു.
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായ യുണൈറ്റഡിന് അടുത്ത സീസണില്‍ യൂറോപ്പ ലീഗില്‍ കളിക്കണം. ചാമ്പ്യന്‍സ് ലീഗില്‍ അടുത്ത സീസണില്‍ കളിക്കാന്‍ സാധിക്കില്ല എന്നറിഞ്ഞിട്ടും സൂപ്പര്‍താരം ടീം വിട്ടില്ലായിരുന്നു.
ടീമിന്റെ പരിതാപകരമായ അവസ്ഥയിലും റൊണോ ടീം വിടാത്തത് അയാളുടെ ചോയിസാണെന്നാണ് പോര്‍ച്ചുഗീസ് കോച്ച് ഫെര്‍നാണ്ടൊ സാന്റോസിന്റെ അഭിപ്രായം. റോണൊ ലോകത്തെ ഏറ്റവും മികച്ച കളിക്കാരനാണെന്നും സാന്റോസ് അഭിപ്രായപ്പെട്ടു.
റോണൊ യുണൈറ്റഡില്‍ തുടരുന്നത് ശരിയായ തീരുമാനാമാണോ എന്ന ചോദ്യത്തിനാണ് കോച്ചിന്റെ മറുപടി.
‘ഞാന്‍ പലതവണ പറഞ്ഞിട്ടുണ്ട്, ക്രിസ്റ്റ്യാനോ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തുടരാനുള്ള തീരുമാനം അദ്ദേഹത്തിന്റെ ഇഷ്ടമാണ്, അത് ഞാന്‍ അഭിപ്രായം പറയേണ്ട കാര്യമല്ല,’ സാന്റോസ് പറഞ്ഞു.
അത് ഒരു വ്യക്തിഗത തീരുമാനമാണെന്നും, തനിക്ക് അറിയാവുന്നത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളിക്കാന്‍ അവസരം കാത്തുനില്‍ക്കുന്ന ഒരുപാട് കളിക്കാറുണ്ടെന്നുമാണെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച യുവേഫ നേഷന്‍സ് ലീഗ് മത്സരത്തില്‍ സ്‌പെയിനിനെതിരെ റൊണാള്‍ഡോ കളിക്കാത്തതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി.
‘എനിക്ക് ചോദ്യം മനസ്സിലായി. ക്രിസ്റ്റ്യാനോയെ ചുറ്റിപ്പറ്റിയാണ് ചോദ്യങ്ങള്‍ എപ്പോഴും സംഭവിക്കുന്നത്. നിങ്ങള്‍ക്ക് 26 കളിക്കാര്‍ ഉള്ളപ്പോള്‍ എല്ലാവരും കളിക്കില്ല. ഞങ്ങള്‍ ഒരു സ്വതന്ത്ര രാജ്യത്താണ്, എപ്പോഴും ഒരാള്‍ക്ക് കളിക്കാന്‍ സാധിച്ചേക്കുമെന്നില്ല. ഒരു കളിയില്‍ ഒരാളാണെങ്കില്‍ അടുത്തതില്‍ മറ്റൊരാള്‍ ആയിരിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റൊണാള്‍ഡൊ മാഞ്ചസ്റ്ററില്‍ തുടരുന്നത് വളരെ പോസിറ്റീവായിട്ടാണ് ആരാധകര്‍ കാണുന്നത്. ടീമിനായി ഗ്ലോറിയും ട്രോഫികളും അദ്ദേഹം നേടുമെന്നാണ് യുണൈറ്റഡ് ആരാധകര്‍ വിശ്വസിക്കുന്നത്.