ജൂണ്‍ മാസത്തിന്റെ അവസാനത്തോടെ അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരങ്ങള്‍ നടക്കാനിരിക്കുകയാണ്. ജൂണ്‍ 17നാണ് യൂറോ 2024ലേക്കുള്ള യോഗ്യത മത്സരങ്ങള്‍ പുനരാരംഭിക്കുന്നത്. മത്സരത്തിന് മുന്നോടിയായി പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പ്രശംസിച്ച് സംസാരിച്ചിരിക്കുകയാണ് പരിശീലകന്‍ റോബേര്‍ട്ടോ മാര്‍ട്ടിനെസ്.
മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ലെവലിലാണ് റൊണാള്‍ഡോ ഇപ്പോഴുള്ളതെന്നും അദ്ദേഹം ഒരസാധ്യ കളിക്കാരനാണെന്നും മാര്‍ട്ടിനെസ് പറഞ്ഞു. ടോക്സ്പോര്‍ട്ടിനോട് സംസാരിക്കുമ്പോഴാണ് മാര്‍ട്ടിനെസ് റൊണാള്‍ഡോയെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്.
‘ദേശീയ ടീമിനൊപ്പം ഒരു കളിക്കാരന് കുറഞ്ഞത് 50 മത്സരങ്ങള്‍ കളിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ക്ക് മികച്ച കരിയര്‍ ഉണ്ടായിട്ടുണ്ടെന്നാണ് അതര്‍ത്ഥമാക്കുന്നത്. എന്നാല്‍ 100 മത്സരങ്ങളില്‍ കളിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അയാളൊരു അസാധ്യ കളിക്കാരനാണ്.
ക്രിസ്റ്റ്യാനോയുടെ കാര്യം സംസാരിക്കുകയാണെങ്കില്‍ അതൊരു സവിശേഷമായ കാര്യമാണ്. അദ്ദേഹത്തിന് ദേശീയ ക്ലബ്ബിനായി 200 മത്സരങ്ങള്‍ കളിക്കാന്‍ സാധിച്ചു. കാര്യങ്ങള്‍ പ്രൊഫഷണലായി കൈകാര്യം ചെയ്തും പ്രൊഫഷണലായി ജീവിച്ചും മികച്ച വ്യക്തിയായി കഴിയുന്ന റോണോയെയാണ് ഇപ്പോള്‍ നമ്മള്‍ കാണുന്നത്. ഞാന്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ലെവലിലാണ് ഇപ്പോള്‍ റോണോയുള്ളത്,’ മാര്‍ട്ടിനെസ് പറഞ്ഞു.
അതേസമയം, ഈ യൂറോ കളിക്കുന്നതിലൂടെ ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡാണ് റൊണാള്‍ഡോ സ്വന്തമാക്കാനൊരുങ്ങുന്നത്. നിലവില്‍ 196 മത്സരങ്ങളുമായി കുവൈത്തിന്റെ ബദര്‍ അല്‍ മുതവ്വക്കൊപ്പമാണ് താരം. ലിച്ചെന്‍സ്റ്റീനെതിരെ നടക്കുന്ന മത്സരത്തില്‍ പോര്‍ച്ചുഗല്‍ ടീമിനൊപ്പം ഇറങ്ങുന്നതോടെ ലോക റെക്കോഡിന് ഏക അവകാശിയാകാന്‍ റൊണാള്‍ഡോക്ക് സാധിക്കും. ഖത്തര്‍ ലോകകപ്പിലാണ് താരം 196ാം മത്സരം കളിച്ചത്.
യൂറോ ക്വാളിഫയറില്‍ ആദ്യം നടന്ന രണ്ട് മത്സരങ്ങളിലും കോച്ച് മാര്‍ട്ടിനെസിന് കീഴില്‍ ഉജ്വല വിജയം കൊയ്യാന്‍ പോര്‍ച്ചുഗലിന് സാധിച്ചിരുന്നു. ലിച്ചെന്‍സ്റ്റീനെതിരായ മത്സരത്തില്‍ 4-0നും ലക്സംബര്‍ഗിനെതിരായ പോരാട്ടത്തില്‍ 6-0നുമായിരുന്നു ടീം പോര്‍ച്ചുഗലിന്റെ ജയം. രണ്ട് മത്സരങ്ങളിലുമായി നാല് ഗോള്‍ നേടി തിളങ്ങാന്‍ 38കാരനായ റോണോക്ക് സാധിച്ചിരുന്നു.