| Thursday, 17th November 2022, 11:59 am

അര്‍ജന്റീനയൊന്നുമല്ല, ഫൈനലില്‍ എനിക്ക് അവരെ കിട്ടണം; പോര്‍ച്ചുഗലിന്റെ എതിരാളികള്‍ ആരാകണമെന്ന് പറഞ്ഞ് റോണാള്‍ഡോ

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തറില്‍ പന്തുരുളാന്‍ ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം ബാക്കി. ലോകം ഇനി ഖത്തറിലേക്ക് ചുരുങ്ങുമ്പോള്‍ സൂപ്പര്‍ താരങ്ങളുടെ പ്രകടനമായിരിക്കും വരുന്ന ഓരോ ദിവസത്തേയും അടയാളപ്പെടുത്താന്‍ പോകുന്നത്.

പല സൂപ്പര്‍ താരങ്ങളുടെയും അവസാന ലോകകപ്പ് എന്ന നിലയിലും ഖത്തര്‍ ലോകകപ്പിന് പ്രാധാന്യമേറെയാണ്. ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലൂക്കാ മോഡ്രിച്ച്, കരീം ബെന്‍സെമ എന്നിവര്‍ അടുത്ത ലോകകപ്പില്‍ ബൂട്ടുകെട്ടാന്‍ സാധ്യതയില്ല.

ക്രിസ്റ്റ്യാനോയുടെ അഞ്ചാം ലോകകപ്പാണിത്. 2006 ലോകകപ്പ് മുതല്‍ ഗാന്‍ഡസ്റ്റ് സ്റ്റേജ് ഓഫ് ഫുട്‌ബോളില്‍ മാറ്റുരക്കുന്നുണ്ടെങ്കിലും ഒരിക്കല്‍ പോലും വിശ്വവിജയിയാവാന്‍ റൊണാള്‍ഡോക്ക് സാധിച്ചിരുന്നില്ല.

പോര്‍ച്ചുഗല്‍ ഇത്തവണ ലോകകപ്പ് ഫേവറിറ്റുകളാണെന്നാണ് പല താരങ്ങളും വിശ്വസിക്കുന്നത്. പറങ്കിപ്പടയുടെ തലവന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം ബെര്‍ണാഡോ സില്‍വ, റൂബന്‍ ഡയസ്, ബ്രൂണോ ഫെര്‍ണാണ്ടസ് തുടങ്ങി വമ്പന്‍ താരനിരയുമായാണ് പോര്‍ച്ചുഗല്‍ ഖത്തറിലേക്ക് പറക്കാനൊരുങ്ങുന്നത്.

തങ്ങള്‍ ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുമെന്നും ഫൈനലില്‍ ബ്രസീലിനെ നേരിടാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലൈവ് സ്‌കോറിനോടായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

പോര്‍ച്ചുഗലും ബ്രസീലും ഫൈനലില്‍ ഏറ്റുമുട്ടുമോ എന്ന ചോദ്യത്തിനാണ് താരം ഉത്തരം പറയുന്നത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ തന്റെ സഹതാരമായ കാസിമെറോയോട് തമാശപൂര്‍വം ഇക്കാര്യം താന്‍ പറയാറുണ്ടെന്നും റൊണാള്‍ഡോ പറയുന്നു.

‘ഞാന്‍ അങ്ങനെ പ്രതീക്ഷിക്കുന്നു. ഞാന്‍ കാസിമെറോയോട് എപ്പോഴും തമാശപൂര്‍വം പറയാറുണ്ട് പോര്‍ച്ചുഗലും ബ്രസീലുമായിരിക്കും ഫൈനലില്‍ ഏറ്റുമുട്ടാന്‍ പോകുന്നതെന്ന്.

വൗ… അതൊരു സ്വപ്‌നഫൈനല്‍ തന്നെയായിരിക്കും. ഇത് ലോകകപ്പാണ്, ഞാന്‍ അത് സ്വപ്‌നം കാണുന്നുണ്ട്. അങ്ങനെ സംഭവിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് എനിക്കറിയാം,’ താരം പറയുന്നു.

ലോകകപ്പിന്റെ ഗ്രൂപ്പ് എച്ചിലാണ് പോര്‍ച്ചുഗല്‍. ആഫ്രിക്കന്‍ കരുത്തരായ ഘാന, ലാറ്റിനമേരിക്കന്‍ വമ്പന്‍മാരായ ഉറുഗ്വായ്, ഏഷ്യന്‍ ശക്തികളായ സൗത്ത് കൊറിയ എന്നിവരാണ് ഗ്രൂപ്പ് എച്ചിലെ മറ്റ് ടീമുകള്‍.

നവംബര്‍ 24നാണ് പോര്‍ച്ചുഗലിന്റെ അടുത്ത മത്സരം. ആദ്യ മത്സരത്തില്‍ ഘാനയെ ആണ് പറങ്കികള്‍ക്ക് നേരിടാനുള്ളത്. ശേഷം നവംബര്‍ 28ന് ഉറുഗ്വായെയും ഡിസംബര്‍ രണ്ടിന് സൗത്ത് കൊറിയയെയും നേരിടും.

Content highlight:  Portugal captain Cristiano Ronaldo says he wants  Portugal vs Brazil match in the final

We use cookies to give you the best possible experience. Learn more