സെവിയ്യ: യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് പരാജയപ്പെട്ട് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതിന് പിന്നാലെ പ്രതികരണവുമായി പോര്‍ച്ചുഗല്‍ ക്യാപറ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യൂറോപ്യന്‍ ചാമ്പ്യന്‍ കിരീടം നിലനിര്‍ത്താന്‍ പോര്‍ച്ചുഗല്‍ ടീം എല്ലാ ശ്രമവും നടത്തിയെന്നും പോര്‍ച്ചുഗീസുകാര്‍ക്ക് ഇനിയും നിരവധി സന്തോഷങ്ങള്‍ നല്‍കാനാകുമെന്ന് ഈ സംഘം തെളിയിച്ചുവെന്നും തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ വഴി പങ്കുവെച്ച പോസ്റ്റില്‍ റൊണാള്‍ഡോ പറഞ്ഞു.
പോര്‍ച്ചുഗല്‍ കൂടുതല്‍ ശക്തരായി മടങ്ങിവരും എന്നത് തീര്‍ച്ചയാണെന്നും റൊണാള്‍ഡോ തന്റെ ആരാധകരോട് പറഞ്ഞു. തുടക്കം മുതല്‍ അവസാനം വരെ ടീമിനെ അശ്രാന്തമായി പിന്തുണക്കുന്നതില്‍ നിരവധി പേരുണ്ടായിരുന്നു. ആ പിന്തുണ തന്നെയായിരുന്നു തങ്ങളുടെ പ്രചോദനം. ടീം ആഗ്രഹിക്കുന്നിടത്ത് എത്താനായില്ലെങ്കിലും ആത്മാര്‍ഥമായി തങ്ങളെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്നും റൊണാള്‍ഡോ എഴുതി.
‘ടൂര്‍ണമെന്റില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷിച്ച ഫലമുണ്ടായില്ല. ഞങ്ങള്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. എന്നാലും ഞങ്ങളുടെ യാത്രയില്‍ ഞങ്ങള്‍ അഭിമാനിക്കുകയാണ്,’ റൊണാള്‍ഡോ പറഞ്ഞു.
പ്രീക്വാര്‍ട്ടറില്‍ തങ്ങളുടെ എതിരാളിയായിരുന്ന ബെല്‍ജിയത്തിനെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. യൂറോ കപ്പില്‍ തുടരുന്ന എല്ലാ ടീമുകള്‍ക്കും ആശംസകള്‍ നേരുന്നതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ തോര്‍ഗന്‍ ഹസാഡ് നേടിയ ഏക ഗോളിലായിരുന്നു ബെല്‍ജിയത്തിന്റെ വിജയം. ഹാഫ് ടൈമിന്
മൂന്ന് മിനിറ്റുള്ളപ്പോഴാണ് തോര്‍ഗന്‍ ഹസാര്‍ഡ് വിജയഗോള്‍ നേടിയത്. സമനിലഗോളിനായി അവസാനം വരെ പോര്‍ച്ചുഗല്‍ പൊരുതിയെങ്കിലും
അതിവേഗ പ്രത്യാക്രമണങ്ങളിലൂടെ ബെല്‍ജിയം വിജയം ഉറപ്പിക്കുകയായിരുന്നു.
റൊണാള്‍ഡോ ഏറ്റവുമധികം ഗോള്‍ നേടുന്ന പുരുഷ താരമാവുമോ എന്നായിരുന്നു കളിയുടെ മറ്റൊരു ആകാംക്ഷ. ഇറാന്റെ അലി ദേയിയും റൊണാള്‍ഡോയും ഗോളടിയില്‍ ഒപ്പത്തിനൊപ്പമാണ്(109). എന്നാല്‍ മത്സരത്തില്‍ റൊണാള്‍ഡോക്ക് കിട്ടിയ അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാനായില്ല.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Portugal captain Cristiano Ronaldo reacts after losing to Belgium in Euro Cup prequarter-finals