കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഉന്നത ജാതി; പ്രസംഗത്തിലെ ആദര്‍ശം വീട്ടിലെത്തുമ്പോള്‍
കഴിഞ്ഞ ജൂലൈ ഏഴിനാണ് ആരുണ്‍ ഡി. ജോസിന്റെ സംവിധാനത്തില്‍ 18 പ്ലസ് എന്ന സിനിമ റിലീസ് ചെയ്തത്. നസ്‌ലന്‍ ആദ്യമായി നായകനാവുന്നു എന്ന നിലയ്ക്ക് ചിത്രം ശ്രദ്ധ നേടിയിരുന്നു. മീനാക്ഷി ദിനേശ്, മാത്യു തോമസ്, സഫ്‌വാന്‍, അന്‍ഷദ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം സോണി ലിവില്‍ റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍.
ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രം വീണ്ടും ചര്‍ച്ചയാവുന്നത് അത് കൈകാര്യം ചെയ്യുന്ന വിഷയം കൊണ്ടുതന്നെയാണ്. കൗമാര പ്രായത്തിലെ കല്യാണവും ഒളിച്ചോട്ടവും പറയുന്ന ഒരു കോമഡി എന്റര്‍ടെയ്നര്‍ ചിത്രമെന്ന നിലക്കാണ് 18 പ്ലസിനെ പ്രേക്ഷകര്‍ വിലയിരുത്തിയത്. എന്നാല്‍ പ്രണയത്തിലാകുന്ന രണ്ട് മനസുകള്‍ക്കുമപ്പുറം സമൂഹവും വീട്ടുകാരും അതിനിടക്ക് കാണുന്ന ചില സംഗതികള്‍ കൂടി ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്.
അരുണ്‍ ഡി. ജോസിന്റെ സംവിധാനത്തില്‍ പുറത്തുവന്ന ആദ്യചിത്രമായ ജോ ആന്‍ഡ് ജോയില്‍ വീട്ടില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന വിവേചനങ്ങളും ലിമിറ്റഡായ സ്വാതന്ത്ര്യ പ്രശ്നങ്ങളും കോമഡി ട്രാക്കില്‍ പറഞ്ഞുവെച്ചിരുന്നു. 18 പ്ലസില്‍ പ്രണയത്തിനപ്പുറത്തുള്ള ജാതി വിവേചനങ്ങളാണ് അത്തരത്തില്‍ സംസാരിച്ചത്.
മുന്നില്‍ കൊടിയും പിടിച്ച് സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നു എന്ന് നടിക്കുന്നവര്‍ക്കിടയിലുള്ള ജാതിചിന്തയും 18 പ്ലസില്‍ പറയുന്നുണ്ട്. വേദികളില്‍ ഇടതുപക്ഷ ആശയങ്ങളെ മുറുകെ പിടിക്കുന്ന, പ്രസംഗത്തില്‍ ആദര്‍ശം നിറക്കുന്ന പാര്‍ട്ടി നേതാക്കന്മാര്‍ വീട്ടുപടി കടന്നൊരു കീഴ്ജാതിക്കാരന്‍ വന്നാല്‍ ചാരു കസേരയില്‍ കാല്‍ നീട്ടിയിരിക്കുന്ന ജന്മിത്വത്തിലേക്ക് താഴുന്നതും ചിത്രത്തില്‍ കാണാം. തുല്യതയെന്ന ആദര്‍ശങ്ങള്‍ക്ക് പകരം വര്‍ണ വര്‍ഗ ചിന്താഗതി തലയില്‍ കയറും. ഇതിന് പ്രായഭേദമില്ല. തലമുറ- തലമുറയായി ഈ ജാതി ചിന്ത കൈമാറുന്നതും കാണാം.
ജാതിയിലെ പ്രത്യേകതകള്‍ ഡി.എന്‍.എയിലുള്ളതാണെന്ന് വിശ്വസിക്കുന്ന മുതിര്‍ന്ന തലമുറയെ അത് അങ്ങനെയല്ല എന്ന ഉറച്ച വാക്കില്‍ തിരുത്തുന്നതും ഒരു കൗമാരക്കാരിയാണ് എന്നത് ചിത്രം പങ്കുവെക്കുന്ന പ്രതീക്ഷയാണ്.
ഇടതുപക്ഷ പാര്‍ട്ടിയിലെ നേതാക്കള്‍ക്കിടയില്‍ തന്നെയുള്ള ഇത്തരം വൈരുധ്യങ്ങളെ തുറന്നുകാണിക്കുമ്പോള്‍ തന്നെ അതിന് കൂട്ടുനില്‍ക്കാത്ത പാര്‍ട്ടിയേയും അരുണ്‍ ഡി. ജോസ് ചിത്രീകരിക്കുന്നുണ്ട്.
കല്യാണവും ഒളിച്ചോട്ടവുമായി എന്റര്‍ടെയ്ന്‍മെന്റ് മോഡില്‍ പോകുന്ന സിനിമ ഗൗരവ സ്വഭാവം കൈകൊള്ളുന്നത് ക്ലൈമാക്സിലാണ്. അതുവരെയുണ്ടായിരുന്ന പേസ് വിട്ടുപോവുന്നു എന്ന് തോന്നിയ ചിത്രത്തെ ഉയര്‍ത്തിയതും ഈ ഘടകം തന്നെ. മനോജ് കെ. യുവിന്റെയും മീനാക്ഷിയുടേയും പെര്‍ഫോമന്‍സ് ഈ ക്ലൈമാക്സ് പോഷനെ കൂടുതല്‍ തീവ്രമാക്കുന്നുണ്ട്.
യുക്തിവാദം പറഞ്ഞ് രഹസ്യമായി അമ്പലത്തില്‍ പോകുന്ന കമ്മ്യൂണിസ്റ്റുകാരെ പണ്ട് മുതല്‍ തന്നെ മലയാള സിനിമയില്‍ കണ്ടിട്ടുണ്ട്. 18 പ്ലസിലും അങ്ങനെ ഒരു രംഗം സംവിധായകന്‍ രസകരമായി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
സമീപകാലത്ത് പുറത്ത് വന്ന ഒട്ടുമിക്ക ചിത്രങ്ങളിലും മലയാളിയിലെ ജാതി ചിന്തകളെ അഡ്രസ് ചെയ്തിരുന്നു. കഴിഞ്ഞ വാരം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ മധുര മനോഹര മോഹം ജാതി മേല്‍ക്കോയ്മകളെ പരിഹസിച്ചപ്പോള്‍ അതിനുമുമ്പുള്ള വാരം പുറത്തുവന്ന ഒ. ബേബി മേലാളന്‍ കീഴാളന് മേലെ പ്രയോഗിക്കുന്ന അനീതികള്‍ക്കെതിരായ അതിജീവനത്തെയാണ് ചിത്രീകരിച്ചത്. ഇന്ത്യന്‍ ഇന്‍ഡസ്ട്രി നാളെ ചിന്തിക്കുന്നത് മലയാള സിനിമ ഇന്നേ ചിന്തിക്കുമെന്നും ആ മാറ്റത്തിനായി മുന്നേ നടക്കുമെന്നും പറയാറുണ്ട്. ഈ പുതിയ മാറ്റവും അതിലേക്കുള്ള പുതിയ പടിയാവട്ടെ.
Content Highlight: Portrayal of cast in commusnist party in 18 plus movie