| Sunday, 24th December 2023, 4:28 pm

ബ്രിട്ടീഷുകാര്‍ക്ക് മുന്നിലും മുട്ടുമടക്കിയില്ല, സ്വന്തമായി ഭരണഘടനയും സൈന്യവും; എന്താണ് പ്രശാന്ത് നീലിന്റെ ഖാന്‍സാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2014ല്‍ ഉഗ്രം എന്ന ചിത്രത്തിലൂടെയാണ് പ്രശാന്ത് നീല്‍ ആദ്യമായി സംവിധായക കുപ്പായം അണിയുന്നത്. ശ്രീമുരളി, ഹരിപ്രിയ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശാന്ത് സംവിധാനം ചെയ്ത ചിത്രം അന്ന് കന്നഡയില്‍ മാത്രമൊതുങ്ങി നിന്ന വിജയമായിരുന്നു.

അതേ ചിത്രത്തെ 9 വര്‍ഷങ്ങള്‍ക്കിപ്പുറം പുതുക്കി പണിതിരിക്കുകയാണ് പ്രശാന്ത് നീല്‍. എന്നാല്‍ ഇത്തവണ അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ലെവലിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പ്രഭാസ് നായകനായ ചിത്രത്തില്‍ പൃഥ്വിരാജ്, ശ്രുതി ഹാസന്‍, ജഗപതി ബാബു, ബോബി സിംഹ, ശ്രിയ റെഡ്ഡി എന്നിങ്ങനെ വലിയ താരനിരയും ചിത്രത്തിലുണ്ട്.

SPOILER ALERT

പ്ലോട്ടില്‍ സാമ്യതയുണ്ടെങ്കിലും ഉഗ്രത്തെക്കാള്‍ വളരെ വലിയ ലോകത്താണ് സലാറിന്റെ കഥ നടക്കുന്നത്. ഖാന്‍സാര്‍ എന്ന സാങ്കല്‍പിക നഗരമാണ് അതില്‍ പ്രധാനം. ഇന്ത്യയിലെ ഒരു സങ്കല്‍പിക നഗരമാണ് ഖാന്‍സാര്‍. ഇന്ത്യയിലെ ഒരു നിയമങ്ങളും ബാധകമല്ലാത്ത സ്വന്തമായി ഭരണഘടനയും സൈന്യവും ഭരണവുമുള്ള നഗരം. അവിടേക്ക് ഇടപെടാന്‍ ഇന്ത്യന്‍ ഭരണകൂടവും ക്രമസമാധാന സംവിധാനങ്ങളും ഭയപ്പെടുന്നു.

1000 വര്‍ഷങ്ങള്‍ക്ക് മുമ്പേ തുടങ്ങുന്ന ചരിത്രമാണ് ഖാന്‍സാറിന്റേത്. ഗ്രാമങ്ങള്‍ തോറും കവര്‍ച്ചയും കൂട്ടക്കൊലയും നടത്തിയ സംഘം അവിടെയുള്ള സമ്പത്ത് കയ്യേറി ഖാന്‍സാറില്‍ നിക്ഷേപിക്കുന്നു. കോളനിവത്കരണ കാലത്ത് ബ്രിട്ടീഷ്‌കാര്‍ക്ക് മുന്നില്‍ പോലും ഖാന്‍സാര്‍ അടിയറവ് പറഞ്ഞില്ല.

പ്രബലരായ മൂന്ന് ഗോത്രങ്ങളാണ് ഖാന്‍സാര്‍ ഭരിക്കുന്നത്. അവരില്‍ നിന്നും ഒരാള്‍ ഭരണത്തിന് നേതൃത്വം നല്‍കും. കാലാവധി കഴിയുമ്പോള്‍ മൂന്ന് ഗോത്രങ്ങളില്‍ നിന്നും അടുത്തയാളെ തെരഞ്ഞെടുക്കും. എന്നാല്‍ അധികാര കൊതി അവരേയും ബാധിക്കുന്നു. ഖാന്‍സാര്‍ ഭരിക്കുനായി ഈ ഗോത്രങ്ങള്‍ തമ്മില്‍ തന്നെ ഒടുവില്‍ പരസ്പരം യുദ്ധത്തിലേക്ക് പോകുന്നതും ആ യുദ്ധത്തെ ഒരു സുഹൃത്ബന്ധം എങ്ങനെ മാറ്റിമറിക്കുന്നു എന്നാണ് ചിത്രം പറയുന്നത്.

ഖാന്‍സാര്‍ സൃഷ്ടിക്കുന്നതിനായി വളരെ വലിയ തയാറെടുപ്പാണ് പ്രശാന്ത് നീല്‍ നടത്തിയിരിക്കുന്നത്. ഓരോ ഗോത്രത്തിനും പ്രത്യേകം വേഷവിധാനങ്ങളും ആഭരണങ്ങളും ആചാരങ്ങളും നല്‍കിയിട്ടുണ്ട്. നിയമസംഹിത എന്നാണ് ഖാന്‍സാറിന്റെ ഭരണഘടനയുടെ പേര്. അതിനനുസരിച്ചാണ് ഖാന്‍സാറില്‍ കാര്യങ്ങള്‍ നടക്കുന്നത്. പൃഥ്വിരാജ് പറഞ്ഞതുപോലെ ഒരു ഗെയിം ഓഫ് ത്രോണ്‍സ് തന്നെ ഖാന്‍സാറിലൂടെ സലാറില്‍ പ്രഭാസ് സൃഷ്ടിച്ചിട്ടുണ്ട്.

Content Highlight: Portrayal of khansar in salaar movie

We use cookies to give you the best possible experience. Learn more