| Saturday, 21st January 2023, 5:25 pm

പകല്‍ വീടിന് മുറ്റത്ത് എക്സര്‍സൈസ്, രാത്രി ഗ്രില്ലിങ്ങും ചില്ലിങ്ങും; ജയന്റെ കാലത്തെ ഗുണ്ടാ സംഘം ഇപ്പോഴുമുണ്ടോ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ ആക്ഷന്‍ സംവിധായകന്‍ ഷാജി കൈലാസ് പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് കാപ്പ. തിരുവനന്തപുരത്തിന്റെ പശ്ചാത്തലത്തില്‍ ഗുണ്ടാസംഘങ്ങളുടെ കഥ പറഞ്ഞ ചിത്രത്തില്‍ കൊട്ട മധു എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. തിരുവനന്തപുരം അടക്കി വാഴുന്ന ഗുണ്ടാ തലവനാണ് അദ്ദേഹം. പൊലീസ് കേന്ദ്രങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും മധുവിന്റെ വരുതിയില്‍ വരും.

കൊല്ലാനും ചാകാനും മടിക്കുന്ന ഒരു ഗുണ്ടാസംഘം എപ്പോഴും മധുവിനൊപ്പമുണ്ട്. ഇതിനു പുറമേ വലംകയ്യായി ജഗദീഷിന്റെ ജബ്ബാറിക്കയും. എന്നാല്‍ ഈ ക്വട്ടേഷന്‍ സംഘത്തെ അവതരിപ്പിച്ചത് ഒരു പഴയ മോഡലിലാണ്. കൊട്ട മധുവിന്റെ വീട് ആദ്യമായി കാണിക്കുന്ന രംഗമുണ്ട് കാപ്പയില്‍. ഈ രംഗം കാണിക്കുമ്പോള്‍ ജയന്റെ കാലത്തേക്ക് പ്രേക്ഷകര്‍ പോയാല്‍ അത്ഭുതപ്പെടാനില്ല. ആ സെറ്റപ്പിലാണ് മധുവിന്റെ വീടും പശ്ചാത്തലവും.

പകല്‍ സമയം ഡംബെലുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് എക്സര്‍സൈസ് ചെയ്യുന്ന ഗുണ്ടകള്‍ രാത്രിയാവുമ്പോള്‍ ചിക്കന്‍ ഗ്രില്ലിങ്ങും മദ്യപാനവുമായി ഫുള്‍ ചില്ലിങ്ങാണ്. ഈ സമയം കൊട്ട മധു സീരിയസ് മോഡില്‍ ടെറസില്‍ നിന്ന് മദ്യപിച്ചുകൊണ്ട് ഇതൊക്കെ വീക്ഷിക്കും. ഇമ്മാതിരി ജഗ്ഗു ഭായ് ടൈപ്പ് സെറ്റപ്പ് തന്നെയാണോ ഇപ്പോഴും മലയാള സിനിമയില്‍ എന്നൊരു ചിന്ത ഈ രംഗം കാണുമ്പോള്‍ പ്രേക്ഷകര്‍ക്കുണ്ടാവാം.

ഫൈറ്റ് സീനിലും ഇത്തരം ഔട്ട്ഡേറ്റഡ് മോഡലാണ് കണ്ടത്. സാധാരണക്കാരോ നാട്ടുകാരോ അല്ലെങ്കില്‍ നായകന് വേണ്ടപ്പെട്ടവരോ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ നായകന്‍ കൃത്യസമയത്ത് എത്തി മാസ് ഡയലോഗും ഫൈറ്റും നടത്തുന്നത് കാപ്പയിലും ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്.

ഇത്തരം രംഗങ്ങള്‍ക്ക് ഒരു പാറ്റേണ്‍ ഉണ്ടാകും. നായകന്റെ ആളുകളും വില്ലന്റെ ആളുകളും തമ്മില്‍ ഒരു പ്രശ്‌നത്തിന്റെ പേരില്‍ വാക്കുതര്‍ക്കമുണ്ടാകുന്നു. നായകന്റെ ആളുകള്‍ക്ക് വില്ലനില്‍ നിന്നോ വില്ലന്റെ ആളുകളില്‍ നിന്നോ അടികിട്ടുന്നു. ഇവര്‍ നിസഹായരായി നില്‍ക്കുമ്പോള്‍ നായകന്റെ എന്‍ട്രി. ശേഷം നാല് മാസ് ഡയലോഗടിക്കുന്നു. ഇതിനിടക്ക് വില്ലന്മാരില്‍ ഒരാള്‍ നായകനൊപ്പമുള്ളയാളെ തല്ലുന്നു. പകരം നായകന്‍ വില്ലന്റെ ഗ്യാങ്ങിനെ മുഴുവന്‍ തല്ലിയൊതുക്കുന്നു, പ്രശ്‌നമവസാനിപ്പിക്കുന്നു. കാപ്പയില്‍ മണ്ണെടുക്കുന്ന സീന്‍ അത്തരത്തിലൊന്നാണ്. നരസിംഹത്തിലെ തന്നെ കനകയെ വീട്ടില്‍ നിന്നും വില്ലന്മാര്‍ ഇറക്കിവിടുമ്പോഴുള്ള മോഹന്‍ലാലിന്റെ എന്‍ട്രിയുടെ ആവര്‍ത്തനം തന്നെയായാണ് ഈ രംഗം അനുഭവപ്പെടുന്നത്.

കൊട്ടമധുവായി പൃഥ്വിരാജിന്റെ പ്രകടനം മികച്ചതായിരുന്നു. രണ്ട് ഗെറ്റപ്പുകളായിരുന്നു ചിത്രത്തില്‍ പൃഥ്വിരാജിന് ഉണ്ടായിരുന്നത്, മധുവിന്റെ ഭൂതകാലവും വര്‍ത്തമാനവും.

തന്നെ ജീവന് തുല്യം സ്‌നേഹിക്കുന്ന കുടുംബം, എന്തിനും തയാറായി നില്‍ക്കുന്ന ഗുണ്ടാസംഘം, രാഷ്ട്രീയ പാര്‍ട്ടികളിലും പൊലീസ് കേന്ദ്രങ്ങളിലേയും പിടിപാട്, ഇത്രയൊക്കെ ഉണ്ടായിട്ടും മധു സന്തോഷവാനല്ല. ഭൂതകാലത്തിലെ പല പിഴവുകളും അയാളെ വേട്ടയാടുന്നു. ചോരയുടെ മണമുള്ള ജീവിതം അയാള്‍ക്ക് മടുത്തുതുടങ്ങി. ആ മാനസിക പ്രതിസന്ധിയും ആശങ്കയും മറച്ചാണ് അയാള്‍ ജീവിക്കുന്നത്. മധു അനുഭവിക്കുന്ന ഈ സങ്കീര്‍ണാവസ്ഥയും പൃഥ്വിരാജ് മനോഹരമായി തന്നെ പ്രതിഫലിപ്പിച്ചിട്ടുണ്ട്.

Content Highlight: portrayal of goonda gang in kaapa movie

We use cookies to give you the best possible experience. Learn more