കേരള-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തില്‍ നടക്കുന്ന മോഷണ പരമ്പര കേന്ദ്രീകരിച്ച് തുടങ്ങുന്ന ഒരു സിനിമ, ആ മോഷണ പരമ്പര വലിയൊരു കുറ്റകൃത്യത്തിന്റെ തുമ്പിലേക്ക് വഴിതെളിക്കുന്നു. ജീത്തു ജോസഫിന്റെ പുതിയ സിനിമയായ കൂമന്‍ മികച്ചൊരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്.
സാധാരണ ജീത്തു ജോസഫ് ചിത്രങ്ങളിലേതെന്ന പോലെ തന്നെ പൊലീസ് സ്റ്റേഷന്‍ കൂമനിലും പ്രധാന കഥാപരിസരമായി വന്നിട്ടുണ്ട്. ഇതിനൊപ്പം പൊലീസ് സേനക്കുള്ളിലെ അമര്‍ഷങ്ങളും പുകച്ചിലുകളും ചിത്രത്തില്‍ പറഞ്ഞുപോകുന്നുണ്ട്.
അതില്‍ പ്രധാനപ്പെട്ട ഒന്നാണ് കീഴുദ്യോഗസ്ഥരോടുള്ള മേലുദ്യോഗസ്ഥരുടെ ഈഗോ. കീഴെയുള്ള ഉദ്യോഗസ്ഥര്‍ ഏതെങ്കിലും കേസന്വേഷണത്തില്‍ തുമ്പ് കൊണ്ടുവന്നാല്‍ ഞാന്‍ ഇവിടെയുള്ളപ്പോള്‍ കേസന്വേഷിക്കാന്‍ ഇവനാര് എന്ന ലൈനില്‍ മേലുദ്യോഗസ്ഥര്‍ പെരുമാറുന്നത് ചിത്രത്തില്‍ കാണാം. അതുപോലെ വ്യക്തിയെന്ന പരിഗണനയോ ബഹുമാനമോ കൊടുക്കാതെ കീഴുദ്യോഗസ്ഥന്‍ വഴക്ക് കേള്‍ക്കുന്ന രംഗങ്ങളും ചിത്രത്തിലുണ്ട്.
സി.പി.ഒ ആയ ഗിരി ശങ്കറിനും ഇത്തരത്തിലുള്ള തിക്താനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതിനെപറ്റി തന്റെ അടുപ്പക്കാരനോട് പരാതിപ്പെടുമ്പോള്‍ നമ്മുടെ ഡിപ്പാര്‍ട്‌മെന്റില്‍ മേലെ ഇരിക്കുന്ന സാറുമാരുടെ തെറി പതിവല്ലേ എന്നാണ് തിരിച്ച് ചോദിക്കുന്നത്.
മറ്റൊരു പൊലീസ് സ്റ്റേഷനിലെ തന്റെ അതേ റാങ്കുള്ള പൊലീസുകാരനോടും ഇതിനെ പറ്റി ഗിരി പറയുമ്പോള്‍ അയാളും പറയുന്നത് റാങ്കുള്ളവന് കഴിവില്ല, കഴിവുള്ളവന് റാങ്കില്ല എന്നതാണ്.
സി.പി.ഒ ഗിരി ശങ്കറെന്ന കേന്ദ്രകഥാപാത്രമായാണ് ആസിഫ് അലി ചിത്രത്തിലെത്തിയത്. ഇത്തരം ഘട്ടങ്ങളില്‍ ഒരു പൊലീസുകാരനുണ്ടാവുന്ന അമര്‍ഷവും നിരാശയും ആസിഫ് അലി മികച്ച രീതിയില്‍ പ്രതിഫലിപ്പിച്ചിട്ടുണ്ട്. അമര്‍ഷത്തിനപ്പുറം ഇത്തരം സംഭവങ്ങളില്‍ വൈരാഗ്യബുദ്ധിയും ഉള്ളില്‍ വെക്കുന്ന കഥാപാത്രമാണ് ആസിഫിന്റേത്. ഈ സ്വഭാവം ഇയാള്‍ക്ക് തന്നെ വിനയാകുന്ന കാഴ്ചയാണ് കൂമനില്‍ കാണുന്നത്.
Content Highlight: portrayal of police force in kooman movie