കാസര്‍ഗോട്ട് വെച്ച് നടത്തിയ കൊലപാതകത്തിന് ശേഷം കേരളം വിട്ട് നോര്‍ത്ത് ഇന്ത്യയിലേക്ക് രക്ഷപ്പെടുന്ന പ്രതികള്‍, അവരെ പിടിക്കാനായി പുറപ്പെടുന്ന നാലംഗ പൊലീസ് ഉദ്യോഗസ്ഥര്‍, അവരുടെ യാത്രയുടെ കഥയാണ് കണ്ണൂര്‍ സ്‌ക്വാഡ് പറയുന്നത്.
മമ്മൂട്ടി, അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ, റോണി ഡേവിഡ് എന്നിവര്‍ നാലംഗ കണ്ണൂര്‍ സ്‌ക്വാഡായി എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റോബി വര്‍ഗീസ് രാജാണ്.
****************SPOILER ALERT*************
യാത്രകളില്‍ കൂടിയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. പല ഭൂമികകളുടെ കാഴ്ചയാണ് ചിത്രം നല്‍കുന്നത്. അത് കേവലം പുറംകാഴ്ചകള്‍ മാത്രമല്ല, അവിടുത്തെ ജനങ്ങളുടെ ജീവിതം കൂടി ചില രംഗങ്ങളിലൂടെ കണ്ണൂര്‍ സ്‌ക്വാഡ് കാണിച്ചുതരുന്നുണ്ട്.
പല സ്ഥലങ്ങളില്‍ കൂടി സ്‌ക്വാഡ് പോകുന്നുണ്ടെങ്കില്‍ അതില്‍ ഏറ്റവുമധികം തങ്ങിനില്‍ക്കുക ഉത്തര്‍പ്രദേശ് തന്നെയാവും. കെടുകാര്യസ്ഥമായി പ്രവര്‍ത്തിക്കുന്ന യു.പി. പൊലീസ് സ്റ്റേഷനാണ് അതിന്റെ തുടക്കം. ക്രിമിനല്‍ കേന്ദ്രമായ ടിക്രി വില്ലേജിലേക്ക് പോകുന്ന, സ്ഥലപരിചയമില്ലാത്ത നാലംഗ സംഘത്തിന് തുടക്കക്കാരനായ കോണ്‍സ്റ്റബിളിനെ മാത്രമാണ് അവര്‍ നല്‍കുന്നത്.
കിട്ടിയ കോണ്‍സ്റ്റബിളിനേയും കൊണ്ട് അവിടെ നിന്നുമിറങ്ങിയ നായകനായ ജോര്‍ജ് മാര്‍ട്ടിന്‍ കരഞ്ഞുകൊണ്ട് പരാതി പറയുന്ന ഒരു സ്ത്രീയ തട്ടിമാറ്റുന്ന പൊലീസ് ഉദ്യോഗസ്ഥനെ കാണുന്നുണ്ട്. ‘എന്റെ മകള്‍ കുറച്ച് വെള്ളം മാത്രമാണ് എടുത്തത്’ എന്ന് പറഞ്ഞാണ് ആ സ്ത്രീ കരയുന്നത്. ദളിത് പെണ്‍കുട്ടി പൊതുകിണറ്റില്‍ നിന്നും വെള്ളം എടുത്തതിന് സവര്‍ണ ജാതിക്കാര്‍ പ്രശ്‌നം ഉണ്ടാക്കിയതാണ് സംഭവമെന്ന് ആ വാക്കുകളില്‍ വ്യക്തമാണ്.
ജോര്‍ജും സംഘവും പ്രശ്‌നത്തില്‍ ഇടപെടുമെന്ന തോന്നലുണ്ടാകുമെങ്കിലും ‘ഇത് കേരളമല്ല, അതാണ് പ്രശ്‌നം,’ എന്ന നിസഹായമായ ഉത്തരത്തില്‍ സാഹചര്യം ഒതുക്കുകയാണ് ചെയ്യുന്നത്. ഇവിടെയൊരു റിയലിസ്റ്റിക്ക് അപ്രോച്ച് സിനിമ സ്വീകരിച്ചത് നന്നായി. ആ റിയാലിറ്റിയുടെ ഗൗരവം പ്രേക്ഷകരിലേക്ക് ‘ഇത് കേരളമല്ല’ എന്ന ഒറ്റ ഡയലോഗില്‍ എത്തുന്നുണ്ട്.
കേരളവും ഉത്തര്‍പ്രദേശും തമ്മിലുള്ള അന്തരം സ്പൂണ്‍ ഫീഡ് ചെയ്യാതെ രണ്ട് ഡയലോഗില്‍ തന്നെ കണ്ണൂര്‍ സ്‌ക്വാഡ് വിനിമയം ചെയ്തിട്ടുണ്ട്. സിനിമയുമായി വലിയ ബന്ധമില്ലെങ്കിലും കണ്ണൂര്‍ സ്‌ക്വാഡില്‍ ഏറ്റവും മനസില്‍ തട്ടുന്ന രംഗങ്ങളിലൊന്ന് തന്നെയാണ് ഇത്.
Content Highlight: Portreyel Uttarpradesh in Kannur Squad