'ക്രിസ്റ്റ്യാനോയെ മികച്ച താരമെന്ന് വിശേഷിപ്പിക്കുന്നത് അതുകൊണ്ടാണ്'; പ്രശംസിച്ച് പരിശീലകന്‍
Football
'ക്രിസ്റ്റ്യാനോയെ മികച്ച താരമെന്ന് വിശേഷിപ്പിക്കുന്നത് അതുകൊണ്ടാണ്'; പ്രശംസിച്ച് പരിശീലകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 27th July 2023, 10:15 am

പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പ്രശംസിച്ച് പരിശീലകന്‍ റോബേര്‍ട്ടോ മാര്‍ട്ടിനെസ്. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ലെവലിലാണ് റൊണാള്‍ഡോ ഇപ്പോഴുള്ളതെന്നും അദ്ദേഹം ഒരാസാധ്യ കളിക്കാരനാണെന്നും മാര്‍ട്ടിനെസ് പറഞ്ഞു. ടോക്സ്പോര്‍ട്ടിനോട് സംസാരിക്കുമ്പോഴാണ് മാര്‍ട്ടിനെസ് റൊണാള്‍ഡോയെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്.

‘ദേശീയ ടീമിനൊപ്പം ഒരു കളിക്കാരന് കുറഞ്ഞത് 50 മത്സരങ്ങള്‍ കളിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ക്ക് മികച്ച കരിയര്‍ ഉണ്ടായിട്ടുണ്ടെന്നാണ് അതര്‍ത്ഥമാക്കുന്നത്. എന്നാല്‍ 100 മത്സരങ്ങളില്‍ കളിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അയാളൊരു അസാധ്യ കളിക്കാരനാണ്.

ക്രിസ്റ്റ്യാനോയുടെ കാര്യം സംസാരിക്കുകയാണെങ്കില്‍ അതൊരു സവിശേഷമായ കാര്യമാണ്. അദ്ദേഹത്തിന് ദേശീയ ക്ലബ്ബിനായി 200 മത്സരങ്ങള്‍ കളിക്കാന്‍ സാധിച്ചു. കാര്യങ്ങള്‍ പ്രൊഫഷണലായി കൈകാര്യം ചെയ്തും പ്രൊഫഷണലായി ജീവിച്ചും മികച്ച വ്യക്തിയായി കഴിയുന്ന റോണോയെയാണ് ഇപ്പോള്‍ നമ്മള്‍ കാണുന്നത്. ഞാന്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ലെവലിലാണ് ഇപ്പോള്‍ റോണോയുള്ളത്,’ മാര്‍ട്ടിനെസ് പറഞ്ഞു.

അതേസമയം, റൊണാള്‍ഡോയെ തേടി 17ാം ഗിന്നസ് റെക്കോര്‍ഡ് എത്തിയിരുന്നു. ഒരു കായികതാരമെന്ന നിലയില്‍ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വരുമാനം എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡാണ് റോണോ പുതുതായി സ്വന്തമാക്കിയത്. ലയണല്‍ മെസിയെ പിന്തള്ളിയാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തിന്റെ നേട്ടം.

ഈ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ ഫോബ്‌സിന്റെ പട്ടികയിലും ഒന്നാമതാണ് റൊണാള്‍ഡോ. തുടര്‍ച്ചയായ മൂന്നാം തവണയും റൊണാള്‍ഡോക്ക് ഒന്നാമതെത്താനായി. 2023 മെയ് ഒന്ന് വരെ 12 മാസങ്ങളില്‍, അല്‍ നാസര്‍ ഫോര്‍വേഡിന്റെ വരുമാനം ഏകദേശം 136 മില്യണ്‍ ഡോളറാണ്. റോണോയുടെ വരുമാനത്തില്‍ 46 മില്യണ്‍ ഡോളര്‍ ഓണ്‍ ഫീല്‍ഡും 90 മില്യണ്‍ ഡോളര്‍ ഓഫ് ഫീല്‍ഡില്‍ നിന്നുമാണ്.

Content Highlights: Portugal Coach Roberto Martinez praises Cristiano Ronaldo