പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ തകര്‍ത്ത് പോര്‍ചുഗല്‍ ക്വാര്‍ട്ടറില്‍. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് പോര്‍ചുഗലിന്റെ വിജയം.
കിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്ത മത്സരത്തില്‍ താരത്തിന്റെ പകരക്കാരനായി വന്ന ഗോണ്‍സാലോ റാമോസ് ഹാട്രിക്ക് ഗോള്‍ നേടി. നായകന്‍ പെപേയും റാഫേല്‍ ഗ്വിറേറോയും റാഫേല്‍ ലിയോയും ഓരോ ഗോളുകളടിച്ചു.
കളിയുടെ 17-ാം മിനിട്ടിലായിരുന്നു ഗോണ്‍സാലോ റാമോസിന്റെ ആദ്യ ഗോള്‍. 32ാം മിനുട്ടില്‍ പെനാല്‍ട്ടി കോര്‍ണറില്‍ നിന്നായിരുന്നു പെപേയുടെ ഗോള്‍. പിന്നീട് 51, 67 മിനിട്ടുകളിലാണ് ഗോണ്‍സാലോ ലീഡുയര്‍ത്തിയത്. 55ാ മിനിട്ടിലായിരുന്നു റാഫേല്‍ ഗ്വിറേറോയുടെ ഗോള്‍. മാന്വല്‍ അകഞ്ചി സ്വിറ്റ്സര്‍ലന്‍ഡിനായി ഒരു ഗോള്‍ നേടി.
73ാം മിനുട്ടില്‍ ജാവോ ഫെലിക്സിനെ പിന്‍വലിച്ച് കിസ്റ്റ്യാനോ റൊണാള്‍ഡോയെയിറക്കി. തുടര്‍ന്ന് താരം ഗോള്‍ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു.
റോണോ ഇല്ലാതെ ആദ്യ ഇലവണ്‍
ക്യാപ്റ്റന്‍ റൊണാള്‍ഡോയെ ബെഞ്ചില്‍ നിര്‍ത്തിയാണ് പോര്‍ചുഗല്‍ ടീമിന്റെ ആദ്യ ഇലവനിനെ പ്രഖ്യാപിച്ചത്. ഈ ലോകകപ്പില്‍ ആദ്യമായാണ് റൊണാള്‍ഡോയെ ഉള്‍പ്പെടുത്താതെ പോര്‍ചുഗല്‍ ടീമിനെ കോച്ച് സാന്റോസ് കളത്തിലിറക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരത്തിലും ആദ്യ ഇലവനില്‍ റൊണാള്‍ഡോയെ ഉള്‍പ്പെടുത്തിയെങ്കിലും നിര്‍ണായക ഘട്ടത്തില്‍ സൂപ്പര്‍ താരത്തെ പിന്‍വലിക്കേണ്ടിവന്നിരുന്നു.
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ദക്ഷിണ കൊറിയയോട് പോര്‍ചുഗല്‍ പരാജയപ്പെട്ടിരുന്നു. ഈ കളിയില്‍ റോണോ അവസരങ്ങള്‍ പാഴാക്കിയെന്ന വിമര്‍ശനമുയര്‍ന്നിരുന്നു.
Content Highlight: Portugal beat Switzerland in the pre-quarter finals.