Spoiler Alert
അടിമുടി പ്രണയത്തില്‍ പൊതിഞ്ഞൊരു ചിത്രമാണ് പ്രണയ വിലാസം. അര്‍ജുന്‍ അശോകന്‍, മമിത ബൈജു, അനശ്വര രാജന്‍, മനോജ് കെ.യു, ഹക്കിം ഷാ, മിയ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം ഫെബ്രുവരി 24നാണ് തിയേറ്ററുകളിലെത്തിയത്. മനോഹരമായാണ് ചിത്രം പ്രണയത്തെ കൈകാര്യം ചെയ്തിരിക്കുന്നത്. അതില്‍ എടുത്തുപറയേണ്ടത് വിവാഹത്തിന് ശേഷമുള്ള പ്രണയങ്ങളെ കൈകാര്യം ചെയ്ത രീതിയാണ്.
മൂന്ന് പേരുടെ പ്രണയമാണ് ചിത്രത്തില്‍ പ്രധാനമായും കാണിക്കുന്നത്, വര്‍ത്തമാനകാലത്ത് നടക്കുന്ന രണ്ട് പ്രണയങ്ങളും കഴിഞ്ഞുപോയ കാലത്തെ ഒരു പ്രണയവും. വര്‍ത്തമാനകാലത്ത് നടക്കുന്ന രണ്ടില്‍ ഒന്ന് അര്‍ജുന്‍ അശോകന്‍ അവതരിപ്പിക്കുന്ന സൂരജിന്റേത് കോളേജ് പ്രണയമാണ്. രണ്ട് മനോജ് കെ.യു അവതരിപ്പിക്കുന്ന രാജീവിന്റെ വിവാഹേതര പ്രണയമാണ്.
സൂരജ് വളരെ ലിബറലായ ഒരു പ്രണയത്തിലാണ്. കാമുകിയായ ഗോപികയുടെ മുമ്പില്‍ വെച്ച് തന്നെ അയാള്‍ മുന്‍കാമുകിയോട് സംസാരിക്കുകയും മറ്റ് പെണ്‍കുട്ടികളോട് ഫ്‌ളേര്‍ട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്.
രാജീവിന്റെ പ്രണയം കുറച്ചുകൂടി രസകരമാണ്. കല്യാണം കഴിഞ്ഞ് മകന്‍ കോളേജില്‍ പഠിക്കാറായപ്പോഴാണ് അയാള്‍ പഴയ കാമുകിയെ കണ്ടുമുട്ടുന്നത്. അതോടെ രാജീവ് മകനെക്കാള്‍ ചെറുപ്പമാവുകയാണ്. കരിമ്പനടിച്ച ഷര്‍ട്ട് ഡിസൈനാണെന്ന് പറഞ്ഞ് വീണ്ടും ധരിച്ചിരുന്ന അയാള്‍ ഡെനിം ഷര്‍ട്ടുകള്‍ ഇടാന്‍ തുടങ്ങുന്നു, പാട്ട് പാടി നടക്കുന്നു, രാത്രി കാമുകിക്ക് ഡ്യൂട്ടിയുള്ള കോളേജില്‍ അവരെ കാണാന്‍ പോകുന്നു, അവര്‍ക്കൊപ്പം സിഗരറ്റ് വലിക്കുന്നു. ആ സമയം അയാളില്‍ ഒരു പ്രത്യേക തരം എനര്‍ജിയാണ് കാണുന്നത്.
മൂന്നാമത്തെ പ്രണയമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. അതാണ് 23 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടക്കുന്ന വിനോദിന്റെയും അനുവിന്റേയും പ്രണയം. വര്‍ത്തമാനകാലത്തും ഇത് തുടരുന്നുണ്ടെങ്കിലും കാണിക്കുന്നത് ഭൂതകാലത്തിലാണ്. പക്കാ പൈങ്കിളി പ്രണയമാണ് ഇവരുടേത്. അതേപോലെ സിനിമയില്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും ഫീല്‍ ചെയ്യുന്നതും ഇവരുടെ പ്രണയം തന്നെ.
ഈ മൂന്ന് പ്രണയങ്ങളും സിനിമ കയ്യടക്കത്തോടെ കൈകാര്യം ചെയ്തിട്ടുണ്ട്. പ്രത്യേകിച്ചും വിവാഹേതര ബന്ധം. മുമ്പാണെങ്കില്‍ മാതാപിതാക്കളുടെ വിവാഹേതര ബന്ധം മക്കള്‍ അറിയുകയാണെങ്കില്‍ വളരെ നാടകീയ രംഗങ്ങളാവും പിന്നീട് സിനിമയില്‍ നടക്കുക. ഇമോഷണല്‍ സീനോ പൊട്ടിത്തെറിയോ ഉണ്ടാവും. എന്നാല്‍ പ്രണയവിലാസത്തിലെ മകന്‍ അത് ആ സ്പിരിറ്റോടെ എടുക്കുന്നുണ്ട്. അതിലൂടെ അവന്‍ മാതാപിതാക്കളെ കൂടുതല്‍ അറിയാനും അവരോട് അടുക്കാനുമാണ് നോക്കുന്നത്.
മൂന്ന് പ്രണയങ്ങള്‍ വന്നിട്ടും അതിനോരോന്നിനും ചിത്രം കൃത്യമായ സ്‌പേസ് കൊടുക്കുന്നുണ്ട്. പ്രത്യേകിച്ചും വിനോദിന്റെയും അനുവിന്റേയും പ്രണയം സെക്കന്റ് ഹാഫിന് ശേഷമാണ് വരുന്നത് തന്നെ. എന്നിട്ടും കൃത്യമായ അളവില്‍ ഒരുക്കി ഒരോന്നും ഓരോ ഫീലോടെ പ്ലേസ് ചെയ്യാന്‍ സിനിമക്കായി.
Content Highlight: Portrayal of relationships and extra marital relationships in pranaya vilasam