റയൽ മാഡ്രിഡിലെ പഴയ കൂട്ടുകെട്ട് ഇന്ന് നേർക്കുനേർ; യൂറോപ്പ് ഇന്ന് കത്തും
Football
റയൽ മാഡ്രിഡിലെ പഴയ കൂട്ടുകെട്ട് ഇന്ന് നേർക്കുനേർ; യൂറോപ്പ് ഇന്ന് കത്തും
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 8th June 2024, 4:26 pm

2024 യൂറോ കപ്പിന് മുന്നോടിയായി നടക്കുന്ന ആവേശകരമായ സൗഹൃദ മത്സരത്തില്‍ ഇന്ന് പോര്‍ച്ചുഗലും ക്രൊയേഷ്യയുമാണ് ഏറ്റുമുട്ടുന്നത്. കഴിഞ്ഞ സൗഹൃദ മത്സരത്തില്‍ നോര്‍ത്ത് മസിഡോണിയയെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ക്രോയേഷ്യ പറങ്കിപ്പടക്കെതിരെ അണിനിരക്കുന്നത്.

മറുഭാഗത്ത് ഫിന്‍ലാന്‍ഡിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ രണ്ടിനെതിരെ നാലു ഗോളുകളുടെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസവുമായാണ് പോര്‍ച്ചുഗല്‍ വരുന്നത്.

സെന്‍ട്രോ ഡെസ്‌പോര്‍ട്ടിവോ നാഷണല്‍ ഡോര്‍ ജമുറില്‍ നടക്കുന്ന ആവേശകരമായ മത്സരത്തിന് മറ്റൊരു സവിശേഷത കൂടിയുണ്ട്. സൂപ്പര്‍താരങ്ങളായ ക്രിസ്ത്യാനോ റൊണാള്‍ഡോയും ലൂക്കാ മോഡ്രിച്ചും വീണ്ടും മുഖാമുഖം എത്തുന്നുവെന്നതും ഈ മത്സരത്തെ വ്യത്യസ്തമാക്കുന്ന ഒന്നാണ്. സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന്റെ പഴയ താരങ്ങള്‍ വീണ്ടും മുഖാമുഖം എത്തുമ്പോള്‍ മത്സരം തീപാറുമെന്ന് ഉറപ്പാണ്.

റയല്‍ മാഡ്രിനൊപ്പം അവിസ്മരണീയമായ ഒരു കരിയര്‍ ആണ് റൊണാള്‍ഡോ കെട്ടിപ്പടുത്തുയര്‍ത്തിയത്. ലോസ് ബ്ലാങ്കോസിനൊപ്പം 438 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ റൊണാള്‍ഡോ 450 ഗോളുകളാണ് അടിച്ചുകൂട്ടിയത്. 2018 ലാണ് റൊണാള്‍ഡോ റയലില്‍ നിന്നും പടിയിറങ്ങുന്നത്.

നിലവില്‍ സൗദി വമ്പന്‍മാരായ അല്‍ നസറിന്റെ താരമാണ് റൊണാള്‍ഡോ. ഈ സീസണിലും പ്രായത്തെ പോലും തളര്‍ത്താത്ത വീര്യത്തോടെയാണ് റൊണാള്‍ഡോ കളിക്കുന്നത്. സൗദി ലീഗില്‍ ഈ സീസണില്‍ 35 ഗോളുകളും 13 ആസിസ്റ്റുകളുമാണ് റൊണാള്‍ഡോ നേടിയത്.

ഇതിന് പിന്നാലെ ഒരുപിടി നേട്ടങ്ങളും റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. സൗദി ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം, നാല് വ്യത്യസ്ത ലീഗുകളില്‍ ടോപ് സ്കോററാവുന്ന ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ താരം എന്നെ നേട്ടങ്ങള്‍ ആയിരുന്നു പോര്‍ച്ചുഗീസ് ഇതിഹാസം സ്വന്തം പേരില്‍ കുറിച്ചത്. റൊണാള്‍ഡോയുടെ ഈ മിന്നും പ്രകടനം യൂറോകപ്പിലും ആവര്‍ത്തിക്കും എന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

 

അതേസമയം ക്രൊയേഷ്യന്‍ സൂപ്പര്‍താരം മോഡ്രിച്ച് തന്റെ 38ാം വയസിലും റയല്‍ മാഡ്രിഡിന്റെ മധ്യനിരയില്‍ കളം നിറഞ്ഞാണ് കളിക്കുന്നത്. ഈ സീസണില്‍ റയലിനൊപ്പം ലാലിഗ കിരീടനേട്ടത്തിലും തങ്ങളുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ പതിനഞ്ചാം ചാമ്പ്യന്‍സ് ലീഗ് കിരീടനേട്ടത്തിലും മോഡ്രിച്ച് പങ്കാളിയായിട്ടുണ്ട്.

2018 റഷ്യന്‍ ലോകകപ്പില്‍ ഫൈനലിലും 2022 ഖത്തര്‍ ലോകകപ്പ് സെമി ഫൈനലിലും ക്യാ കാലിടറി വീണ ക്രൊയേഷ്യ വരുന്ന യൂറോകപ്പില്‍ ശക്തമായി തിരിച്ചുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

 

Content Highlight: Portugal and Croatia play today Friendly Match before 2024 Euro Cup