നിരവധി പൊലീസ് കഥകള്‍ വന്നിട്ടുള്ള മലയാള സിനിമയില്‍ അധികം കണ്ടുപരിചയിക്കാത്ത ഒരു കോണ്‍സെപ്റ്റാണ് പൊലീസ് കണ്‍ട്രോള്‍ റൂം. അവിടെ നടക്കുന്ന രസകരമായ കോളുകളും ഒപ്പം അത് രണ്ട് പൊലീസുകാര്‍ തമ്മിലുള്ള വടംവലിക്കും തന്നെ കാരണമാവുകയാണെങ്കിലോ? അങ്ങനെയൊരു കഥയാണ് വേല പറയുന്നത്.
സണ്ണി വെയ്‌നും ഷെയ്ന്‍ നിഗവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച വേല നവംബര്‍ പത്തിനാണ് റിലീസ് ചെയ്തത്. ചിത്രത്തില്‍ വളരെ മനോഹരമായാണ് പൊലീസ് കണ്‍ട്രോള്‍ റൂമിനെ അവതരിപ്പിച്ചത്. അത്യാവശങ്ങള്‍ക്കുമപ്പുറം കണ്‍ട്രോള്‍ റൂമിലേക്ക് വരുന്ന പ്രാങ്ക് കോളുകളും അത് പൊലീസിന് ഉണ്ടാക്കുന്ന പുകിലുകളും രസകരമായാണ് ചിത്രത്തില്‍ കാണിക്കുന്നത്.
ഫോണ്‍ റീചാര്‍ജ് ചെയ്യാനും ഒറ്റപ്പെടല്‍ മറികടക്കാനും ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ മദ്യം വേണമെന്ന് പറഞ്ഞുമൊക്കെ കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കുന്നത് ചിത്രത്തില്‍ കാണാം. ഇത് പൊലീസുകാര്‍ക്കിടയില്‍ തന്നെ ഒരു ഘട്ടത്തില്‍ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഒപ്പം സീനിയറായ പൊലീസുകാര്‍ ജൂനിയേഴ്‌സിന് കോളുകള്‍ ഫോര്‍വേഡ് ചെയ്യുന്ന സര്‍വസാധാരണ ഓഫീസ് രംഗങ്ങളും വേല കാണിച്ചുതരുന്നു.
ഇങ്ങനെ പോകവേ ഒരു കോള്‍ രണ്ട് പൊലീസുകാര്‍ക്കിടയില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളിലേക്കാണ് വേല പോകുന്നത്. ഒരാള്‍ ആ പ്രശ്‌നത്തില്‍ പെട്ട സാധാരണക്കാരനെ സഹായിക്കാന്‍ നോക്കുമ്പോള്‍ മറ്റേയാള്‍ അതിനെ തന്റെ ലാഭത്തിനായി വഴി തിരിക്കാനാണ് നോക്കുന്നത്.
സേനയിലെ അഴിമതിയും അവിശുദ്ധ കൂട്ടുകെട്ടുകളും ഈഗോയുമെല്ലാം വേലയിലും പറഞ്ഞുവെക്കുന്നുണ്ട്. ഗ്രേ ഷേഡുള്ള കഥ പറയുന്ന ചിത്രങ്ങള്‍ അടുത്ത കാലത്ത് പുറത്ത് വന്നിരുന്നു. എന്നാല്‍ വേല ബ്ലാക്ക് ആന്‍ഡ് വൈറ്റ് മോഡിലാണ് നീങ്ങുന്നത്. നല്ലവനായ പൊലീസായ ഉല്ലാസിനെ ഷെയ്ന്‍ നിഗവും തിന്മയുടെ മുഖമായ മല്ലികാര്‍ജുനെ സണ്ണി വെയ്നുമാണ് അവതരിപ്പിക്കുന്നത്.
Content Highlight: Portrayal of police control room in vela movie