| Sunday, 18th September 2022, 9:04 am

സുദര്‍ശനവും ഞാനാ, ചെഗുവരയും ഞാനാ; കൊത്തിലെ സൈബര്‍ പോരാളികളും വെട്ടുക്കിളികളും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് കൊത്ത്. രാഷ്ട്രീയ കൊലപാതകങ്ങളും അതുണ്ടാക്കുന്ന പ്രത്യാഘതങ്ങളുമാണ് ചിത്രത്തിലൂടെ സിബി മലയില്‍ കാണിക്കുന്നത്. ചുവന്ന നിറത്തിലും, കാവി നിറത്തിലുമുള്ള രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള പ്രതികാരവും കൊലപാതകങ്ങളുമെല്ലാം ചിത്രത്തില്‍ കടന്നുവരുന്നുണ്ട്.

കണ്ണൂരില്‍ നിന്നും പലപ്പോഴും ഇത്തരത്തിലുള്ള സംഘട്ടനത്തിന്റേയും കൊലപാതകങ്ങളുടെയും വാര്‍ത്തകള്‍ കേള്‍ക്കാറുണ്ട്. കാലം മാറിയതോടെ ഈ പോര്‍വിളിയും വാക്കുതര്‍ക്കങ്ങളും സോഷ്യല്‍ മീഡിയയിലേക്കും മാറിയിട്ടുണ്ട്. സൈബര്‍ വെട്ടുക്കിളി കൂട്ടങ്ങള്‍, സൈബര്‍ പോരാളികള്‍ എന്ന പേര് തന്നെ ഇവര്‍ക്ക് വീണിട്ടുണ്ട്. ഒറിജിനല്‍ ഐ.ഡിയില്‍ നിന്നും ഫേക്ക് ഐഡികളില്‍ നിന്നുമെല്ലാം എതിര്‍പാര്‍ട്ടികളെ സൈബര്‍ അറ്റാക്ക് ചെയ്യുന്ന പോരാളികളുണ്ട്. ഇതും കൊത്തില്‍ പറഞ്ഞുപോകുന്നുണ്ട്.

എതിര്‍പാര്‍ട്ടിയുടെ പോസ്റ്റിന് താഴെ കമന്റ് ബോക്‌സില്‍ ചാണകമേ എന്നും ചാണക കീടമേയെന്നുമൊക്കെ കമന്റ് ചെയ്യുന്ന രംഗങ്ങള്‍ ചിത്രത്തില്‍ കാണാം. വിജിലേഷിന്റെ മൊയീന്‍ എന്ന കഥാപാത്രത്തിന് നിരവധി അക്കൗണ്ടുകളുള്ളതായാണ് കാണിക്കുന്നത്.

എതിര്‍പാര്‍ട്ടിക്കാരനെന്ന് തോന്നിക്കുന്ന ഫേക്ക് ഐ.ഡികളും ഇയാള്‍ക്കുണ്ട്. ‘ചെഗുവരയും ഞാനാണ് സുദര്‍ശനവും ഞാനാണ്,’ എന്ന വിജിലേഷിന്റെ ഡയലോഗ് ചിത്രത്തില്‍ ശ്രദ്ധ നേടിയിരുന്നു. സോഷ്യല്‍ മീഡിയയിലെ നടക്കുന്ന യഥാര്‍ത്ഥ ചിത്രങ്ങളെ തന്നെ ഓര്‍മിപ്പിക്കുന്നതാണ് വിജിലേഷിന്റെ രംഗങ്ങള്‍.

ഇത്തരം തമാശകള്‍ മാത്രമല്ല, ഗൗരവതരമായ ചിലതും കൊത്തിലൂടെ കാണിക്കുന്നുണ്ട്. ഒരു ജീവന്റെ നഷ്ടത്തിനുള്ള തിരിച്ചടി മറ്റൊരു ജീവനെടുക്കുന്നതല്ലെന്നും ജീവിച്ചുകാണിക്കുന്നതാണെന്നുമുള്ള സന്ദേശവും കൂടി കൊത്ത് നല്‍കുന്നുണ്ട്. കൂടാതെ ഒരാള്‍ ഇല്ലാതായാല്‍ ഒരു കുടുംബം കൂടിയാണ് ഇല്ലാതാവുന്നത്. ഇതോടെ കൊലപാതകം നടത്തിയവരുടെയും കൊല ചെയ്യപ്പെട്ടവരുടെയും കുടുംബങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ കൂടി ചിത്രം കാണിച്ചുതരുന്നുണ്ട്.

Content Highlight: portrayal of syber fake id, and syber attack in kotthu

We use cookies to give you the best possible experience. Learn more