സൗബിന്‍ ഷാഹിര്‍, ബിനു പപ്പു, ഗോകുലന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ അയല്‍വാശി തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഇര്‍ഷാദ് പരാരി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം സുഹൃദ് ബന്ധങ്ങളേയും കുടുംബ ബന്ധങ്ങളേയും അയല്‍പക്ക സൗഹൃദങ്ങളേയും കേന്ദ്രീകരിച്ചൊരുങ്ങിയ കോമഡി എന്റര്‍ടെയ്‌നറാണ്.
കോട്ടയത്തെ ഈരാറ്റുപേട്ടയില്‍ താജുദ്ദീന്റെ വീട്ടില്‍ നടക്കുന്ന കല്യാണത്തിനിടക്ക് സുഹൃത്തായ ബെന്നിയുടെ കയ്യില്‍ നിന്നും വാങ്ങിയ സ്‌കൂട്ടറിന് സ്‌ക്രാച്ച് വീഴുന്നു. ഇത്രയും ചെറിയ സംഭവത്തില്‍ നിന്നുമാണ് ഒട്ടും ലാഗടിപ്പിക്കാത്ത രസകരമായ ഒരു സിനിമ ഇര്‍ഷാദ് പരാരി വികസിപ്പിച്ചെടുത്തിരിക്കുന്നത്.
മലയാള സിനിമ അധികമൊന്നും പര്യവേഷണം നടത്താത്ത സ്ഥലമാണ് കോട്ടയം. ഇനിയെങ്ങാനും അവിടെയൊരു പടമെടുത്താല്‍ തന്നെ അത് കിഴക്കുഭാഗത്തുള്ള കാഞ്ഞിരപ്പള്ളിയോ പാലയോ ചങ്ങനാശ്ശേരിയോ ഈരാറ്റുപേട്ടയോ ഒക്കെയായിരിക്കും. കോട്ടയം ടൗണ്‍ ഭാഗത്തേക്കൊന്നും ഇന്നുവരെ മലയാള സിനിമ എത്തിയിട്ടില്ല. അയല്‍വാശിയും പതിവിന് വിപരീതമായില്ല.
‘എന്നാടാ ഉവ്വേ ‘എന്ന കോട്ടയം സിനിമകളിലെ സ്റ്റീരിയോടൈപ്പിന് അയല്‍വാശിയില്‍ മാറ്റം വന്നിട്ടുണ്ട്. പകരം ‘എന്നാത്തിനാ’, ‘എന്നാ’ എന്നൊക്കെയാണ് ഉപയോഗിക്കുന്നത്. കോട്ടയം ഭാഷ ഉപയോഗിക്കിക്കാത്തതിനാലാവും അഭിനേതാക്കള്‍ക്ക് സ്വഭാവികമായി ഈ എന്നാത്തിനാ പ്രയോഗിക്കാന്‍ ചില സ്ഥലങ്ങളില്‍ ബുദ്ധിമുട്ടുന്നുണ്ട്. അങ്ങനെയുള്ള ചില ഭാഗങ്ങള്‍ ഒഴിവാക്കിയാല്‍ കോട്ടയം സ്ലാങ് നസ്‌ലിനും സൗബിനും ഉള്‍പ്പെടെയുള്ളവര്‍ നന്നായി തന്നെ ഉപയോഗിച്ചിട്ടുണ്ട്.
സജിത്ത് പുരുഷോത്തമന്റെ ക്യാമറ ഏറ്റവും മനോഹരമായാണ് ഈരാറ്റുപേട്ടയേയും പരിസര പ്രദേശങ്ങളേയും ഒപ്പിയെടുത്തിരിക്കുന്നത്. തോടുകളും റബ്ബര്‍ തോട്ടങ്ങളും കൈതക്കാടുകളും മലയോരങ്ങളില്‍ പുലര്‍ച്ചെയുള്ള മഞ്ഞും വരുന്ന നിരവധി ഫ്രെയ്മുകള്‍ അയല്‍വാശിയെ മനോഹരമാക്കുന്നുണ്ട്.
കോട്ടയത്തിന്റെ പല ഭാഗങ്ങളിലുമുള്ള ബോര്‍മകളും സിനിമയിലേക്ക് കൊണ്ടുവന്നത് സ്ഥലത്തെ അടയാളപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. സ്ഥലത്തെ പറ്റി നന്നായി പഠിച്ചാണ് സംവിധായകനും അണിയറ പ്രവര്‍ത്തകരും അയല്‍വാശി എടുത്തിരിക്കുന്നത്.
സ്‌കൂട്ടറിലെ സ്‌ക്രാച്ച് എന്ന ചെറിയ ആശയത്തില്‍ നിന്നും വലിയ വാശിയിലേക്ക് എത്തിച്ച് പ്രകടനങ്ങളിലും ടെകിനിക്കല്‍ സൈഡിലും മേക്കിങ്ങിലും മികച്ചതാക്കാന്‍ സാധിച്ചത് ഇര്‍ഷാദ് പരാരിയുടെ മിടുക്ക് തന്നെയാണ്.
Content Highlight: portrayal of kottayam and eerattupetta in ayalvaashi