റൊണാൾഡോ ഗോളടിച്ചുകൂട്ടുന്നതിന് പിന്നിലെ രഹസ്യം അതാണ്: പോർച്ചുഗൽ കോച്ച്
Football
റൊണാൾഡോ ഗോളടിച്ചുകൂട്ടുന്നതിന് പിന്നിലെ രഹസ്യം അതാണ്: പോർച്ചുഗൽ കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 6th September 2024, 8:05 pm

യുവേഫ നേഷന്‍സ് ലീഗില്‍ ക്രോയേഷ്യയെ പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. ലിസ്ബണിലെ എസ്റ്റാഡിയോ ഡോ ബെന്‍ഫിക്ക സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗല്‍ വിജയിച്ചു കയറിയത്.

മത്സരത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ നേടികൊണ്ട് ചരിത്രത്തിലേക്കാണ് നടന്നുകയറിയത്. തന്റെ ഫുട്ബോള്‍ കരിയറില്‍ 900 ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്കാണ് റൊണാള്‍ഡോ ചുവടുവെച്ചത്.

ഫുട്ബോളില്‍ ഓഫീഷ്യല്‍ മത്സങ്ങളില്‍ 900 ഗോളുകള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമായി മാറാനും റൊണാള്‍ഡോക്ക് സാധിച്ചു. സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന് വേണ്ടി 450 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്. ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 145 ഗോളുകളും ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിനായി 101 ഗോളുകളും റൊണാള്‍ഡോ നേടി.

നിലവില്‍ റൊണാള്‍ഡോ കളിക്കുന്ന സൗദി വമ്പന്‍മാരായ അല്‍ നസറിനായി 68 ഗോളുകളും തന്റെ ആദ്യ ടീമായ സ്പോര്‍ട്ടിങ് ലിസ്ബണിന് വേണ്ടി അഞ്ച് ഗോളുകളും താരം നേടി. പോര്‍ച്ചുഗലിനൊപ്പം 131 തവണയും ലക്ഷ്യം കണ്ടു.

മത്സരശേഷം റൊണാള്‍ഡോയുടെ തകര്‍പ്പന്‍ പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ട് പോര്‍ച്ചുഗല്‍ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് സംസാരിച്ചു. ദേശീയ ടീമിനോടുള്ള റൊണാള്‍ഡോയുടെ കമ്മിറ്റ്‌മെന്റിനെ കുറിച്ചാണ് പോര്‍ച്ചുഗീസ് പരിശീലകന്‍ സംസാരിച്ചത്.

‘ഇതൊരു ചരിത്ര നിമിഷമാണ്. റൊണാള്‍ഡോ 900 ഗോളുകള്‍ നേടിയെന്നത് അവിശ്വസനീയമാണ്. റൊണാള്‍ഡോക്ക് ദേശീയ ടീമിനോട് വലിയ കമ്മിറ്റ്‌മെന്റ് ഉള്ളതിനാലാണ് അവന്‍ സ്‌കോര്‍ ചെയ്യുന്നത്. അവന്‍ വലിയ രീതിയില്‍ പരിശീലനം നടത്തുന്നു. യുവതാരങ്ങളെ കളിക്കളത്തില്‍ സഹായിക്കാന്‍ അവന് സാധിക്കും. അതാണ് ഞങ്ങളുടെ ശക്തി,’ റോബര്‍ട്ടോ മാര്‍ട്ടിനസ് പറഞ്ഞു.

അതേസമയം ഏഴാം മിനിട്ടില്‍ ഡിയാഗോ ഡലോട്ടിലൂടെ പോര്‍ച്ചുഗലാണ് ആദ്യം ലീഡ് നേടിയത്. പിന്നീട് റൊണാള്‍ഡോയുടെ ഗോളില്‍ പോര്‍ച്ചുഗല്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തുകയുമായിരുന്നു. 41ാം
മിനിട്ടില്‍ ഡിയാഗോയുടെ ഓണ്‍ ഗോളിലൂടെയാണ് ക്രോയേഷ്യ മത്സരത്തിലെ ഏകഗോള്‍ നേടിയത്.

ജയത്തോടെ ഗ്രൂപ്പ് എയില്‍ മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റൊണാള്‍ഡോയും സംഘവും. സെപ്റ്റംബര്‍ ഒമ്പതിന് സ്‌കോട്ലാന്‍ഡിനെതിരെയാണ് പോര്‍ച്ചുഗലിന്റെ അടുത്ത മത്സരം.

 

Content Highlight: Portugal Coach Praises Cristaino Ronaldo