| Thursday, 13th July 2023, 8:47 pm

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ജാതി, പ്രണയം, വിവാഹം; സിനിമയും യാഥാര്‍ത്ഥ്യവും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രണയവും ഒളിച്ചോട്ടവും പ്രധാന പ്രമേയങ്ങളാക്കിയാണ് അരുണ്‍ ഡി. ജോസ് തന്റെ രണ്ടാമത്തെ ചിത്രമായ 18 പ്ലസ് അണിയിച്ചൊരുക്കിയിരിക്കുന്നത്. കോമഡി എന്റര്‍ടെയ്ന്‍മെന്റ് മോഡില്‍ പോകുന്ന ചിത്രം ക്ലൈമാക്‌സില്‍ വളരെ സീരിയസായ ജാതി രാഷ്ട്രീയത്തേയും പറ്റി സംസാരിക്കുന്നുണ്ട്.

Spoile Alert

കണ്ണൂര്‍ പശ്ചാത്തലത്തിലാണ് 18 പ്ലസിന്റെ കഥ പറയുന്നത്. അതുകൊണ്ട് തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പശ്ചാത്തലവും മെയ്ന്‍ പ്ലോട്ടായി വരുന്നുണ്ട്. കണ്ണൂര്‍ പാര്‍ട്ടി ഗ്രാമങ്ങളെ കേന്ദ്രീകരിച്ച് നിരവധി സിനിമകള്‍ മലയാളത്തില്‍ വന്നിട്ടുണ്ട്. 18 പ്ലസിലേക്ക് വരുമ്പോള്‍ ജാതി, പ്രണയം, വിവാഹം എന്നിവയെ പാര്‍ട്ടി എങ്ങനെ സമീപിക്കുന്നു എന്നാണ് കാണിക്കുന്നത്.

നായകനായ അഖിലും നായികയായ ആതിരയും ബാലസംഘം മുതല്‍ തന്നെ പ്രണയത്തിലാണ്. വീട്ടുകാര്‍ എതിര്‍ക്കുമ്പോഴും പാര്‍ട്ടിയോട് സഹായം തേടുന്നതില്‍ നിന്നും അവരെ പിന്തിരിപ്പിക്കുന്നത് നായികയുടെ അച്ഛന്‍ പാര്‍ട്ടിയിലെ നേതാവാണ് എന്നതാണ്.

ഇരുവരും രണ്ട് ജാതിയായതാണ് വീട്ടുകാരുടെ എതിര്‍പ്പിന് കാരണം. വേദികളില്‍ ഘോര ഘോരം ആദര്‍ശം പ്രസംഗിക്കുന്ന നേതാവിന്, വീട്ടിലേക്ക് ഒരു അന്യജാതിക്കാരന്‍ വിവാഹാലോചനയുമായി വരുമ്പോള്‍ ജാതിചിന്ത കയറുന്നത് വല്ലാത്തൊരു വൈരുധ്യമാണ്. പാര്‍ട്ടിയുടെ അനിഷേധ്യ നേതാവ് എന്നത് അയാള്‍ക്കപ്പോള്‍ ഒരു മുഖംമൂടി മാത്രമാവുന്നു. യഥാര്‍ത്ഥ ജീവിതത്തിലും ഇത്തരക്കാരെ കാണാനാവും.

വ്യക്തികളില്‍ വൈരുദ്ധ്യമുണ്ടെങ്കിലും തിരുത്തല്‍ ശക്തിയായി പാര്‍ട്ടി ഇടപെടലുണ്ടാവുന്നതും ചിത്രത്തില്‍ കാണാനാവും. നായികയുടെ സഹോദരനെ നായകന് പേടിയില്ലാതാവുന്നത് അയാള്‍ക്ക് പിന്നില്‍ പാര്‍ട്ടിയില്ല എന്ന ഉറപ്പുണ്ടാവുമ്പോഴാണ്. ആ ധൈര്യത്തില്‍ നില്‍ക്കുന്ന നായകന് പിന്നില്‍ പാറുന്ന ചുവന്ന കൊടിയുടെ ഫ്രെയ്മും പാര്‍ട്ടി ഇനി അവനൊപ്പമാണെന്ന ഉറപ്പാണ് നല്‍കുന്നത്.

നായകന്‍ ഒറ്റുകൊടുക്കപ്പെടുമ്പോഴും പൊലീസില്‍ നിന്നും രക്ഷപ്പെടുത്തുന്ന പാര്‍ട്ടിയേയും ഒപ്പം എല്ലാ സഖാക്കന്മാരും ഒരുപോലെയല്ലെന്നുമുള്ള ചിത്രങ്ങളും സിനിമ മുന്നോട്ട് വെക്കുന്നുണ്ട്. ഇവിടെ ഹീറോയിസമാണ് സംവിധായകന്‍ ഉദ്ദേശിക്കുന്നതെങ്കിലും കണ്ണൂരില്‍ പാര്‍ട്ടി നേതാക്കന്മാര്‍ നിയന്ത്രിക്കുന്ന പൊലീസ് സംവിധാനത്തിന്റെ കാഴ്ച കൂടി കടന്നുവരുന്നുണ്ട്. വ്യക്തികളില്‍ പ്രശ്‌നമുണ്ടെങ്കിലും മുന്നോട്ട് വെക്കുന്ന ആദര്‍ശം പാര്‍ട്ടി പിന്തുടരുമെന്നാണ് സിനിമ പറയുന്നത്.

ജാതിക്കും മതത്തിനുമതീതമായി വിവാഹ പ്രശ്‌നങ്ങളില്‍ പാര്‍ട്ടി ഇടപെടുന്നതും അത് നടത്തികൊടുക്കാന്‍ മുന്‍കയ്യെടുക്കുന്നതും നിത്യജീവിതത്തില്‍ കാണാറുള്ളതാണ്. സമൂഹത്തില്‍ ജാതി ചിന്ത കുറക്കാനുള്ള ഒരു വഴി മിശ്രവിവാഹങ്ങള്‍ തന്നെയാണ്. ജാതിക്കതീതമായ സമൂഹത്തിലേക്കുള്ള സംവിധായകന്റെ പ്രതീക്ഷയാവാം സിനിമ.

ജാതിയിലെ പ്രത്യേകതകള്‍ ഡി.എന്‍.എയിലുള്ളതാണെന്ന് വിശ്വസിക്കുന്ന മുതിര്‍ന്ന തലമുറയെ അത് അങ്ങനെയല്ല എന്ന ഉറച്ച വാക്കില്‍ തിരുത്തുന്നതും ഒരു കൗമാരക്കാരിയാണ് എന്നത് ചിത്രം പങ്കുവെക്കുന്ന പ്രതീക്ഷയാണ്.

Content Highlight: portrayal of communist party in 18 plus movie

We use cookies to give you the best possible experience. Learn more