മെയ്ല്‍ ഈഗോയെ കേന്ദ്രീകരിച്ച് മുമ്പ് നിരവധി സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും അവയെല്ലാം ഒന്നെങ്കില്‍ അതിനെ എക്‌സ്‌പോഷര്‍ ചെയ്യുന്നതും അല്ലെങ്കില്‍ മഹത്വവല്‍ക്കരിക്കുന്നതോ ആുയിരുന്നു. എന്നാല്‍ ഈ മെയ്ല്‍ ഈഗോ ഒരു ഊതിവീര്‍പ്പിച്ച ബലൂണാണെന്നും പട്ടി ഷോ ആണെന്നും പറഞ്ഞുവെക്കുന്നതാണ് പ്രശോഭ് വിജയന്റെ സംവിധാനത്തിലൊരുങ്ങിയ അടി.
ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ, ധ്രുവന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷൈന്‍ ടോമിന്റെ സജീവ് നായരും ധ്രുവന്‍ വെള്ളപട്ടരെന്ന ജോബി വര്‍ഗീസും മെയ്ല്‍ ഈഗോയുടെ പുറത്ത് പെട്ടെന്ന് പൊട്ടിത്തെറിക്കുന്നവരും പ്രതികാരം ചെയ്യുന്നവരുമാണ്. ഇവര്‍ക്കിടയില്‍ അഹാനയുടെ ഗീതികയാണ് സെന്‍സിബിളായി ചിന്തിക്കുന്ന ഒരു കഥാപാത്രം.
ജാതിയിലും മതത്തിലും സാമൂഹിക ചുറ്റുപാടിലും സാമ്പത്തിക സ്ഥിതിയിലും വളരെ വ്യത്യസ്തരായ രണ്ട് വ്യക്തികാളാണ് സജീവും ജോബിയും. സജീവ് സവര്‍ണ ജാതിയില്‍ ജനിച്ച പ്രിവിലേജുകളുള്ള ചുറ്റുപാടില്‍ നിന്നും വരുമ്പോള്‍ ജോബി കോളനിയില്‍ താമസിക്കുന്ന സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന യുവാവാണ്.
സജീവിന്റെ മെയ്ല്‍ ഈഗോ വളരെ നോര്‍മലും ഏത് ആണ്‍ബോധത്തില്‍ നിന്നും ചിന്തിക്കാവുന്നതുമായാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ജോബിയും കൂട്ടുകാരനായ കുഞ്ഞാവയും അല്പം എക്‌സെന്‍ഡ്രിക്കായാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് അക്രമണോത്സുകത കൂടുതലാണ്.
സാമൂഹിക ശ്രേണിയില്‍ ഇന്നും പിറകില്‍ നില്‍ക്കുന്ന അണ്‍പ്രിവിലേജ്ഡായ കോളനിവാസികളെ സമൂഹത്തിന്റെ പൊതുബോധ്യങ്ങളോട് ഒത്തുപോരുന്ന നിലയില്‍ സിനിമ പോലെയൊരു പോപ്പുലര്‍ മീഡിയയില്‍ ഇനിയും അവതരിപ്പിക്കണോ എന്ന് സംവിധായകനും തിരക്കഥാകൃത്തുമാണ് ചിന്തിക്കേണ്ടത്. സോഷ്യല്‍ മീഡിയയിലെ കോളനിവിളികളേയും പരിഹാസങ്ങളേയും ശരി വെക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയി ഈ കഥാപാത്ര നിര്‍മിതി. സജീവ് നായരെ പോലെ ജോബിയേയും കുഞ്ഞാവയേയും നോര്‍മലാക്കാമായിരുന്നു.
കോളനി വാസിയുടെ കയ്യില്‍ നിന്നും അടി വാങ്ങുമ്പോള്‍ സജീവിന്റെ സവര്‍ണ ജാതി ബോധം കൂടെ ഉണരേണ്ടതാണ്. എന്നാല്‍ അത് അത്ര വലിയ രീതിയില്‍ കാണിക്കുന്നുമില്ല. ജാതി മത ഭേദങ്ങള്‍ക്കപ്പുറമാണ് മെയ്ല്‍ ഈഗോയെന്ന് കാണിക്കുന്നതിന് വേണ്ടിയാവും ഇങ്ങനെയൊരു അപ്രോച്ച് സ്വീകരിച്ചത്.
Content Highlight: portrayal of colony people in adi movie