അനൂപ് മേനോൻ സംവിധാനം ചെയ്ത പത്മ സിനിമ തിയേറ്ററുകളിൽ റിലീസായിരിക്കുകയാണ്. ഈ ചിത്രത്തിൽ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച രീതി 90കളിൽ പുറത്തിറങ്ങിയ പല സിനിമകളെയും പിൻപറ്റിക്കൊണ്ടാണ്. ആദ്യകാലത്തിറങ്ങുന്ന സിനിമകളിൽ സ്ലീവ്‌ലെസ് ഇടുന്ന, ബ്യൂട്ടി കോൺഷ്യസ് ആയ, പെൺ സുഹൃത്തുക്കളുള്ള സ്ത്രീകളെ മോശക്കാരികളായാണ് ചിത്രീകരിച്ചിരുന്നത്.
പരിഷ്‌കാരം തലക്ക് പിടിച്ച അഹങ്കാരികളായാണ് അവരെ പല സിനിമാക്കാരും അവതരിപ്പിച്ചിരുന്നത്. അവരെല്ലാം തന്നെ കൂട്ടം ചേരുന്നത് മറ്റുള്ളവരെ കുറിച്ച് പരദൂഷണം പറയാനാണെന്നും കാണിക്കാറുണ്ടായിരുന്നു. സിനിമകളിലെ ഇത്തരം സീനുകൾക്ക് വലിയ കയ്യടികളും പൊട്ടിച്ചിരിയും ലഭിച്ചിരുന്ന ഒരു കാലം മലയാള സിനിമയിലുണ്ടായിരുന്നു.
ഇപ്പോൾ 2022ൽ പുറത്തിറങ്ങിയ പത്മയിലാണെങ്കിലും വലിയ മാറ്റങ്ങളൊന്നും കാണാൻ പറ്റില്ല. ചിത്രത്തിൽ നാട്ടിൻ പുറത്ത് നിന്നും നഗരത്തിലേക്കെത്തുന്ന നായികക്ക് അവിടുത്തെ ചുറ്റുപാടുകളുമായി ഒത്തുപോവാൻ നല്ല ബുദ്ധിമുട്ടുണ്ട്. സുരഭി ലക്ഷ്മി ചെയ്ത പത്മയെന്ന ഈ കഥാപാത്രത്തിന്റെ സുഹൃത്തുക്കളെയാണ് ഇത്തരത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.
ചെല്ലാനം ബീച്ച് വൃത്തിയാക്കാൻ പോകുമ്പോൾ ഡ്രസ്സ് ഡിസൈൻ ചെയ്യിക്കുന്നവർ, ഒരാളില്ലാത്തപ്പോൾ അയാളുടെ കുറ്റങ്ങൾ മറ്റൊരാളോട് പറയുന്നവർ എന്നിങ്ങനെയാണ് പത്മയിലെ സ്ത്രീകളുടെ ക്യാരക്ടർ അവതരിപ്പിച്ചിരിക്കുന്നത്.
അവർ ഒന്നിച്ചുകൂടുമ്പോൾ മറ്റുള്ളവരുടെ പേഴ്‌സണൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നവരാണ്. പത്മയുടെ ഭർത്താവ് രവി ശങ്കർ സൈക്കോളജിസ്റ്റിനെ കാണാൻ പോയത് പത്മയുടെ സുഹൃത്ത് അവളെ വിളിച്ചുപറയുന്ന ഒരു സീനുണ്ട്. തൊട്ടടുത്ത നിമിഷം ആ സുഹൃത്ത് മറ്റൊരാളെ വിളിച്ച് വലിയ സന്തോഷത്തിൽ ഈ കാര്യം പറയുന്നു. സ്ത്രീകൾ പരദൂഷണക്കാരാണെന്ന ഒരു ഇമേജ് ഈ സീനിലൂടെ ചിത്രത്തിൽ ഉണ്ടാക്കിയെടുക്കുന്നുണ്ട്.
അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ നിര്‍മിച്ച പത്മയില്‍ ശങ്കര്‍ രാമകൃഷ്ണന്‍, സുരഭി ലക്ഷ്മി, അന്‍വര്‍ ഷെരീഫ്, അംബി, മെറീന മൈക്കിള്‍, മാലാ പാര്‍വതി, ശ്രുതി രജനികാന്ത്, എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൂടാതെ ഇരുപതോളം പുതുമുഖങ്ങളുമുണ്ട്. അനൂപ് മേനോന്‍, ഡോക്ടര്‍ സുകേഷ് എന്നിവരുടെ വരികള്‍ക്ക് നിനോയ് വര്‍ഗീസ് സംഗീതം പകർന്നത്.
Content Highlight: Portrait of female characters in Padma movie starring Surabhi Lakshmi and Anoop Menon