Spoiler Alert
ഒരു പൊലീസ് സ്റ്റേഷനില്‍ അപ്രതീക്ഷിതമായി നടക്കുന്ന മരണം. തുടര്‍ന്ന് അവിടെ കൂടിനില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരേയും ജനങ്ങളേയും സ്റ്റേഷനിലെ പൊലീസുകാരേയും വീട്ടിലേക്ക് വിടാതെ ഒറ്റ രാത്രിയില്‍ തീര്‍ക്കുന്ന അന്വേഷണം. ഇതാണ് ജോജു ജോര്‍ജ് നായകനാവുന്ന ഇരട്ട പറയുന്നത്.
വിനോദ് എന്ന പൊലീസുകാരനാണ് മന്ത്രി പങ്കെടുക്കേണ്ട പരിപാടിക്ക് മിനിട്ടുകള്‍ക്ക് മുമ്പ് പൊലീസ് സ്റ്റേഷനില്‍ വെച്ച് വെടിയേറ്റ് മരണപ്പെടുന്നത്. ഇത് ആത്മഹത്യയാണോ അതോ കൊലപാതകമാണോ? രണ്ടിലേതാണെങ്കിലും അതിന് പിന്നിലുള്ള കാരണമെന്താണ്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് പിന്നീട് ചിത്രം ചര്‍ച്ച ചെയ്യുന്നത്.
പൊലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് നടക്കുന്ന കഥയായതുകൊണ്ട് തന്നെ ഒരുപറ്റം പൊലീസുകാരിലൂടെയും സിനിമ പോകുന്നുണ്ട്. മേലുദ്യോഗസ്ഥരില്‍ നിന്നും ഭരണ കേന്ദ്രങ്ങളില്‍ നിന്നും പൊലീസുകാര്‍ നേരിടുന്ന പ്രഷര്‍ മികച്ച രീതിയില്‍ തന്നെ ചിത്രത്തില്‍ കാണിക്കുന്നുണ്ട്. മരിച്ചത് ഒരു പൊലീസുകാരനായതിനാലും മരണം നടന്നത് പൊലീസ് സ്റ്റേഷനിലായതിനാലും അന്വേഷണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാന്‍ മുകളില്‍ നിന്നും വലിയ സമ്മര്‍ദ്ദമാണ് ഉണ്ടാകുന്നത്.
മരണം നടന്ന മുറിയില്‍ സംഭവം നടന്നയുടന്‍ എത്തുന്ന പൊലീസുകാരെ സസ്‌പെക്ട് ലിസ്റ്റില്‍ നിര്‍ത്തിയാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാല്‍ ഇവര്‍ മൂന്ന് പേരില്‍ ഒരാളാണ് കൊലപാതകം നടത്തിയതെന്ന് സ്ഥിരീകരിക്കാനുമാവുന്നില്ല. ഈ സമയം സ്ഥലത്തെത്തുന്ന മന്ത്രി പറയുന്നത് ഈ മൂന്ന് പൊലീസുകാരെ പ്രതി ചേര്‍ത്ത വിവരം മാധ്യമങ്ങളോട് പറയാനാണ്. കാരണം മന്ത്രിക്ക് മുഖ്യമന്ത്രിയില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും സമ്മര്‍ദമുണ്ട്. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കേണ്ടി വരുന്ന പൊലീസുകാരുടെ നിസഹായവസ്ഥ കൂടിയാണ് ഇരട്ട തുറന്നുകാണിക്കുന്നത്.
മുകളില്‍ നിന്നുമുള്ള പ്രഷറിന് പുറമേ പൊലീസുകാര്‍ തമ്മിലുള്ള ഗ്രൂപ്പിസവും ഈഗോ ക്ലാഷുമെല്ലാം ചിത്രത്തില്‍ പറഞ്ഞുപോകുന്നുണ്ട്. ഇതൊക്കെ വളരെ റിയലിസ്റ്റിക്കായി തന്നെ എക്‌സിക്യൂട്ട് ചെയ്തു എന്നതാണ് മറ്റൊരു പ്ലസ് പോയിന്റ്.
കെട്ടുറപ്പുള്ള തിരക്കഥക്കൊപ്പമുള്ള ജോജു ജോര്‍ജിന്റെ പെര്‍ഫോമന്‍സ് കൂടിയാണ് ഇരട്ടയുടെ നെടുംതൂണ്‍ എന്ന് പറയുന്നത്. വിനോദ്, പ്രമോദ് എന്നീ ഇരട്ട കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ ജോജു അവതരിപ്പിച്ചത്. രണ്ട് വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന കഥാപാത്രങ്ങളാണ് വിനോദും പ്രമോദും. അതും വളരെ കണ്‍വിന്‍സിങ്ങായി, രണ്ട് പേരുടെയും പെരുമാറ്റവും മാനറിസവുമെല്ലാം ഒരു ചിത്രത്തില്‍ ഒരാള്‍ തന്നെ അവതരിപ്പിക്കുക എന്ന് പറയുന്നത് ശ്രമകരമാണ്. എന്നാല്‍ അതിന്റെ ആയാസങ്ങളൊന്നുമില്ലാതെ രണ്ട് വ്യക്തിളാണ് വിനോദും പ്രമോദും എന്ന തോന്നല്‍ പ്രേക്ഷകരില്‍ ജനിപ്പിക്കാന്‍ ജോജുവിന് കഴിഞ്ഞു.
Content Highlight: portrayal of police system in iratta