| Tuesday, 27th September 2022, 4:13 pm

അവശേഷിക്കുന്നത് ഒരേയൊരു സ്ഥാനം, ഭാ​ഗ്യം സ്പെയ്നിനെ തുണക്കുമോ? വെല്ലുവിളിയായി പറങ്കികൾ; ടീം ലൈനപ്പ് ഇങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ നാഷൻസ് ലീഗ് സെമി ഫൈനലിൽ ഇടം നേടിയ പോർച്ചുഗൽ ഇന്ന് സ്‌പെയ്‌നിനെ നേരിടും. ഇരുടീമുകളുടെയും നാഷണൽ ലീ​ഗിലെ സെമി ലൈനപ്പ് ഇന്നറിയാം. സെമി ഫൈനലിലെ അവശേഷിക്കുന്ന ഒരേയൊരു സ്ഥാനത്തിനായാണ് ടീമുകൾ പോരാടുക.

ആദ്യകിരീടം തേടിയിറങ്ങുന്ന സ്പെയ്നിന് സൂപ്പർപോരാട്ടത്തിലെ മുൻചാമ്പ്യന്മാരായ പോർച്ചുഗൽ വെല്ലുവിളിയായേക്കുമോയെന്ന ആശങ്കയിലാണ് ആരാധകർ. കഴിഞ്ഞ മത്സരത്തിൽ സ്വിറ്റ്സർലാൻഡിനോട് തോൽവി വഴങ്ങിയത് സ്പെയിനിന് തിരിച്ചടിയായേക്കും.

റൊണാൾഡോയുടെ ഗോൾ ഇല്ലാതെയാണ് പറങ്കിപ്പട 4-0ന് ചെക്ക് റിപ്പബ്ലിക്കിനെ മലർത്തിയടിച്ചത്. അഞ്ച് മത്സരങ്ങളിൽ മൂന്ന് ജയവുമായി 10 പോയിന്റാണ് നിലവിൽ പോർചുഗലിന്റെ അക്കൗണ്ടിലുള്ളത്. അതേസമയം എട്ട് പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് തുടരുന്ന സപെയ്‌നിന് ഇത് നിർണായക ഘട്ടമാണ്. റോണോ നയിക്കുന്ന ടീമിന് സെമി ഫൈനലിലെത്താൻ സമനില മതിയാകും.

ചെക്ക് റിപ്പബ്ലിക്കിനെതിരെ അനായാസ പ്രകടനം നടത്തിയ ഡിയാഗോ ജോട്ട ഇന്ന് കളിക്കും. ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, റൂബെൻ നെവസ് തുടങ്ങിയവരിലാണ് പറങ്കികളുടെ പ്രതീക്ഷ.

കഴിഞ്ഞ മത്സരത്തിൽ മൂക്കിന് സാരമായ പരിക്കേറ്റെങ്കിലും റോണോ മത്സരത്തിൽ തുടർന്നിരുന്നു. താരം ഇന്നും കളത്തിലിറങ്ങും. യാവോ കാൻസെലോക്ക് സസ്‌പെൻഷൻ കാരണം കഴിഞ്ഞ തവണ കളിക്കാൻ സാധിച്ചിരുന്നില്ല.

അദ്ദേഹം ഇന്ന് ആദ്യ ഇലവനിലേക്ക് തിരിച്ചെത്തും. പോർച്ചുഗലിന്റേത് മികച്ച ടീമാണെന്നും അവർക്ക് ശക്തരായ കളിക്കാരുണ്ടെന്നും സ്‌പെയ്‌നിന്റെ പരിശീലകനായ ലൂയിസ് എന്‌റിക്വെ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ പോർച്ചുഗലുമായുള്ള ഏറ്റുമുട്ടൽ തങ്ങളുടെ ഫൈനൽ മത്സരമായിട്ടാണ് കാണുന്നതെന്നും ഏത് വിധേനയും ജയം നേടാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്വിസിനോട് തോൽവി വഴങ്ങിയ സ്‌പെയ്‌നിനെ നേരിടാൻ തങ്ങളുടെ ടീം സജ്ജമാണെന്ന് അറിയിച്ചിരിക്കുകയാണ് പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ്. നവംബറിൽ നടക്കുന്ന ലോകകപ്പിലേക്കുള്ള തയ്യാറെടുപ്പ് മത്സരം കൂടിയായതിനാൽ ഇരു ടീമുകൾക്കും ഇത് നിർണായക ഘട്ടമാണ്.

പോർച്ചുഗൽ സാധ്യമായ സ്റ്റാർട്ടിങ് ലൈനപ്പ്:
കോസ്റ്റ, ദലോട്ട്, ഡയസ്, പെരേര, ക്യാൻസലോ; നെവെസ്, പാൽഹിന്ഹ, ഫെർണാണ്ടസ്; ബി. സിൽവ, റൊണാൾഡോ, ലിയോ

സ്‌പെയ്ൻ സാധ്യമായ സ്റ്റാർട്ടിങ് ലൈനപ്പ്:
സൈമൺ, കാർവാജൽ, ഗാർസിയ, ടോറസ്, ആൽബ; കോക്ക്, റോഡ്രി, പെഡ്രി; സറാബിയ, മൊറാറ്റ, ടോറസ്

Content Highligts: Portugal and Spain will compete today in UEFA Nations League

We use cookies to give you the best possible experience. Learn more