| Tuesday, 24th May 2022, 4:45 pm

ത്രില്ലടിപ്പിക്കാന്‍ 'അവിഹിതം' മസ്റ്റ് ആണോ: 'അവിഹിതം' ആവര്‍ത്തിക്കുന്ന ട്വല്‍ത്ത് മാനും സി.ബി.ഐ 5ഉം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിവാഹേതര ബന്ധങ്ങള്‍ കുറ്റകരമാണെന്നും ഒരാളെ കൊലപ്പെടുത്താന്‍ വരെ ഇത് കാരണമാണെന്നും പറഞ്ഞുവെക്കുന്ന നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്.

മലയാള സിനിമ കാലങ്ങളായി ഉപയോഗിക്കുന്ന ഈ പ്രമേയത്തില്‍ ഇപ്പോഴും ചിത്രങ്ങള്‍ വരുന്നു എന്നത് നിരാശപ്പെടുത്തുന്നുണ്ടെന്ന വിമര്‍ശനം ഉയരുകയാണ്.

മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ പോലും കാണിക്കുന്ന ഈ ‘അവിഹിത’ പ്ലോട്ടാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായ ട്വല്‍ത്ത് മാന്‍ മേയ് 20നാണ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ റീലീസ് ചെയ്തത്. ചിത്രത്തിന് മികച്ച അഭിപ്രായങ്ങള്‍ വരുമ്പോഴും ചിത്രത്തിലെ ‘അവിഹിതത്തിന്റെ’ ഡോസ് വളരെ കൂടുതല്‍ ആണെന്ന വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

മെയിന്‍ പ്ലോട്ടുമായി ബന്ധപ്പെടുത്തി സിനിമയിലെ ചില സ്ത്രീ കഥാപാത്രങ്ങള്‍ക്കെങ്കിലും ‘അവിഹിതം’ ആരോപിക്കുന്നുണ്ട്. ‘അവിഹിതം’ തന്നെയാണ് ട്വല്‍ത്ത് മാനിലെ കഥാതന്തു എന്ന് പറയാം.

സമൂഹത്തിന്റെ പഴഞ്ചന്‍ ചട്ടക്കൂടുകള്‍ക്ക് ഉള്ളില്‍ നിന്ന് കൊണ്ടാണ് ഇത്തരം ബന്ധങ്ങളെ സിനിമയില്‍ ഇന്നും അവതരിപ്പിക്കുന്നതെന്നും കോടതി പോലും ഇത്തരം ബന്ധങ്ങള്‍ക്ക് നിയമപ്രശ്‌നങ്ങള്‍ ഇല്ല എന്ന് ആവര്‍ത്തിക്കുമ്പോഴാണ് ഇത്തരം പ്രമേയങ്ങള്‍ വീണ്ടും ഉണ്ടാകുന്നതെന്നും ചിലര്‍ പറയുന്നു. പലപ്പോഴും ചിത്രത്തില്‍ ആവര്‍ത്തിച്ചു പലരിലും അവിഹിതം ആരോപിക്കുന്നത് അരോചകമായി മാറുന്നുണ്ടെന്നും വിമര്‍ശനമുണ്ട്.

അതുപോലെ മമ്മൂട്ടിയുടെ അവസാനം പുറത്തിങ്ങിയ സി.ബി.ഐ 5 ലും വിവാഹേതര ബന്ധത്തെ തൊട്ടുതലോടി പോകുന്നുണ്ടെന്നും വിമര്‍ശനമുണ്ട്. സി.ബി.ഐ സീരിസുകളില്‍ വന്ന മിക്ക ചിത്രങ്ങളിലും വിവാഹേതര ബന്ധങ്ങള്‍ തന്നെയാണ് വില്ലനായി കടന്നു വന്നിട്ടുള്ളത്.

1988 ലാണ് എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി കെ.മധു സി.ബി.ഐ സീരിസുകള്‍ക്ക് തുടക്കം ഇടുന്നത്. ‘ഒരു സി.ബി.ഐ ഡയറി കുറിപ്പ്’ എന്ന് പേരിട്ട ചിത്രം ആ വര്‍ഷം ഫെബ്രുവരി 11 നാണ് റീലീസ് ചെയ്തത്. ഓമന എന്ന കഥാപാത്രത്തിന്റെ മരണത്തെ തുടര്‍ന്നുണ്ടാകുന്ന സംഭവ വികസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

1989ലാണ് എസ്.എന്‍.സ്വാമിയുടെ തന്നെ തിരക്കഥയില്‍ മധുവിന്റെ സംവിധാനത്തില്‍ ജാഗത്ര പുറത്ത് വന്നത്. വില്ലന്റെ മറ്റൊരു ബന്ധത്തില്‍ ഉണ്ടായ മകളാണ് നായിക. തന്റെ മകനെ ഈ മകള്‍ വിവാഹം കഴിക്കുമെന്ന ഘട്ടത്തില്‍ നായികയെ അച്ഛനായ വില്ലന്‍ കൊലപ്പെടുത്തുന്നതാണ് പ്രമേയം. വിവാഹേതര ബന്ധത്തിന്റെ നിഴലുകളാണ് ഈ ചിത്രത്തിലും കാണാന്‍ കഴിയുന്നത്.

പിന്നീട് വന്ന സി.ബി.ഐ സീരീസിലെ 2 ചിത്രങ്ങളിലും വിവാഹേതര ബന്ധങ്ങള്‍ കാണിക്കുന്നുണ്ട്. സി.ബി.ഐ 5ല്‍ ആശ ശരത്ത് അവതരിപ്പിച്ച പ്രതിഭ സത്യദാസ് എന്ന കഥാപാത്രത്തിലൂടെയാണ് എസ്.എന്‍. സ്വാമി ‘അവിഹിത’ത്തിന്റെ കഥ പറയുന്നത്.

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇറങ്ങിയ സി.ബി.ഐ ചിത്രങ്ങളില്‍ പരീക്ഷിച്ച് പഴകിയ ഇതേ ‘ അവിഹിത’ പ്ലോട്ട് തന്നെ 2022 ലും ആവര്‍ത്തിക്കുന്നത് സമൂഹത്തെ പുറകോട്ടടിക്കുന്നതാണെന്ന വിമര്‍ശമാണ് ഉയരുന്നത്.

വിവാഹേതര ബന്ധങ്ങള്‍ പ്രമേയമാകുന്ന സിനിമകളെ കുറിച്ച് പറയുമ്പോള്‍ ഒഴിച്ചുകൂടാന്‍ സാധിക്കാത്ത ഒരു ചിത്രമാണ് 1983 ല്‍ കെ.ജി ജോര്‍ജിന്റെ സംവിധാനത്തില്‍ പുറത്തു വന്ന ആദാമിന്റെ വാരിയെല്ല്.

വിവാഹേതര ബന്ധങ്ങള്‍ എങ്ങനെ ഉണ്ടാകുന്നു എന്നതിന് കൃത്യമായ മറുപടി ഈ ചിത്രം നല്‍കുന്നുണ്ട്. വളരെ ആഴത്തിലുള്ള സ്ത്രീ കഥാപാത്രങ്ങളെ, കൃത്യമായി അടയാളപ്പെടുത്താനും വിവാഹേതര ബന്ധങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്താണെന്ന ഒരു നേര്‍ചിത്രം അന്നേ പ്രേക്ഷകര്‍ക്ക് നല്‍കാനും കെ.ജി ജോര്‍ജിന് സാധിച്ചിരുന്നു.

Content Highlight: portrayal of extra marital affairs in malayalam movies 12th Man and CBI 5

We use cookies to give you the best possible experience. Learn more